ചർമ്മസംരക്ഷണത്തിൽ ജാപ്പനീസ് രീതികൾ  ഇന്ന് ലോകമെമ്പാടും വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. തിളക്കമുള്ളതും ആരോഗ്യവുമുള്ളതുമായ ചർമ്മം സ്വന്തമാക്കാൻ ജാപ്പനീസ് സ്ത്രീകൾ പിന്തുടരുന്ന ലളിതവും എന്നാൽ ഫലപ്രദവുമായ ചില രഹസ്യങ്ങൾ വോഗ് മാഗസിൻ പങ്കുവെക്കുന്നു.

ലോകമെമ്പാടുമുള്ള സൗന്ദര്യ പ്രേമികൾക്കിടയിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് 'J-Beauty' അഥവാ ജാപ്പനീസ് ബ്യൂട്ടി റുട്ടീൻ. പാശ്ചാത്യ രാജ്യങ്ങളിലെ സങ്കീർണ്ണമായ രീതികളിൽ നിന്ന് വ്യത്യസ്തമായി, പ്രകൃതിയും ശാസ്ത്രവും ഒത്തുചേരുന്ന ഒരു മാന്ത്രികത ജാപ്പനീസ് രീതിയിലുണ്ട്. മിനുസമാർന്നതും, പാടുകളില്ലാത്തതും, ഉള്ളിൽ നിന്ന് തിളങ്ങുന്നതുമായ ജാപ്പനീസ് സ്ത്രീകളുടെ ചർമ്മം ഒരു അത്ഭുതമായി തോന്നിയിട്ടുണ്ടോ? അമിതമായ മേക്കപ്പിലൂടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനേക്കാൾ, ചർമ്മത്തിന്റെ സ്വാഭാവികമായ ആരോഗ്യം സംരക്ഷിക്കുന്നതിലാണ് അവർ വിശ്വസിക്കുന്നത്. ഈ രീതികൾ നമുക്കും എങ്ങനെയൊക്കെ ജീവിതശൈലിയുടെ ഭാഗമാക്കാം എന്ന് നോക്കാം.

ജാപ്പനീസ് സ്കിൻകെയർ റുട്ടീൻ: പ്രധാന ഘട്ടങ്ങൾ

ഓയിൽ ക്ലെൻസിംഗ്

മേക്കപ്പും സൺസ്ക്രീനും നീക്കം ചെയ്യാൻ ഒരു മികച്ച ഓയിൽ ക്ലെൻസർ ഉപയോഗിക്കുക. വെള്ളം ഉപയോഗിക്കുന്നതിന് മുൻപ് വരണ്ട കൈകൾ കൊണ്ട് മുഖത്ത് മസാജ് ചെയ്ത് അഴുക്ക് നീക്കം ചെയ്യുക.

വാട്ടർ ക്ലെൻസിംഗ്

ഇതാണ് 'ഡബിൾ ക്ലെൻസിംഗ്' രീതി പൂർത്തിയാക്കുന്നത്. ഓയിൽ ക്ലെൻസറിന് ശേഷം ഒരു ജെൽ അല്ലെങ്കിൽ ഫോമിംഗ് ക്ലെൻസർ ഉപയോഗിച്ച് മുഖം കഴുകുക. ഇത് ചർമ്മത്തിന്റെ സുഷിരങ്ങളിലെ ബാക്കി അഴുക്കുകൾ കൂടി നീക്കം ചെയ്യും.

എക്സ്ഫോളിയേഷൻ

ജാപ്പനീസ് രീതിയിൽ കഠിനമായ സ്ക്രബുകൾ ഉപയോഗിക്കാറില്ല. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വളരെ മൃദുവായ രീതിയിൽ മൃതകോശങ്ങൾ നീക്കം ചെയ്യുന്നു. ഇത് പുതിയ ചർമ്മകോശങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കും.

ടോണിംഗ് അഥവാ ലോഷൻ

പാശ്ചാത്യ രാജ്യങ്ങളിലെ ടോണറിൽ നിന്ന് വ്യത്യസ്തമായി ജാപ്പനീസ് ലോഷനുകൾ ചർമ്മത്തെ മൃദുവാക്കാനും ഈർപ്പം നൽകാനുമാണ് ഉപയോഗിക്കുന്നത്. ഇത് അടുത്ത ഘട്ടത്തിലുള്ള ഉൽപ്പന്നങ്ങൾ ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങാൻ സഹായിക്കുന്നു.

എസൻസ്

ചർമ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്ന ഘട്ടമാണിത്. ഇത് സെറത്തിനേക്കാൾ കട്ടി കുറഞ്ഞതും എന്നാൽ ചർമ്മത്തിന് തിളക്കം നൽകുന്നതുമായ ദ്രാവകമാണ്.

സെറം

നിങ്ങളുടെ ചർമ്മത്തിന്റെ പ്രശ്നങ്ങൾക്കനുസരിച്ച്, ഉദാഹരണത്തിന് ചുളിവുകൾ അല്ലെങ്കിൽ കറുത്ത പാടുകൾക്ക് അനുയോജ്യമായ സെറം ഉപയോഗിക്കുക. ഇത് ചർമ്മത്തിന്റെ ആഴങ്ങളിൽ പ്രവർത്തിക്കുന്നു.

ഷീറ്റ് മാസ്ക്

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഷീറ്റ് മാസ്ക് ഉപയോഗിക്കുന്നത് ചർമ്മത്തിന് പെട്ടെന്ന് ഒരു ഉന്മേഷവും ഹൈഡ്രേഷനും നൽകും. ജാപ്പനീസ് റുട്ടീനിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണിത്.

മോയ്സ്ചറൈസറും ഐ ക്രീമും

അവസാനമായി, നൽകിയ ഈർപ്പമെല്ലാം ചർമ്മത്തിനുള്ളിൽ ലോക്ക് ചെയ്യാൻ ഒരു നല്ല മോയ്സ്ചറൈസർ പുരട്ടുക. കണ്ണിന് താഴെയുള്ള കറുപ്പ് മാറ്റാൻ ഐ ക്രീമും ഉപയോഗിക്കാം. പകൽ സമയമാണെങ്കിൽ ഇതിനൊപ്പം സൺസ്ക്രീൻ കൂടി ഉൾപ്പെടുത്തണം.

ഈ 8 കാര്യങ്ങളും പതുക്കെ വേണം ചെയ്യാൻ. ഉൽപ്പന്നങ്ങൾ മുഖത്ത് തേച്ചുപിടിപ്പിക്കുമ്പോൾ കൈകൾ കൊണ്ട് പതുക്കെ തട്ടുന്നത് രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും.