ദിവസവും ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്താന്‍ മാത്രമല്ല ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ.  നിരവധി രോഗങ്ങളില്‍ നിന്നും ആപ്പിള്‍ സംരക്ഷിക്കുകയും ചെയ്യുന്നു. 

ജേര്‍ണല്‍ എക്‌സ്‌പെരിമെന്‍റല്‍ ബയോളജി ആന്‍ഡ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണറിപ്പോര്‍ട്ട് അനുസരിച്ച് തലച്ചോറിലെ കോശങ്ങളുടെ പെട്ടെന്നുളള നാശത്തെ ചെറുക്കാനും നാഡികളുടെ അരോഗ്യത്തെ സംരക്ഷിക്കാനും ആപ്പിള്‍ സഹായിക്കും. ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ലവനോയിഡ് ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ഹൃദയധമനികളിൽ കൊഴുപ്പടിഞ്ഞ് കൂടുന്നത് തടയാൻ  ആപ്പിളില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ സഹായിക്കും. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പോട്ടാസ്യവും മിനറലുകളും രക്തത്തിലെ കൊളസ്ടോൾ നിയന്ത്രിച്ച് സ്ട്രോക്ക് വരാതെ സംരക്ഷിക്കുന്നു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് ടൈപ്പ് 2 പ്രമേഹത്തിൽ നിന്നു രക്ഷനേടാന്‍ ദിവസവും ഒരാപ്പിള്‍ വീതം കഴിക്കാം. ദിവസവും ഒരു ആപ്പിൾ കഴിക്കുന്നതു മൂലം ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുകയും ഉദരത്തിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.

ഫൈബറും വിറ്റാമിനുകളും ആപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.  ധാരാളം നാരടങ്ങിയിട്ടുളളതിനാലാണ് ആപ്പിള്‍ പെട്ടെന്ന് തന്നെ വിശപ്പ് മാറാന്‍ സഹായിക്കുന്നതും ശരീരഭാരം കൂടാതെ നോക്കുന്നതും.  ശരീരത്തിലെ അമിതമായ കൊഴുപ്പിനെ അകറ്റാനും ആപ്പിള്‍ സഹായിക്കും. വെള്ളം ധാരാളം അടങ്ങിയത് കൊണ്ടും ആപ്പിള്‍ ശരീരഭാരം കുറയ്ക്കാന്‍ നല്ലതാണ്. ശരാശരി ഒരു ആപ്പിളില്‍ നാല് ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ദിവസവും ആപ്പിള്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ അമിത വിശപ്പ് കുറയുകയും ചെയ്യും.