കാടിനടുത്തുള്ള ഒരു ചോല, അതില്‍ നിന്ന് തുമ്പിക്കയ്യില്‍ വെള്ളമെടുത്ത് കുടിക്കുന്ന നാല് ആനകള്‍. മൂന്ന് വലിയ ആനകളും ഒരു കുട്ടിയാനയും. ഇത്രയുമാണ് ഒറ്റനോട്ടത്തില്‍ ഈ ചിത്രം കാണുമ്പോള്‍ മനസിലാവുക. എന്നാല്‍ തെറ്റിപ്പോയി, ഈ ഒരൊറ്റ 'ഫ്രെയി'മില്‍ നാല് ആനകളില്‍ കൂടുതലുണ്ടെന്നാണ് ചിത്രം ആദ്യം പങ്കുവച്ച 'വൈല്‍ഡ് ലെന്‍സ്' എന്ന കൂട്ടായ്മ പറയുന്നത്. 

ട്വിറ്ററില്‍ ചിത്രത്തിന് വ്യാപക ശ്രദ്ധ ലഭിച്ചതോടെ നിരവധി പേരാണ് ആനകളുടെ എണ്ണമെടുക്കാനെത്തിയത്. രസകരമായ ഈ 'ഗെയി'മില്‍ പക്ഷേ വിജയിച്ചത് 'വൈല്‍ഡ് ലെന്‍സ്' തന്നെയാണ്. 

 

 

കാരണം, മിക്കവര്‍ക്കും ആനകളുടെ എണ്ണം കൃത്യമായി കണ്ടെത്താനായില്ല. ഒരൊറ്റ 'ഫ്രെയിമി'ല്‍ ഏഴ് ആനകളുണ്ടായിരുന്നു എന്നതാണ് സത്യം. മൂന്ന് വലിയ ആനകളും നാല് കുട്ടിയാനകളും. മുതിര്‍ന്ന ആനകളുടെ മറവില്‍ നില്‍ക്കുന്നതിനാലാണ് കുട്ടിയാനകളെ ശ്രദ്ധയില്‍ പെടാതെ പോയത്. 

 

 

ഇത് തെളിയിക്കുന്ന വീഡിയോയും പിന്നീട് 'വൈല്‍ഡ് ലെന്‍സ്' തന്നെ ട്വിറ്ററില്‍ പങ്കുവച്ചു. എന്തായാലും കൗതുകമുണര്‍ത്തുന്ന ഈ 'ഗെയിം' ഇപ്പോള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ മുമ്പും 'വൈല്‍ഡ് ലെന്‍സ്' സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവച്ചിട്ടുമുണ്ട്.

Also Read:- കിണറിനുള്ളില്‍ അബദ്ധത്തില്‍ അകപ്പെട്ട് പോയ കുട്ടിക്കുരങ്ങനെ രക്ഷിക്കുന്ന അമ്മക്കുരങ്ങ്; വെെറലായി വീഡിയോ...