കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധക്കുറവ്, അല്‍പസമയം ഒരിടത്ത് അടങ്ങി ഇരിക്കാന്‍ കഴിയാതെ വരിക, ദേഷ്യം, എടുത്തുചാടി പ്രവര്‍ത്തിക്കുക എന്നീ ലക്ഷണങ്ങള്‍ മാതാപിതാക്കള്‍ നേരിടുന്ന പ്രശ്നങ്ങളാണ്. എന്നാല്‍ ചെറിയ പ്രായത്തില്‍ ഇതു പരിഹരിക്കപ്പെടാതെ പോകുന്നവരില്‍ മുതിര്‍ന്നതിനു ശേഷവും ഈ ലക്ഷണങ്ങള്‍ തുടരാം.

കുറേ ആളുകള്‍ ഈ അവസ്ഥ തരണം ചെയ്യുന്നതായും കാണാന്‍ കഴിയും. അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ (ADHD) എന്ന പ്രശ്നമാണിത്. ഇതോടൊപ്പം തന്നെ പഠനവുമായി ബന്ധപ്പെട്ട(Learning Disability) പ്രശ്നങ്ങളും ഉണ്ടാകാം.

ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടും, അക്ഷര തെറ്റുകള്‍ കൂടാതെ എഴുതാന്‍ കഴിയാതെയിരുന്നതും, ശരിയായി വായിക്കാനുള്ള കഴിവില്ലായിരുന്നതും എല്ലാം സാമാന്യം ബുദ്ധിയുണ്ടായിരുന്നിട്ടു കൂടി ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നതിനു തടസ്സം സൃഷ്ടിച്ചിരിക്കാം. ഇതെല്ലാം ബുദ്ധിക്കുറവിന്‍റെ ലക്ഷണമാണെന്ന സംശയം തോന്നാം. 

എന്നാല്‍ സാമാന്യവും അതിലധികവും ബുദ്ധി ഉള്ളവരിലും, ബുദ്ധികുറവുള്ളവരിലും എല്ലാം കാണപ്പെടുന്ന ഒരു പ്രശ്നമാണ് ഇതെന്നതാണ് വസ്തുത.

കുട്ടികളിലെ പഠനവൈകല്യം, ശ്രദ്ധക്കുറവ് എന്നിവയുടെ ലക്ഷണങ്ങള്‍....

1.    ശ്രദ്ധക്കുറവ് കൊണ്ട് നിസ്സാരമായ തെറ്റുകള്‍ വരുത്തുക
2.    നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിച്ചു കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെ വരിക
3.    പെട്ടെന്നു ശ്രദ്ധ പതറിപ്പോവുക
4.    മറവി
5.    കുറച്ചു സമയം അടങ്ങി ഒരിടത്തിരിക്കാന്‍ കഴിയാതെ വരിക
6.    സാമൂഹികമായ കഴിവുകളിലുള്ള കുറവ്
7.    ആലോചിക്കാതെ എടുത്തു ചാടി അബദ്ധങ്ങള്‍ കാണിക്കുക
8.    ദേഷ്യം
9.    ആവശ്യത്തില്‍ അധികം സംസാരിക്കുക
10.    ക്ഷമയില്ലായ്മ
11.    ശ്രദ്ധ വളരെ ആവശ്യമുള്ള കാര്യങ്ങളെ ഒഴിവാക്കുക. ഉദാ: വലിയ ഉത്തരങ്ങള്‍ പഠിക്കാതെ ഒഴിവാക്കുക
12.    പെന്‍സില്‍, ബുക്ക്‌ എന്നിവ നഷ്ടപ്പെടുത്തുക
13.    മറ്റുകാര്യങ്ങളില്‍ ഉള്ള മികവ് പഠനത്തില്‍ മാത്രം കാണിക്കാതെയിരിക്കുക
14.    തനിയെ വായിച്ചു മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്
15.    അക്ഷരതെറ്റുകള്‍ വരുത്തുക
16.    അക്ഷരങ്ങള്‍ തമ്മില്‍ തിരിഞ്ഞു പോവുക. ഉദാ: b-d, p-q
17.    എഴുതുമ്പോള്‍ അക്ഷരങ്ങളുടെ സ്ഥാനം മാറുക. ഉദാ: was-saw
18.    എഴുതാന്‍ താമസം
19.    എഴുതുമ്പോള്‍ ചിഹ്നങ്ങള്‍ വിട്ടുപോവുക
20.    മോശം കയ്യക്ഷരം
21.    നമ്പറുകള്‍ തമ്മില്‍ മാറിപ്പോകുക
22.    ലളിതമായ കണക്കുകള്‍പോലും ചെയ്യാന്‍ പറ്റാതെ വരിക
23.    ഉത്തരങ്ങള്‍ അറിയാമെങ്കിലും അത് ഉത്തരക്കടലാസില്‍ എഴുതി ഫലിപ്പിക്കാന്‍ കഴിയാതെ വരിക

ADHD മുതിര്‍ന്നവരിലെ ചില ലക്ഷണങ്ങള്‍

1.    സമയം ക്രമീകരിക്കാന്‍ കഴിയാതെ വരിക
2.    ഇഷ്ടമുള്ള ചില കാര്യങ്ങളില്‍ മാത്രം അമിതമായി മുഴുകി ഇരിക്കുകയും അപ്പോള്‍ ചെയ്യേണ്ട മറ്റു കാര്യങ്ങള്‍ മറക്കുകയും ചെയ്യുക. ഉദാ: ടി.വി കാണുമ്പോള്‍
3.    കാര്യങ്ങള്‍ കൃത്യമായി പ്ലാന്‍ ചെയ്യാന്‍ കഴിയാതെ വരിക
4.    എന്തിനാണ് മുന്‍ഗണന കൊടുക്കേണ്ടതെന്ന് തിരിച്ചറിയാത്ത അവസ്ഥ
5.    എടുത്തു ചാടി തീരുമാനങ്ങള്‍ എടുക്കുക
6.    ഒരു കാര്യത്തിലും സ്ഥിരത ഇല്ലാത്ത അവസ്ഥ
7.    ഒരാള്‍ സംസാരിക്കുമ്പോള്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക
8.    ചോദ്യങ്ങള്‍ ചോദിച്ചു തീരും മുന്‍പേ ഉത്തരം പറയുക
9.    മറ്റുള്ളവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ക്ഷമയില്ലായ്മമൂലം ഇടയില്‍ കയറി സംസാരിക്കുക
 
 മറ്റു മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരും ഇത്തരം ചില ലക്ഷണങ്ങള്‍ കാണിക്കാം ഉദാ: Bipolardisorder, schizophrenia.അതിനാല്‍ മുതിര്‍ന്നവരില്‍ മറ്റു രോഗങ്ങളുടെ ഭാഗമായല്ല ഈ ലക്ഷണങ്ങള്‍ എന്ന് മന:ശാസ്ത്ര പരിശോധനയിലൂടെ ഉറപ്പു വരുത്തേണ്ടതുണ്ട്. ശ്രദ്ധവര്‍ദ്ധിപ്പിക്കാനുള്ള പരിശീലനവും ബിഹേവിയര്‍ തെറാപ്പിയുമാണ് 
 മന:ശാസ്ത്ര ചികിത്സാരീതികള്‍.

കടപ്പാട്:

പ്രിയ വര്‍ഗീസ് (M.Phil MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്(RCI Registered)
റാന്നി, പത്തനംതിട്ട
PH: 8281933323
Telephone counselling available (10am-2pm) Free 15min