2016ല്‍ 'ദ ഹഫിംഗ്ടണ്‍ പോസ്റ്റ്' ഒരു സര്‍വേയെ പറ്റി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 15നും 17നും ഇടയ്ക്ക് പ്രായമുള്ള ആണ്‍കുട്ടികളില്‍ 70 ശതമാനം പേരും പോണ്‍ കാണുന്നവരാണ് എന്നായിരുന്നു സര്‍വേയെ അധികരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്

ഇന്റര്‍നെറ്റ് വിപ്ലവത്തോടെ വലിയ രീതിയില്‍ വികസിതമായ ഒരു മേഖലയാണ് 'പോണ്‍'. പ്രായ-ലിംഗ ഭേദമെന്യേ ഓരോ പോണ്‍ സൈറ്റിലും ലക്ഷക്കണക്കിന് പേരാണ് ദിവസവും കയറിയിറങ്ങുന്നത്. അക്കൂട്ടത്തില്‍ നിരവധി കൗമാരക്കാരും ഉള്‍പ്പെടുന്നു. 

2016ല്‍ 'ദ ഹഫിംഗ്ടണ്‍ പോസ്റ്റ്' ഒരു സര്‍വേയെ പറ്റി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 15നും 17നും ഇടയ്ക്ക് പ്രായമുള്ള ആണ്‍കുട്ടികളില്‍ 70 ശതമാനം പേരും പോണ്‍ കാണുന്നവരാണ് എന്നായിരുന്നു സര്‍വേയെ അധികരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്. 

ശരീരത്തിന്റെ ആവശ്യങ്ങളെ മനസ്സിലായിവരുന്ന പ്രായമാണെങ്കിലും, അതിനെ ചുറ്റിപ്പറ്റി പതിയിരിക്കുന്ന മറ്റ് അപകടങ്ങള്‍, ചതി, തെറ്റിദ്ധാരണകള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍- എന്നിവയെ കുറിച്ചൊന്നും കൗമാരക്കാരില്‍ വലിയ ധാരണകളുണ്ടായിരിക്കണമെന്നില്ല. അങ്ങിനെ വരുമ്പോള്‍ 'പോണ്‍' വീഡിയോകളില്‍ വന്‍ തോതില്‍ സ്വാധീനിക്കപ്പെടുന്നത് അപകടം വിളിച്ചുവരുത്താനേ ഉപകരിക്കൂ. 

ഈ അപകടസാധ്യതയെ മുന്നില്‍ കണ്ടുകൊണ്ടാണ് യുഎസിലെ ബോസ്റ്റണില്‍ ആരോഗ്യവകുപ്പ് പുതിയൊരു പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വകുപ്പിന്റെ നേതൃത്വത്തില്‍ തന്നെ കൗമാരക്കാര്‍ക്ക് വേണ്ടി 'പോണ്‍ ലിറ്ററസി പ്രോഗ്രാം' നടത്തുന്നു. പോണ്‍, എന്താണ് സത്യാവസ്ഥ, എന്താണ് വ്യാജം എന്നുതുടങ്ങി ആ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം കൗമാരക്കാര്‍ക്ക് പഠിപ്പിച്ചുകൊടക്കും. 

അവര്‍ക്ക് തങ്ങളുടെ സംശയങ്ങളും ആശങ്കകളുമെല്ലാം പങ്കുവയ്ക്കാനുള്ള അവസരവും ഇവിടെയൊരുക്കും. ഇതോടൊപ്പം തന്നെ ആരോഗ്യകരമായ ബന്ധങ്ങളെ കുറിച്ചും, ഡേറ്റിംഗ്, വയലന്‍സ്, എല്‍ജിബിടി സമുദായം- എന്നീ വിഷയങ്ങളെ കുറിച്ചുമെല്ലാം ക്ലാസുകള്‍ നല്‍കും. 

പോണ്‍ കാണുന്നതില്‍ നിന്ന് കുട്ടികളെ വിലക്കാന്‍ പലപ്പോഴും മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിയണമെന്നില്ല. വിലക്കിയാല്‍ തന്നെ അത് കുട്ടികളുടെ മാനസികാരോഗ്യത്തെ എത്തരത്തിലെല്ലാമാണ് ബാധിക്കുകയെന്ന കാര്യവും പറയാനാകില്ല. അതിനാലാണ് പോണിനെ മുന്‍നിര്‍ത്തിക്കൊണ്ട് തന്നെ ക്ലാസ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പ്രതികരിച്ചു.