ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഒപ്പം ഹൃദയാരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും ഇവ സഹായിക്കും. ഇതോടൊപ്പം നിരവധി സൗന്ദര്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഒരു പഴം കൂടിയാണ് അവക്കാഡോ. 

വിറ്റാമിൻ ബി1, ബി2, ബി3, ബി6, സി, ഇ, കെ എന്നിവയാൽ സമ്പന്നമായ അവക്കാഡോ  തിളക്കമുള്ള ചർമ്മത്തെ നിങ്ങൾക്ക് സമ്മാനിക്കും. ഏത് തരത്തിലുള്ള കാലാവസ്ഥയിലും ചർമ്മത്തിന് ആവശ്യമായ ജലാംശം നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത ചർമ്മ മോയ്‌സ്ചുറൈസറായി അവക്കാഡോ പ്രവര്‍ത്തിക്കും. ഇത് ചര്‍മ്മം വരണ്ടുപോകുന്നത് തടയുന്നു. അവക്കാഡോയ്ക്ക് എണ്ണ ഉത്പ്പാദിപ്പിക്കാനുള്ള കഴിവുണ്ട്. ഇതു വഴി ചര്‍മ്മത്തിന് നനവ് നിലനിര്‍ത്താനാകും. 

ഒപ്പം അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകൾ സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. ചര്‍മ്മത്തിലെ ചുളിവുകൾ മാറ്റി ചര്‍മ്മം ചെറുപ്പമാക്കാനും ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ അകറ്റാനും ഇവ സഹായിക്കും. 

കൊളാജന്‍ എന്ന പ്രോട്ടീന്‍ ചര്‍മ്മത്തില്‍ കുറയുമ്പോഴാണ് ചര്‍മ്മത്തിന് പ്രായമായിത്തുടങ്ങുന്നത്. ചര്‍മ്മത്തിന് പ്രായമാവാതെ തടയാന്‍ കൊളാജനെ ബൂസ്റ്റ് ചെയ്യാന്‍ അവക്കാഡോ കൊണ്ടുള്ള ഫേസ് പാക്കുകൾ  സഹായിക്കും. 

 

അവക്കാഡോ കൊണ്ടുള്ള ചില ഫേസ് പാക്കുകൾ  പരിചയപ്പെടാം... 

ഒന്ന്...

പഴുത്ത അവക്കാഡോ പഴം ഉടച്ച് പൾപ്പ് ആക്കാം. ശേഷം ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ പാല്‍, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കാം. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. മുപ്പത് മിനിറ്റിന് ശേഷം കഴുകി കളയാം. 

രണ്ട്...

അവക്കാഡോ പഴത്തിന്‍റെ പൾപ്പും ഒരു ടീസ്പൂണ്‍ തേനും നാരങ്ങാനീരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്ന്...

അവക്കാഡോ പഴം ഉടച്ച് പൾപ്പ് ആക്കിയതും രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഇത് മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

Also Read: ചര്‍മ്മവും തലമുടിയും തിളങ്ങാന്‍ ഒരു സ്പൂൺ നെയ്യ് മാത്രം മതി !