പുരാവസ്തു ഗവേഷകരെ സംബന്ധിച്ച് വര്‍ഷങ്ങളോളം പഴക്കമുള്ള പലതും അവരുടെ പഠനത്തിന്റെ വഴിയില്‍ അവര്‍ കണ്ടിരിക്കാം. ഇവയില്‍ പലതും ഇന്നും ശാസ്ത്രത്തിന്റെ യുക്തിക്കും അറിവിനു അപ്പുറമായ നിഗൂഢതകളും പേറുന്നു. 

അത്തരമൊരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം ഇസ്രയേലില്‍ നിന്ന് പുറത്തുവന്നത്. ഇസ്രയേലിലെ യവനില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിവരികയായിരുന്ന പരിശോധനയില്‍ ആയിരം വര്‍ഷത്തോളം പഴക്കം ചെന്ന കോഴിമുട്ട കണ്ടെത്തിയതായാണ് വാര്‍ത്ത. 

'ഇസ്രയേല്‍ ആന്റിക്വിറ്റീസ് അതോറിറ്റി' (ഐഎഎ) നടത്തുന്ന ഉല്‍ഖനനത്തിനിടെയാണ് പുരാതനമായ കോഴിമുട്ട ലഭിച്ചിരിക്കുന്നത്. മുട്ടയുടെ അകത്തെ ഭാഗങ്ങള്‍ മിക്കവാറും കാലിയായിരുന്നു. എന്നാല്‍ ഏതാനും ചില ഭാഗങ്ങള്‍ അവശേഷിക്കുകയും ചെയ്തിരുന്നു. മുട്ടയുടെ 'ഷെല്‍' അഥവാ പുറംഭാഗം കേടുപാടുകള്‍ കൂടാതെ അതേ ഘടനയില്‍ തുടരുന്നു. 

പരിസരപ്രദേശത്ത് നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുരാവസ്തു ഗവേഷകര്‍ ഇവിടെയും ഉല്‍ഖനനം നടത്തിയത്. ഇതിനിടെ പഴയൊരു കക്കൂസ് ടാങ്കിനുള്ളില്‍ നിന്നാണ് കോഴിമുട്ട ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇതിന് ഉദ്ദേശം ആയിരം വര്‍ഷത്തോളം പഴക്കമുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. 

ഐഎഎ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. എന്നാല്‍ എങ്ങനെയാണ് ഇത്രയധികം വര്‍ഷങ്ങള്‍ ഒരു കോഴിമുട്ട സാരമായ കേടുപാടുകള്‍ കൂടാതെ മണ്ണിനടിയില്‍ കിടന്നത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. മുട്ടയുടെ അകക്കാമ്പിന്റെ അവശേഷിപ്പുകള്‍ ഇപ്പോള്‍ ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ലോകത്ത് തന്നെ ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമായേ നടക്കാറുള്ളൂ എന്നും തങ്ങളെ ഏറെ അത്ഭുതപ്പെടുത്തിയ സംഭവമാണിതെന്നും ഗവേഷകര്‍ തന്നെ അഭിപ്രായപ്പെടുന്നു.

Also Read:- ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ വിസർജ്ജ്യം യുകെയിലെ മ്യൂസിയത്തിൽ...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona