നിറങ്ങളും ഉറക്കവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ പോലും സൂചിപ്പിക്കുന്നു. മനംകുളിര്‍പ്പിക്കുന്ന നിറങ്ങളാല്‍ മനോഹരമായ ബെഡ്റൂമുകള്‍ നിങ്ങളെ ഉറക്കും. 

ഉറക്കം മനുഷ്യന് ആവശ്യമുളള കാര്യമാണ്. പലപ്പോഴും അത് കിട്ടാറില്ല എന്നത് മറ്റൊരു കാര്യം. നല്ല ഉറക്കത്തിനായി പല വഴികളും തിരയുന്നവരുമുണ്ട്. എന്നാല്‍ വര്‍ണ്ണനിര്‍ഭരമായ ബെഡ്റൂമുകള്‍ നിങ്ങളെ സുഖനിദ്രയിലെത്തിക്കുമെന്ന് പലര്‍ക്കും അറിയില്ല. നിങ്ങളുടെ സ്വപ്‌നഭവനത്തിന്‌ ചാരുത നല്‍കുന്ന ബെഡ്‌റൂമുകളുടെ നിര്‍മ്മിതിയിലും പരിപാലനത്തിലും പലതും ചെയ്യുന്നവരാണ് നമ്മള്‍. എന്നാല്‍ അതില്‍ പ്രധാനമാണ് റൂമിന് നിങ്ങള്‍ തെരഞ്ഞെടുക്കുന്ന നിറം.

നിറങ്ങളും ഉറക്കവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ പോലും സൂചിപ്പിക്കുന്നു. മനംകുളിര്‍പ്പിക്കുന്ന നിറങ്ങളാല്‍ മനോഹരമായ ബെഡ്റൂമുകള്‍ നിങ്ങളെ ഉറക്കും. ഈ നിറങ്ങള്‍ നിങ്ങളുടെ കിടപ്പുമുറിക്ക് ആവശ്യമാണ്.

ഒന്ന്...

നീല നിറം നിങ്ങളുടെ കിടപ്പുമുറിയെ മനോഹരിയാക്കുക മാത്രമല്ല നിങ്ങളെ സുഖമായി ഉറക്കും. ഇളംനീല നിറത്തിലുളള കിടപ്പമുറിയുളളവരില്‍ രാത്രികാലങ്ങളില്‍ എട്ട് മണിക്കൂര്‍ ഉറക്കം ലഭിക്കുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നീലനിറത്തിലുളള പെയ്ന്‍റ് തെരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നതിന് കാരണം മറ്റൊന്നുമല്ല, നീല നിറം സമാധാനത്തിന്‍റെതാണ് കൂടാതെ നീല നിറം രക്തസമ്മര്‍ദം കുറക്കാന്‍ സഹായിക്കുകയും ചെയ്യും. കിടപ്പറയുടെ പെയിന്‍റ് മാത്രമല്ല ബെഡ്ഷീറ്റും കര്‍ട്ടണുമൊക്കെ ഇതേ നിറം നല്‍കുന്നത് സന്തോഷ ഉറക്കത്തിന് സഹായമാകും.

രണ്ട്...

മഞ്ഞയാണ് നിങ്ങളുടെ കിടപ്പുമുറിയുടെ നിറമെങ്കില്‍ ഏഴ് മണിക്കൂര്‍ 40 മിനിറ്റ് ഉറക്കം ലഭിക്കും. മഞ്ഞ സന്തോഷത്തിന്‍റെ നിറമായതിനാല്‍ തന്നെ ഉറക്കവും സന്തോഷകരമായിരിക്കും.

മൂന്ന്...

ഇളംപച്ച കണ്ണിന് കുളിര്‍മയേകും എന്ന് മാത്രമല്ല പെട്ടെന്ന് ഉറക്കം വരാന്‍ സഹായിക്കുകയും ചെയ്യും. പച്ച നിറത്തിലുളള പെയിന്‍റ് തിരഞ്ഞെടുത്താല്‍ ഏഴ് മണിക്കൂര്‍ 36 മിനിറ്റ് വരെ നീളും നിങ്ങളുടെ ഉറക്കം.

നാല്...

ഓറഞ്ച് നിറം ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല, ആകര്‍ഷകത്വം മാത്രമല്ല നല്ല ഉറക്കവും തരും ഓറഞ്ച് നിറം. ഓറഞ്ച് കിടപ്പറകള്‍ ഏഴ് മണിക്കൂര്‍ 28 മിനിറ്റ് വരെ ഉറക്കം ലഭിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഈ നിറങ്ങള്‍ വേണ്ടേ വേണ്ട!

നിങ്ങളുടെ കിടപ്പുമുറിയുടെ നിറം പര്‍പ്പിള്‍ ആണോ എങ്കില്‍ പെയ്ന്‍റ് മാറ്റാന്‍ റെഡിയായിക്കൊളൂ. പര്‍പ്പിള്‍ നിറം നിങ്ങളുടെ ഉറക്കം തടസപ്പെടുത്തും. പര്‍പ്പിള്‍ നിറത്തിലെ കിടപ്പുമുറി ആണെങ്കില്‍ 5 മണിക്കൂര്‍ 56 മിനിറ്റ് ഉറക്കം മാത്രമേ ലഭിക്കുകയുളളൂവെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുപോലെ തന്നെ ബ്രൗൺ നിറവും ഗ്രേ നിറവും വേണ്ടത്ര ഉറക്കത്തിന് നിങ്ങളെ സഹായിക്കില്ല. ആറ് മണിക്കൂറില്‍ കുറവ് നേരം മാത്രമേ ഉറക്കം ലഭിക്കൂ.