സാധാരണഗതിയില്‍ പട്ടിക്കുഞ്ഞുങ്ങളുടെ നിറം വെള്ളയോ കറുപ്പോ ചാരനിറത്തിലോ തവിട്ട് നിറത്തിലോ അല്ലെങ്കില്‍ ഇവകളുടെ 'മിക്‌സോ' ആയിരിക്കും. എന്തായാലും പച്ച, നീല, ചുവപ്പ് പോലുള്ള നിറങ്ങളിലൊന്നും പട്ടിക്കുഞ്ഞുങ്ങള്‍ ജനിക്കില്ലയെന്നത് സാമാന്യയുക്തിയല്ലേ!

എന്നാല്‍ ആ സാമാന്യയുക്തിക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് നല്ല ഒന്നാന്തരം പിസ്തപ്പച്ച നിറത്തില്‍ ഇതാ ഒരു പട്ടിക്കുഞ്ഞ്. അങ്ങ് നോര്‍ത്ത കരോളീനയിലാണ് ഈ പച്ചക്കുഞ്ഞന്റെ ജനനം. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട കുഞ്ഞിന്റെ കൂടപ്പിറന്നവരെല്ലാം വെളുമ്പന്മാരാണത്രേ, എന്നാല്‍ ഇവന് മാത്രം ഉദിച്ചുനില്‍ക്കുന്ന പച്ചനിറവും.

എന്തായാലും സംഗതി അല്‍പം അതിശയമുണ്ടാക്കുന്നതായത് കൊണ്ട് തന്നെ വീട്ടുകാര്‍ അവന്റെ പടമെടുത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. അതോടെ ആള് കയറി താരവുമായി. ജനിച്ച് അഞ്ച് ദിവസമേ ഇപ്പോള്‍ ആയിട്ടുള്ളൂ.

അമ്മയുടെ വയറ്റിനകത്തായിരിക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ മലത്തില്‍ നിന്നുണ്ടാകുന്ന 'മെക്കോണിയം' എന്ന പദാര്‍ത്ഥമാണത്രേ വെളുത്ത രോമങ്ങള്‍ക്ക് ഇങ്ങനെ പച്ചനിറം നല്‍കാന്‍ കാരണമായിരിക്കുന്നത്. നോര്‍ത്ത കരോളിനയില്‍ തന്നെയുള്ള ഒരു മൃഗ ഡോക്ടറാണ് ഇക്കാര്യം അറിയിച്ചത്. വളര്‍ന്ന് വരും തോറും നിറം മങ്ങി, വെളുപ്പിലേക്ക് തിരിച്ചുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ഹള്‍ഖ് എന്ന് പേരിട്ടിരിക്കുന്ന പച്ചക്കുഞ്ഞനെ കാണാന്‍ ഇപ്പോള്‍ സന്ദര്‍ശകരുട തിരക്കാണ്. നിരവധി പേരാണ് ഹള്‍ഖിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കുന്നതും.