മിക്കവാറും വീടുകളില്‍ കാണുന്നതാണ് പാറ്റകളെ. പക്ഷേ പലര്‍ക്കും പാറ്റയെ കാണുന്നത് പോലും അലര്‍ജിയാണ്. അടുക്കളയിലോ മറ്റോ കണ്ടാല്‍ത്തന്നെ സ്േ്രപ അടിച്ചോ, ചൂലു കൊണ്ട് അടിച്ചോ ഒക്കെ ഇവയെ കൊല്ലാനാണ് മിക്കവരും ശ്രമിക്കുക. എന്നാല്‍ ചിലര്‍ക്കാണെങ്കില്‍ പാറ്റയോട് അതിഭയങ്കര പേടിയുമായിരിക്കും. 

ഇങ്ങനെ പാറ്റയെ പേടിയുള്ള ഒരു യുവാവ് ഓണ്‍ലൈനില്‍ നല്‍കിയ പരസ്യത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിലാണ് സംഭവം. പക്ഷേ പതിവില്ലാത്ത തരം പരസ്യമായത് കൊണ്ട് തന്നെ സംഗതി വളരെയധികം ശ്രദ്ധിക്കപ്പെടുകയായിരുന്നു. 

ഇരുപത്തിനാലുകാരനായ ഭാര്‍ഗവ് ചവ്ദ എന്ന ബിസിനസ് വിദ്യാര്‍ത്ഥിയാണ് രസകരമായ പരസ്യത്തിന് പിന്നിലെ താരം. ഒരു പകല്‍ ദിവസത്തെ നീണ്ട ജോലിക്കും, തിരക്കുകള്‍ക്കും ശേഷം രാത്രിയില്‍ വീട്ടിലെത്തിയതായിരുന്നു ഭാര്‍ഗവ്. ഭക്ഷണം കഴിക്കാനായി അടുക്കളയില്‍ കയറിയപ്പോള്‍ എന്തോ ഒന്ന് വേഗത്തില്‍ പാറിക്കളിക്കുന്നതാണ് ഭാര്‍ഗവ് കണ്ടത്. സാമാന്യത്തിലധികം വലിപ്പമുള്ള ഒരു പാറ്റയായിരുന്നു അത്. 

താന്‍ പേടിച്ചുപോയെന്നും ഭക്ഷണമെടുക്കാതെ അങ്ങനെ തന്നെ അടുക്കളയില്‍ നിന്ന് മടങ്ങുകയായിരുന്നുവെന്നും തുടര്‍ന്ന് ഏറെ നേരം ചിന്തിച്ച ശേഷമാണ് അത്തരമൊരു പരസ്യം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതെന്നും ഭാര്‍ഗവ് പറയുന്നു. ഏതാണ്ട് 1400ലധികം രൂപയാണ് പാറ്റയെ കൊല്ലുന്നയാള്‍ക്കുള്ള കൂലിയായി ഭാര്‍ഗവ് പ്രഖ്യാപിച്ചത്. ഒരൊറ്റ 'ഡിമാന്‍ഡ്' മാത്രമേ ക്വട്ടേഷന്‍ കൊടുക്കുന്നയാളെന്ന നിലയ്ക്ക് ഭാര്‍ഗവിന് ഉണ്ടായിരുന്നുള്ളൂ. എളുപ്പം തീര്‍ത്തുതരണം. അതും പരസ്യത്തില്‍ പ്രത്യേകം എഴുതിച്ചേര്‍ത്തിരുന്നു. 

 

 

പരസ്യം കേറി വൈറലൈയെങ്കിലും പാറ്റയെക്കൊല്ലാന്‍ ആരും എത്തിയില്ലെന്നതാണ് ഏറ്റവും കൗതുകമായത്. താന്‍ വളരെയധികം ക്ഷീണിതനായതിനാലാണ് സഹായത്തിനായി പരസ്യമിട്ടതെന്നും എന്നാല്‍ എല്ലാവരും അതിനെ തമാശയായി മാത്രം ഏറ്റെടുക്കുകയായിരുന്നുവെന്നും ഭാര്‍ഗവ് പറയുന്നു. എന്തായാലും ഇനി പാറ്റ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ സ്വന്തം 'റിസ്‌കി'ല്‍ കൊലപാതകം നടത്താനാണ് ഭാര്‍ഗവിന്റെ തീരുമാനം.