യഥാര്‍ത്ഥജീവിതത്തെ ആര്‍ട്ടിലേക്ക് കൊണ്ടുവരികയെന്നത് പലപ്പോഴും ആര്‍ട്ടിസ്റ്റുകള്‍ക്ക് വെല്ലുവിളിയാണ്. കാണുന്നവര്‍ക്ക് സ്വന്തം ജീവിതത്തെ വച്ച് അതിനെ ചേര്‍ത്തുവായിക്കാന്‍ കഴിയണം, ഇതാണല്ലോ നേര് എന്ന് തോന്നണം. അതിന് അത്രമാത്രം 'റിയല്‍' ആയി നിമിഷങ്ങളെ പകര്‍ത്താനാകണം. 

എന്നാല്‍ അടുത്തകാലങ്ങളിലായി അത്തരം ആര്‍ട്ടുകള്‍ കാര്യമായ രീതിയില്‍ സ്വീകരിക്കപ്പെടുന്നുണ്ട്. അക്കൂട്ടത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ് ലോസ് ഏഞ്ചല്‍സ് സ്വദേശിയായ അമാൻഡ ഒലാന്‍ഡെര്‍ എന്ന ആര്‍ട്ടിസ്റ്റിന്റെ ഒരുപിടി ചിത്രങ്ങള്‍. 

അടഞ്ഞ വാതിലുകള്‍ക്കപ്പുറത്തെ പ്രണയം ഇങ്ങനെയാണെന്ന അടിക്കുറിപ്പുമായാണ് പലയിടങ്ങളിലും അമാൻഡയുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടത്. സാധാരണവീടുകളില്‍ കാണുന്ന സാഹചര്യങ്ങള്‍, അവയ്ക്കിടയില്‍ ഉണ്ടാകുന്ന പ്രണയത്തിന്റെ നിമിഷങ്ങള്‍, അതിന്റെ മനോഹരമായ പശ്ചാത്തലം എല്ലാം അമാൻഡയുടെ ചിത്രങ്ങളില്‍ സുതാര്യമായി പ്രതിഫലിക്കുന്നു. 

ഒന്നിച്ച് ഭക്ഷണമുണ്ടാക്കുകയും, ഒന്നിച്ച് കുളിക്കുകയും, പരസ്പരം ആശ്വസിപ്പിക്കുകയും, ഒന്നിച്ച് സിനിമ കണ്ട് കരയുകയും, ഒന്നിച്ച് കിടന്നുറങ്ങുകയും ചെയ്യുന്ന അമാൻഡയുടെ ജോഡിയെ ആര്‍ട്ടിനെ ആരാധിക്കുന്നവരെല്ലാം ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. 

സ്വന്തം ജീവിതത്തില്‍ നിന്നും കണ്ടും കേട്ടും പറഞ്ഞുമറിഞ്ഞ പലരുടേ ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത നിമിഷങ്ങളാണ് തന്റെ ചിത്രങ്ങളെന്ന് അമാൻഡ പ്രതികരിച്ചു. 

അമാന്തയുടെ ചിത്രങ്ങള്‍ കാണാം...