വെറും രണ്ട് വയസ്സുമാത്രം പ്രായമുള്ള തന്‍റെ കുഞ്ഞിനെക്കുറിച്ച് ബില്ലില്‍ ഹോട്ടല്‍ ജീവനക്കാര്‍ എഴുതിയതാണ് തനിക്ക് വേദനയുണ്ടാക്കിയതെന്ന് പറയുന്നു ആ അമ്മ...

വില്ലിംഗ്ടണ്‍: ഭക്ഷണം കഴിച്ചു കഴിഞ്ഞ് ബില്ലുചോദിച്ചതാണ് ന്യൂസിലാന്‍റ് സ്വദേശിയായ കിംബെര്‍ലി. ബില്ലില്‍ നല്‍കിയ ആഹാരത്തിന്‍റെ വിലയല്ല, അതിലെ ഒരു കുറിപ്പാണ് അവളെ ഞെട്ടിച്ചത്. വെറും രണ്ട് വയസ്സുമാത്രം പ്രായമുള്ള തന്‍റെ കുഞ്ഞിനെക്കുറിച്ച് ബില്ലില്‍ ഹോട്ടല്‍ ജീവനക്കാര്‍ എഴുതിയതാണ് തനിക്ക് വേദനയുണ്ടാക്കിയതെന്ന് പറയുന്നു ആ അമ്മ.

കുഞ്ഞ് 'ഭീഷണി'യെന്നാണ് അതില്‍ എഴുതിച്ചേര്‍ത്തിരുന്നത്. അവര്‍ ഇരുന്ന ടേബിളിനെയോ ആഹാരം കഴിക്കാനെത്തിയ മറ്റുള്ളവരെയോക്കുറിച്ച് പറയാതെ രണ്ട് വയസ്സുള്ള കുഞ്ഞിനെക്കുറിച്ച് മാത്രമാണ് ആ കുറിപ്പില്‍ ഉണ്ടായിരുന്നത്. ആഹാരത്തിന് അമിത വില ഈടാക്കിയെന്ന സംശയത്തെത്തുടര്‍ന്നാണ് അവര്‍ ബില്‍ ആവശ്യപ്പെട്ടത്. 

ബില്ലിന്‍റെ ഫോട്ടോ സഹിതം കിംബര്‍ലി ഫേസ്ബുക്കില്‍ കുറിച്ചു. മനപ്പൂര്‍വ്വം തങ്ങളുടെ കയ്യില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കിയെന്നും അവര്‍ പറഞ്ഞു. ''മകള്‍ ഒരിക്കലും ഭീഷണിയായിട്ടില്ല, അവള്‍ ഒരിക്കലും പ്രശ്നമുണ്ടാക്കിയിട്ടില്ല, അവള്‍ ഒന്നും നശിപ്പിച്ചിട്ടില്ല'' - കിംബെര്‍ലി കുറിച്ചു. 

സംഭവം വൈറലായതോടെ കോഫി സുപ്രീം കിംബര്‍ലിയോടും കുടുംബത്തോടും മാപ്പുപറഞ്ഞ് രംഗത്തെത്തി. കോഫി സുപ്രീം മാനേജര്‍ നേരിട്ടെത്തി തങ്ങളോട് വ്യക്തിപരമായി മാപ്പുപറഞ്ഞെന്ന് അവര്‍ വ്യക്തമാക്കി. ഭക്ഷണത്തിന്‍റെ മുഴുവന്‍ തുകയും തിരിച്ചുതരാമെന്നും അവര്‍ അറിയിച്ചതായി കിംബര്‍ലി ഫേസ്ബുക്കിലൂടെതന്നെ അറിയിച്ചു.