എന്തിനും ഏതിനും ആപ്പുകളെ ആശ്രയിക്കുന്ന ലോകത്താണ്  നാം ജീവിക്കുന്നത്. എന്നാല്‍ ഇത്തരം ആപ്പുകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. ആപ്പുകള്‍ വഴി നിങ്ങള്‍ അവസാനമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് എന്നുപോലും ചോര്‍ത്തുമെന്നാണ് പുതിയ കണ്ടെത്തല്‍. 

ആര്‍ത്തവം കണക്കാക്കുന്നതും അണ്ഡോല്‍പ്പാദനം എപ്പോള്‍ നടക്കുമെന്ന് അറിയാനും സഹായിക്കുന്ന ആപ്പുകള്‍ക്ക്  നല്ല പ്രചാരമാണ്. ഇത്തരം പീരീഡ്‌ ട്രാക്കിങ് ആപ്പുകള്‍ ആളുകളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുന്നുണ്ട് എന്നാണ് യുകെ ആസ്ഥാനമായുളള ഒരു കമ്പനി കണ്ടെത്തിയിരിക്കുന്നത്. എന്ത് ഗര്‍ഭനിരോധനമാര്‍ഗമാണ് നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്, എപ്പോഴാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്, ആരോഗ്യവിവരങ്ങള്‍ തുടങ്ങിയവയാണ് ചോര്‍ത്തുന്നത്‌ എന്നാണ് ആരോപണം.

ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രൈവസി ഇന്‍റര്‍നാഷണല്‍ എന്ന സ്ഥാപനമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. 'Maya', 'MIA Fem' എന്നീ ആപ്പുകളാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറുന്നതെന്നാണ് വിവരം. സോഫ്റ്റ്‌വെയര്‍ ഡവലപ്പ്മെന്‍റ് കിറ്റ്‌ വഴിയാണ് ഈ കൈമാറ്റം. വെബ്സൈറ്റുകള്‍ക്ക് ടാര്‍ഗറ്റ് ഓഡിയന്‍സിലേക്ക് കൂടുതല്‍ പരസ്യം എത്തിക്കാനാണ് ഈ വിവരങ്ങള്‍ ഫേസ്ബുക്ക്  ഉപയോഗിക്കുന്നത്.

തങ്ങള്‍ക്ക് വിവിധ ആപ്ലിക്കേഷനുകളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഫേസ്ബുക്കും സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഈ വിവരങ്ങള്‍ പരസ്യദാതാക്കള്‍ക്ക് കൈമാറില്ലെന്നാണ് ഫേസ്ബുക്കിന്‍റെ വാദം. ഉപയോക്താക്കള്‍ മായ, എംഐഎ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന നിമിഷം മുതല്‍ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറ്റം ചെയ്യപ്പെടുന്നു. പ്രൈവസി പോളിസി ഉപയോക്താവ് അംഗീകരിക്കുന്നതിനു മുമ്പു തന്നെ ഈ ഷെയറിങ് നടക്കുന്നതായി പ്രൈവസി ഇന്‍റര്‍നാഷണല്‍ കണ്ടെത്തി. എന്നാല്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്നാണ് ആപ്പ് നിര്‍മിച്ചിരിക്കുന്ന കമ്പനികള്‍ പറയുന്നത്.