കുട്ടികളുടെ ചെറിയ വിനോദങ്ങളും കൗതുകങ്ങളുമൊക്കെ ചിലപ്പോഴെങ്കിലും വലിയ ആപത്തുകള്‍ വിളിച്ചുവരുത്താറുണ്ട്. അതോടൊപ്പം തന്നെ പ്രധാനമാണ്, എന്തെങ്കിലും സംഭവിക്കുമ്പോഴും പേടി മൂലം അവരത് മാതാപിതാക്കളെ അറിയിക്കാതിരിക്കുന്നതിലെ അപകടം. അത്തരമൊരു വാര്‍ത്തയാണ് ചൈനയില്‍ നിന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

പതിനാലുകാരനായ ജിയാങ് ഹുവാ എന്ന വിദ്യാര്‍ത്ഥി കളിക്കുന്നതിനിടെ 'മാഗ്നറ്റിക് ബീഡ്‌സ്' (കാന്തം കൊണ്ട് നിര്‍മ്മിച്ച മുത്തുകള്‍) എടുത്ത് ലിംഗത്തിനകത്തേക്ക് കയറ്റി. ശില്‍പം- ആഭരണ- നിര്‍മ്മാണങ്ങള്‍ക്കൊക്കെ വേണ്ടി ഉപയോഗിക്കുന്ന ചെറിയ മുത്തുകളാണ് ഇവ. വെറുമൊരു കൗതുകത്തിന്റെ മുകളിലാണ് ജിയാങ് അത് ചെയ്തത്. എളുപ്പത്തില്‍ ഇവ തിരിച്ചെടുക്കാം എന്ന ചിന്തയില്‍ അങ്ങനെ ചെയ്‌തെങ്കിലും വൈകാതെ ജിയാങിന് അപകടം മണത്തു. 

മുത്തുകള്‍ ഉള്ളിലേക്ക് കയറിപ്പോകുന്നതായി അവന്‍ മനസിലാക്കി. തുടര്‍ന്ന് ബാക്കി മുത്തുകളുപയോഗിചച് അകത്തേക്ക് കയറിപ്പോയ മുത്തുകളെ ആകര്‍ഷിച്ച് തിരിച്ചെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആ ശ്രമവും പാളിയതോടെ ജിയാങ് ആകെ കുഴഞ്ഞു. എന്തായാലും ഇക്കാര്യം അച്ഛനോടും അമ്മയോടും പറയേണ്ടെന്ന് അവന്‍ തീരുമാനിക്കുകയും ചെയ്തു. 

അന്ന് രാത്രി അങ്ങനെ കിടന്നുറങ്ങിയ ശേഷം പിറ്റേന്ന് സ്‌കൂളില്‍ പോയി. സ്‌കൂളില്‍ വച്ച് മൂത്രമൊഴിക്കാന്‍ പോയ സമയത്ത്, അകത്തുനിന്ന് രക്തം വരാന്‍ തുടങ്ങി. പേടിച്ചരണ്ട ജിയാങ് തിരിച്ച് വീട്ടിലെത്തിയതോടെ വിവരം വീട്ടുകാരെ അറിയിച്ചു. അവര്‍ പരിശോധിക്കുമ്പോള്‍ കുട്ടിയുടെ അടിവസ്ത്രമാകെ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. വൈകാതെ അവര്‍ അവനെ ആശുപത്രിയിലെത്തിച്ചു. 

മുത്തുകള്‍ കയറ്റിയതോടെ അകത്ത് മുറിവുകള്‍ സംഭവിക്കുകയും, പെട്ടെന്നുണ്ടായ ഷോക്കും കൂടിയായപ്പോള്‍ ജിയാങിന്റെ നില അതീവഗുരുതരമായി. ഡോക്ടര്‍മാര്‍ ഒട്ടും താമസിപ്പിക്കാതെ തന്നെ ശസ്ത്രക്രിയ നടത്തി. 53 മുത്തുകളാണ് ഒന്നിച്ച് കട്ട പിടിച്ച നിലയില്‍ മൂത്രനാളിയില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ അവര്‍ കണ്ടെടുത്തത്. തുടര്‍ന്ന് ജിയാങ് അപകടനില തരണം ചെയ്തു. ഇപ്പോള്‍ അവന്‍ സുഖം പ്രാപിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

'മുമ്പും ഇത്തരത്തില്‍ പല കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഒരു പന്ത്രണ്ടുകാരനെ കടുത്ത വയറുവേദനയെ തുടര്‍ന്ന് ഞങ്ങളുടെ അടുത്ത് ചികിത്സയ്ക്ക് കൊണ്ടുവന്നിരുന്നു. ഇതുപോലെ മാഗ്നറ്റിക് ബീഡുകള്‍ ലിംഗത്തിനകത്തേക്ക് കയറ്റിയതായിരുന്നു അവനും. ഏതാണ്ട് എഴുപതിലധികം ദിവസമായിരുന്നു അവനത് ചെയ്തിട്ട്. ഞങ്ങള്‍ ശസ്ത്രക്രിയയിലൂടെ അത് പുറത്തെടുത്തു. ഇത് വളരെയധികം അപകടം പിടിച്ച തരത്തിലുള്ള വിനോദങ്ങളാണ്. കുട്ടികളുടെ ഇത്തരം വിനോദങ്ങള്‍ തീര്‍ച്ചയായും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവര്‍ക്ക് ഇതിലെ അപകടങ്ങളും അതിന്റെ തീവ്രതയുമൊന്നും മനസിലാകില്ല. ജീവന്‍ വരെ പോകാവുന്ന തരത്തിലെല്ലാം ഇത് കുട്ടികളെ ബാധിച്ചേക്കാം..'- ജിയാങിന് ശസ്ത്രക്രിയ നടത്തിയ യൂറോളജിസ്റ്റ് ഡോ. ജുന്‍ പറയുന്നു.