ദാമ്പത്യബന്ധത്തില്‍ ലൈംഗികതയ്ക്കുള്ള സ്ഥാനത്തെക്കുറിച്ച്  എല്ലാവരും പറയുന്നുണ്ട്. പ്രത്യുല്‍പ്പാദനത്തിന് വേണ്ടി മാത്രമല്ല ശരീരത്തിനും മനസിനും ഒരുപോലെ ആരോഗ്യകരവും സുഖകരവുമായ നിലനില്‍പ് പ്രദാനം ചെയ്യുന്ന ഏറ്റവും അടിസ്ഥാന ഘടകമാണ് ലൈംഗികത. എന്നാല്‍ ദാമ്പത്യബന്ധത്തില്‍ ലൈംഗികത കൂടിയേ തീരൂ എന്നുണ്ടോ ? സെക്സ് ഇല്ലാതെയുള്ള ദാമ്പത്യ ജീവിതവും സാധ്യമാണെന്നാണ്  പഠനങ്ങള്‍ പറയുന്നത്. 

ഇത്തരം ദാമ്പത്യ ജീവിതങ്ങളും നീണ്ടുനില്‍ക്കുമെന്നും പഠനം പറയുന്നു. ദീര്‍ഘകാലത്തെ ദാമ്പത്യജീവിതത്തില്‍ സെക്സിന്‍റെ പ്രാധാന്യം ക്രമേണ കുറഞ്ഞുവരുന്നതായും യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോ (Glasgow) നടത്തിയ പഠനത്തില്‍ പറയുന്നു. ഈ വിഷയത്തെ കുറിച്ച് ബ്രിട്ടണില് നടന്ന സര്‍വ്വേയില്‍ പറയുന്നത് ഏകദേശം 34 ശതമാനം സ്ത്രീകള്‍ക്കും പതിനഞ്ച് ശതമാനം പുരുഷന്മാര്‍ക്കും സെക്സിനോട് താല്‍പര്യമില്ല എന്നാണ്.

മെഡിക്കല്‍ ജേണല്‍ ബിഎംസി പബ്ലിക് ഹെല്‍ത്തിലും ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെക്സിനോട് താല്‍പര്യമില്ലാത്ത ദമ്പതികള്‍ മനസ്സുകൊണ്ട് വളരെയധികം സ്നേഹിക്കുന്നവരും പരസ്പരം മനസ്സിലാക്കുന്നവരുമാകും. എന്നാല്‍ ദമ്പതികളില്‍ ഒരാള്‍ക്ക് മാത്രം താല്‍പര്യകുറവ് വരുമ്പോഴാണ് പ്രശ്നം. സെക്സ് വേണ്ട എന്ന തീരുമാനത്തോട് പങ്കാളിക്ക് വിയോജിപ്പ് ഉണ്ടാകാം.

അത്തരം സാഹചര്യങ്ങളില്‍ പങ്കാളിയോട് തുറന്നു സംസാരിക്കാം. എന്തുകൊണ്ടാണ് സെക്സിനോട് താല്‍പര്യമില്ലാത്തത് എന്നുമനസ്സിലാക്കി പരിഹാരം കണ്ടെത്താം എന്നും ഈ പഠനം പറയുന്നു.