Asianet News MalayalamAsianet News Malayalam

അനാഥത്വം ഇരുട്ടിലാക്കിയവർക്കും നിറവേറ്റാൻ ആഗ്രഹങ്ങളും മോഹങ്ങളുമൊക്കെയുണ്ട് ; വ്യത്യസ്തമായൊരു ഫോട്ടോ ഷൂട്ട്

ആരാരുമില്ലാത്ത കുഞ്ഞുങ്ങളുടെ ജീവൻ എത്രത്തോളം വിലപ്പെട്ടതാണെന്നും അനാഥത്വം ഇരുട്ടിലാക്കിയവർക്കും നിറവേറ്റാൻ ആഗ്രഹങ്ങളും മോഹങ്ങളുമൊക്കെയുണ്ടെന്ന ആശയമാണ് അരുൺ ചിത്രങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. 

arun raj r nair viral photo shoot about orphanhood
Author
First Published Jan 15, 2023, 12:48 PM IST

ഫാഷൻ ഫോട്ടോഗ്രാഫി, പ്രോഡക്ട് ഫോട്ടോഗ്രാഫി തുടങ്ങിയ വിഭാഗങ്ങളെ അപേക്ഷിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതാണ് കൻസെപ്പ്റ്റ് ഫോട്ടോഗ്രാഫി. എല്ലാവരും ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി തനിക്കെന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചപ്പോൾ പിന്നീട് കൺസപ്റ്റ് ഫോട്ടോഗ്രഫിയിലേക്ക് തിരിയുകയായിരുന്നു അരുൺ രാജ് ആർ നായർ.

അധികം ആളുകളൊന്നും പരീക്ഷിക്കാത്ത കൺസപ്റ്റ് ഫോട്ടോഗ്രഫിയെ അനായാസമാണ് അരുൺ കെെകാര്യം ചെയ്യുന്നത്. പലരും തുറന്നുപറയാൻ മടിക്കുന്ന വിഷയങ്ങളാണ് അരുൺ തന്റെ ചിത്രങ്ങളിലൂടെ തുറന്ന് പറയുന്നത്. ഇപ്പോഴിതാ, തിരുവനന്തപുരം വാമനപുരം സ്വദേശി അരുൺ രാജ് പങ്കുവച്ച മറ്റൊരു വ്യത്യസ്ത കൺസെപ്റ്റ് ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

അനാഥത്വത്തെ കുറിച്ചാണ് ഇത്തവണ അരുൺ തന്റെ ചിത്രങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. ആരാരുമില്ലാത്ത കുഞ്ഞുങ്ങളുടെ ജീവൻ എത്രത്തോളം വിലപ്പെട്ടതാണെന്നും അനാഥത്വം ഇരുട്ടിലാക്കിയവർക്കും നിറവേറ്റാൻ ആഗ്രഹങ്ങളും മോഹങ്ങളുമൊക്കെയുണ്ടെന്ന ആശയമാണ് അരുൺ ചിത്രങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. അമൃത , പ്രണവ്, കണ്ണകി, സായൂജ്യ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. 

അരുൺ രാജിന്റെ ഫേസ് ബുക്ക് പോസ്റ്റ്...

