ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് ബോറടിച്ചത്തോടെ ഡെലിവറി ജോലി സ്വീകരിച്ച് റഷ്യൻ കോടീശ്വരൻ. ബിസിനസുകാരനായ സെർജി നോചോവ്നിയാണ് മടുപ്പ് മാറ്റാനായി ഡെലിവറി ജോലി ചെയ്യാന്‍ തീരുമാനിച്ചത്. 

കൊവിഡ് പശ്ചാത്തലത്തില്‍ റഷ്യയുടെ തലസ്ഥനാമായ മോസ്കോയിൽ നിയന്ത്രണം തുടരുകയാണ്. വീട്ടിലിരുന്നാണ് ആളുകള്‍ ജോലി ചെയ്യുന്നത്. അതേസമയം ഡെലിവറി ജോലി  ചെയ്യുന്നവര്‍ക്ക് ഇളവുകളുണ്ട്.  ഭക്ഷണം ആളുകളില്‍ എത്തിക്കാനായി ഇവര്‍ക്ക് നഗരത്തിൽ  സഞ്ചരിക്കാം. ഇതോടെയാണ് 38കാരനായ സെർജി ഒരു ഡെലിവറി സ്ഥാപനവുമായി ബന്ധപ്പെട്ട് ജോലി വാങ്ങിയത്. ആഹാരസാധനങ്ങളുമായി ദിവസവും 20 കിലോമീറ്ററോളം നടക്കാനാകുന്നുണ്ടെന്ന് സെർജി പറയുന്നു. 1000 മുതൽ 1500 റൂബിൾസ് വരെ വരുമാനമുണ്ടെന്നും സെർജി രാജ്യാന്തര വാർത്താ ഏജൻസിയോടു പറഞ്ഞു.

12 വർഷം ചൈനയിൽ ജീവിച്ച് കഴിഞ്ഞ വർഷമാണ് സെർജി റഷ്യയിലേക്ക് തിരിച്ചെത്തിയത്. ഇപ്പോൾ മോസ്കോ നഗരത്തിൽ ഒരു കൺസൾട്ടിങ് സ്ഥാപനം നടത്തുകയാണ്. 15 കോടിക്ക് മുകളിലാണ് സെർജിയുടെ വാർഷിക വരുമാനം. ലോക്ക്ഡൗണ്‍ മാറുന്നത് വരെ ഡെലിവറി ബോയ് ആയി തുടരാനാണ് സെർജിയുടെ തീരുമാനം. ശാരീരികമായി പ്രവർത്തനക്ഷമമായിരിക്കാനും ജീവിതത്തെ പുതിയ തലത്തിലൂടെ കാണാനും ഇതിലൂടെ സാധിക്കുമെന്നാണ് സെര്‍ജി പറയുന്നത്. 

(ഡെലിവറി ജോലി സ്വീകരിച്ച സെർജി നോചോവ്നി)