കാലിഫോര്‍ണിയ: 'ജീവിതത്തില്‍ അപൂര്‍വ്വമായി മാത്രം ലഭിക്കുന്നത്' എന്ന മുഖവുരയോടെയാണ് ചെയ്സ് ഡെക്കര്‍ എന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ആ ചിത്രം പങ്കുവച്ചത്. കടലിന് നടുവില്‍ കൂറ്റന്‍ തിമിംഗലത്തിന്‍റെ വായില്‍ അകപ്പെട്ട കടല്‍ സിംഹത്തിന്‍റെ ചിത്രമാണ് ഒരു മറൈന്‍ ബയോളജിസ്റ്റുകൂടിയായ ഡെക്കെര്‍ പങ്കുവച്ചത്. 

'' ഞാന്‍ പല ആപൂര്‍വ്വ ചിത്രങ്ങളുമെടുത്തിട്ടുണ്ട്. എന്നാല്‍ ഇത് ആദ്യമാണ് '' - 27കാരനയാ ഡെക്കെര്‍ പറഞ്ഞു. കാലിഫോര്‍ണിയയിലാണ് സംഭവം. 

ജൂലൈ 22 ന് തിമിംഗലത്തെ നിരീക്ഷിക്കുന്ന ബോട്ടില്‍ യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ്  ഒരു കൂട്ടം തിമിംഗലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.  ആ സമയത്തുതന്നെ ഒരു കടല്‍ സിംഹം തിമിംഗലത്തിന്‍റെ വായില്‍പ്പെട്ടു.  ''ഒന്നും നോക്കിയില്ല, ക്യാമറയെടുത്ത് അപ്പോള്‍ തന്നെ പടപടാ ചിത്രമെടുത്തു'' - ഡെക്കെര്‍ കൂട്ടിച്ചേര്‍ത്തു.