ജീവിതത്തിൽ വേണ്ടത്ര സെക്സ് നടക്കുന്നില്ല എന്നും പറഞ്ഞ് ഭാര്യാഭർത്താക്കന്മാർക്കിടയിൽ തുടങ്ങിയ തർക്കം ഒടുവിൽ അവസാനിച്ചത് ഭർത്താവ് തന്റെ ലൈസൻസ്ഡ് റിവോൾവർ എടുത്ത് ഭാര്യയെ വെടിവെച്ച് കൊല്ലുന്നതിൽ. അമേരിക്കയിലെ മിനിയാപൊലിസിൽ ആണ് സംഭവം. ജേസൺ മൈക്കൽ എന്ന 48 കാരനാണ് ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെ തന്റെ ഭാര്യ എയ്ഞ്ചലയെ കഴുത്തിനും വയറിനും കാലിനും വെടിവെച്ച് കൊന്നുകളഞ്ഞത്. അതുകൊണ്ടും അരിശം തീരാതെ, വീട്ടിൽ ഉണ്ടായിരുന്ന വേറെയും തോക്കുകൾ എടുത്ത് പുറത്തിറങ്ങിയ ജേസൺ അയല്പക്കത്തെ വീടിന്റെ മുന്നിൽ നിന്നിരുന്ന മക്കായ്‌ല എന്ന പന്ത്രണ്ടുകാരിയെയും അവളുടെ സഹോദരി കാനിഷയെയും വെടിവെച്ചു വീഴ്ത്തി. തലയ്ക്ക് വെടിയേറ്റ മക്കായ്‌ല അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ് എന്ന് മിനിയാപൊലിസ്  ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.

അവിചാരിതമായി ജേസൺ വെടിയുതിർത്തപ്പോൾ ചേച്ചിയുടെ ഒരു വയസ്സുള്ള കുഞ്ഞിനെ എടുത്തു നിൽക്കുകയായിരുന്ന മക്കായ്‌ല സ്വന്തം ശരീരം കൊണ്ട് ആ കുഞ്ഞിന്റെ മേൽ  വെടിയേൽക്കാതെ തടുക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ കണ്ടത്  രോഷാകുലനായി തുരുതുരാ നാലുപാടും വെടിയുതിർത്ത് വീട്ടിലെ സാധനങ്ങൾ വാരിവലിച്ചിടുന്ന ജേസനെ ആണ്. പൊലീസിന് നേരെയും അയാൾ വെടിയുതിർത്തു എങ്കിലും, താമസിയാതെ അവർ അയാളെ കീഴടക്കി. ആകെ നാൽപതു റൗണ്ടോളം ജേസൺ വെടിയുതിർത്തിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. 

സെക്സിനെച്ചൊല്ലി വീടിന്റെ ഗാരേജിൽ വെച്ച് തുടങ്ങിയ തർക്കം താമസിയാതെ തമ്മിൽതല്ലിലേക്ക് നീങ്ങി എന്നും ഒടുവിൽ അകത്തേക്ക് പോയി തോക്കെടുത്ത് കൊണ്ടുവന്ന ജേസൺ ഭാര്യയെ വെടിവെച്ചിടുകയായിരുന്നു എന്നുമാണ് അയൽക്കാർ സിബിഎസ് ന്യൂസിനോട് വെളിപ്പെടുത്തിയത്.