ഒട്ടിയ വയറിനും ആരോരുമില്ലാത്തവർക്കും പറയാൻ ഒരായിരം കഥകളുണ്ട്. ജീവിതയാത്രയിൽ അവർ നേരിടേണ്ടിവന്ന കയ്പ്പേറിയ അനുഭവങ്ങളുടെ കണ്ണുനനയിക്കുന്ന ഒരായിരം കഥകൾ. പൊക്കിൾകൊടി ബന്ധം അറുത്തുമാറ്റപ്പെടുന്ന നിമിഷം മുതൽ തെരുവിന്റെ സന്തതിയായി മാറുന്ന എത്രയെത്ര ജീവനുകൾ നമുക്ക് ചുറ്റുമുണ്ട്. എല്ലാവരും ഉണ്ടായിട്ടും തെരുവിന്റെ മക്കളെന്ന് കാലം മുദ്രകുത്തിയവർ. സാഹചര്യങ്ങളാണ് ചിലപ്പോഴെങ്കിലും മനുഷ്യനെ കഠിനഹൃദയനാക്കുന്നത്. ജന്മം നൽകിയവർ തന്നെ ഇരുളിന്റെ മറവിൽ തങ്ങളുടെ കുഞ്ഞുങ്ങളെ തെരുവിലേക്ക് വലിച്ചെറിയുമ്പോൾ ആ കുഞ്ഞുങ്ങൾക്ക് നഷ്ടമാകുന്നത് അവരുടെ മേൽവിലാസം മാത്രമല്ല മറിച്ച് വർണചിറകുവിരിച്ച് പാറിപറക്കേണ്ട നിഷ്കളങ്ക ബാല്യം കൂടിയാണ്. ആർക്കും വേണ്ടാതെ അന്യന്റെ ദയവിനായി കാത്തിരിക്കുന്ന എത്രയോ ബാല്യങ്ങളുണ്ട്. ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിക്കാൻ കഴിയാതെ വിശപ്പിന്റെ വിളിയെ പച്ചവെള്ളത്തിൽ ശമിപ്പിക്കേണ്ടി വരുന്ന ഇരുളിന്റെ തടവറായാൽ അകപ്പെട്ടു പോകാറുള്ള എത്രയോ ജീവനുകൾ! അവർക്കു പറയാൻ ഒത്തിരിയൊത്തിരി  സ്വപ്നങ്ങളുണ്ടാകും. അവരുടെ സ്വപ്നങ്ങൾക്ക് കൂട്ടായി നന്മയുടെ കരങ്ങൾ നീട്ടാൻ നമ്മൾ ഓരോരുത്തരും തയ്യാറാകുമ്പോഴാണ് അക്ഷരാർത്ഥത്തിൽ നാം ഓരോരുത്തരും നമ്മളിലെ ദൈവത്തെ തിരിച്ചറിയുന്നത്. അനാഥത്വം ഇരുട്ടിലാക്കിയവർക്കും നിറവേറ്റാൻ ആഗ്രഹങ്ങളും, മോഹങ്ങളുമൊക്കെയുണ്ടാകും.  അതിലേക്കൊക്കെ എത്തിപ്പെടാനും ജീവിതത്തിന് തിളക്കം നൽകാനും അന്യന്റെ പാദരക്ഷകൾ വരെ തിളക്കമുള്ളതാക്കാൻ ശ്രമിക്കുന്ന പിഞ്ചുകൈകൾ. ഉറവവറ്റാത്ത ഒരു കൂട്ടം മനുഷ്യർ ഉള്ളതുകൊണ്ട് മാത്രം ഈ ഭൂമി സ്വർഗമാണെന്നുപറയാം. എന്നാൽ അഹംഭാവവും സ്വാർത്ഥതയും തലയ്ക്കുപിടിച്ച ഒരുവലിയ ജനാവലി തന്നെ നമ്മുടെ ലോകത്തുണ്ട്. സ്വർഗസുന്ദരമായ ഭൂമിയെ നരകതുല്യമാക്കുവാൻ ചില മനുഷ്യർക്ക് നിഷ്പ്രയാസം സാധിക്കും. 
തെരുവ് പട്ടികളെപറ്റി പോലും സംസാരിക്കാൻ മനുഷ്യനുള്ള ഈ നാട്ടിൽ തെരുവ് കുട്ടികളെപ്പറ്റി സംസാരിക്കാൻ ഒരു പട്ടിയുമില്ലെന്നുള്ള തിരിച്ചറിവിൽ നിന്നും തന്നെയാകട്ടെ ഇനിയും അവരുടെ ജീവിതം.

Follow Us:
Download App:
  • android
  • ios