ഇഷ്ടപ്പെട്ട പെണ്ണിനെക്കണ്ടു, അല്ലെങ്കില്‍ ചെക്കനെ കണ്ടു. തീയ്യതി ഉറപ്പിച്ചു, മോതിരം മാറി. അപ്പോഴേക്കും ചര്‍ച്ചകള്‍ തുടങ്ങുകയായി. വിവാഹസദ്യയെക്കുറിച്ചോ, വസ്ത്രങ്ങളെക്കുറിച്ചോ, ആഭരണങ്ങളെക്കുറിച്ചോ ഒന്നുമല്ല ചര്‍ച്ച. ഫോട്ടോ ഷൂട്ട് എങ്ങനെ വേണം എന്നതാണ് പ്രധാന ചോദ്യം. അതെ, മലയാളി കല്യാണങ്ങളുടെ ഏറ്റവും വലിയ ആകര്‍ഷണഘടകമാണ് വിവാഹഫോട്ടോ ഷൂട്ട്. 

വിവാഹത്തിന് ഫോട്ടോയും വീഡിയോയും എല്ലാം എടുക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ പതിവായി മാറിയെങ്കിലും ഇപ്പോഴത്തെ ഫോട്ടോഷൂട്ടുകള്‍ക്കൊരു വ്യത്യാസമുണ്ട്. സോഷ്യല്‍ മീഡിയയെ തൃപ്തിപ്പെടുത്താനും, അതിന്റെ അംഗീകാരം കിട്ടാനും കൂടിയാകണം ഫോട്ടോഷൂട്ട്. 

അതിന് വ്യത്യസ്തതകളേറെ പരീക്ഷിക്കേണ്ടി വരും. അങ്ങനെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ വ്യത്യസ്തമായ ഫോട്ടോഷൂട്ട് പരീക്ഷിച്ച ഒരു ദമ്പതികളിലൂടെ മലയാളി കല്യാണങ്ങളുടെ ഫോട്ടോഷൂട്ട് കഥകളെക്കുറിച്ച് വീഡിയോ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുകയാണ് 'ബിബിസി'. 

അന്താരാഷ്ട്രതലത്തില്‍ ഇതാദ്യമായാണ് 'ന്യൂജെന്‍' മലയാളി കല്യാണങ്ങളുമായി ബന്ധപ്പെട്ട് ഇത്തരമൊരു വീഡിയോ റിപ്പോര്‍ട്ട് വരുന്നത്. 'ഇന്ത്യയിലെ വൈറല്‍ വിവാഹ ഫോട്ടകള്‍' എന്ന പേരിലാണ് 'ബിബിസി' വീഡിയോ തുടങ്ങുന്നത്. വിവാഹഫോട്ടോ ഷൂട്ട് ഏറ്റവുമധികം നടക്കുന്ന സംസ്ഥാനമെന്ന നിലയ്ക്കായിരിക്കണം, കേരളത്തില്‍ നിന്നുള്ള ദമ്പതികളെ തന്നെ തെരഞ്ഞെടുത്തത്. 

ആലപ്പുഴ സ്വദേശികളായ അഭിജിത്ത്- നയന ദമ്പതികളുടെ വിവാഹഫോട്ടോ ഷൂട്ട് വിശേഷങ്ങളാണ് റിപ്പോര്‍ട്ടിന് വേണ്ടി 'ബിബിസി' എടുത്തിരിക്കുന്നത്. ഇതിന് ചെലവഴിച്ച തുക, ഒരുക്കിയ സജ്ജീകരണങ്ങള്‍, ആളുകളുടെ പ്രതികരണങ്ങള്‍- എന്നിവയെല്ലാം ഇവരോട് ചോദിച്ച് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍- സോഷ്യല്‍ മീഡിയ ഉപയോഗത്തിന്റെ തോതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. 

'ബിബിസി'യുടെ വീഡിയോ റിപ്പോര്‍ട്ട് കാണാം...