മേക്കപ്പും മേക്കോവറും അത്രമാത്രം സജീവമായിരിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. മുഖം മാത്രം ഭംഗിയായി ഇരുന്നാല്‍ മതിയെന്ന കാഴ്ചപ്പാടൊക്കെ പണ്ടാണ്. ഇപ്പോള്‍ പുറമേക്ക് കാണുന്ന ശരീരഭാഗങ്ങളേതും ഭംഗിയായും വൃത്തിയായും കൊണ്ടുനടക്കണമെന്ന ബോധമാണ് മിക്കവരിലുമുള്ളത്. 

നഖം ഭംഗിയാക്കുന്ന ട്രെന്‍ഡ് അങ്ങനെയാണ് എല്ലായിടത്തും വ്യാപകമായി വന്നത്. എന്നാലിപ്പോഴിതാ, ഭംഗിയാക്കല്‍ മാത്രമല്ല അതുക്കും മേലെ ചിലത് കൂടി തരംഗമാകുകയാണ്. ഒരു ബ്രിട്ടീഷ് വധു തന്റെ നഖം വിവാഹത്തിന് വേണ്ടി ഭംഗിയാക്കിയതിന് പുറമെ അതില്‍ ചെയ്തത് എന്താണെന്ന് കേള്‍ക്കണോ?

ക്യാന്‍സര്‍ ബാധിതനായി ചിക്തിസയിലായിരുന്നു ചാര്‍ലെറ്റ് വാട്‌സണ്‍ എന്ന യുവതിയുടെ പിതാവായിരുന്ന മൈക്ക് ബാര്‍ബര്‍. മകളുടെ വിവാഹം തീരുമാനിച്ച് അധികം വൈകാതെ അദ്ദേഹം മരണത്തിന് കീഴടങ്ങി. വളരെ ആത്മബന്ധമുണ്ടായിരുന്നതിനാല്‍ത്തന്നെ അച്ഛന്റെ വിയോഗം ചാര്‍ലെറ്റിന്റെ മനസിനെ വലിയ രീതിയിലാണ് പിടിച്ചുലച്ചത്. 

അതിനിടെ ചാര്‍ലെറ്റിന്റെ കസിനും നെയില്‍ ആര്‍ട്ടിസ്റ്റുമായ കെര്‍സ്റ്റി മീക്കിന്‍ ഒരു പുതിയ ആശയം മുന്നോട്ടുവച്ചു. മൈക്കിന്റെ ചിതാഭസ്മം കൊണ്ട് ചാര്‍ലെറ്റിന്റെ നഖങ്ങള്‍ ഡിസൈന്‍ ചെയ്യാം. ചാര്‍ലെറ്റിനെ സംബന്ധിച്ച് അത് വളരെയധികം സന്തോഷം നല്‍കുന്ന ചിന്തയായിരുന്നു. അവരും ഭാവിവരനായ നിക്കും അതിന് സമ്മതം മൂളി. 

അങ്ങനെ മൈക്കിന്റെ ചിതാഭസ്മം നഖത്തിനുള്ളില്‍ കടത്തിയാണ് ചാര്‍ലെറ്റിന്റെ നഖം അലങ്കരിച്ചത്. അത് അച്ഛന്റെ സാന്നിധ്യം വിവാഹസമയത്ത് അനുഭവപ്പെടാന്‍ സഹായിച്ചുവെന്നാണ് ചാര്‍ലെറ്റ് സാക്ഷ്യപ്പെടുത്തുന്നത്. പ്രിയപ്പെട്ടവര്‍ മരിച്ചുകഴിഞ്ഞാല്‍ അവരുടെ ചിതാഭസ്മം ഉപയോഗിച്ച് പെയിന്റിംഗ്, ടാറ്റൂ, മാല- അങ്ങനെ പലതും പരീക്ഷിക്കുന്നത് ഇപ്പോള്‍ തരംഗമാണ്. 

ഇതൊരു വിശ്വാസത്തിന്റെ ഭാഗമായിക്കൂടിയാണ് ആളുകള്‍ ചെയ്യുന്നത്. മരിച്ചുപോയെങ്കിലും പ്രിയപ്പെട്ട വ്യക്തിയുടെ സ്മരണകള്‍ എപ്പോഴും കൊണ്ടുനടക്കാന്‍, അല്ലെങ്കില്‍ അവരുടെ സാന്നിധ്യം അനുഭവപ്പെടാന്‍- അങ്ങനെ പല വിശ്വാസവുമാണ് ഇതിന് പിന്നിലുള്ളത്. എന്തായാലും നഖത്തില്‍ വരെ ചിതാഭസ്മം കൊണ്ട് ചിത്രങ്ങള്‍ തീര്‍ക്കാമെന്നത് വിസ്മയമായിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുയരുന്ന അഭിപ്രായം. 

അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റ് കൂടിയാണ് കെര്‍സ്റ്റി. നിരവധി ഫോളോവേഴ്‌സുള്ള കെര്‍സ്റ്റി സോഷ്യല്‍ മീഡിയയലും താരമാണ്. പുതിയ പല പരീക്ഷണങ്ങളും നടത്തി, അത് ഫോളോവേഴ്‌സിന് മുന്നില്‍ സ്ഥാപിക്കുന്നതില്‍ മിടുക്കുള്ള ആര്‍ട്ടിസ്റ്റെന്ന പേര് കൂടി കിട്ടിയിട്ടുള്ളയാളാണ് ഈ യുവതി.