ലഹരിക്കടത്തില്‍ പൂച്ച പിടിയിലാവുകയോ എന്ന തലക്കെട്ട് വായിച്ച് അതിശയിക്കേണ്ട, സത്യമാണ്. ശ്രീലങ്കയിലാണ് സംഭവം. ഹെറോയിനടങ്ങിയ പ്ലാസ്റ്റിക് കവര്‍ കഴുത്തില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ പൂച്ചയെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വെലിക്കട ജയിലിലിലേക്ക് കൊണ്ടുവന്നത്. 

മൃഗങ്ങളേയും പക്ഷികളേയുമെല്ലാം ഉപയോഗിച്ച് ലഹരിക്കടത്ത് നടത്തുന്ന സംഘത്തിന്റെ പൂച്ചയാണ് ഇതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് ഗ്രാം ഹെറോയിന്‍, രണ്ട് സിം കാര്‍ഡ്, ഒരു മെമ്മറി ചിപ് എന്നിവ അടങ്ങിയ പ്ലാസ്റ്റിക് കവര്‍ നല്ലത് പോലെ സീല്‍ ചെയ്ത് പൂച്ചയുടെ കഴുത്തില്‍ കെട്ടിയ നിലയിലായിരുന്നു. 

സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുന്നതിനിടെ പൂച്ചയെ കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് ആക്കുകയായിരുന്നു. എന്നാല്‍ ഞായറാഴ്ച പൂച്ച ജയിലില്‍ നിന്ന് രക്ഷപ്പെട്ടുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അതേസമയം പൂച്ച തടവില്‍ നിന്ന് രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ജയില്‍ അധികൃതരോ മറ്റ് ഉദ്യോഗസ്ഥരോ ഇതുവരെ തയ്യാറായിട്ടില്ല. 

വലിയ സുരക്ഷാ സന്നാഹങ്ങളുള്ള ജയിലാണ് വെലിക്കട ജയില്‍. ഇവിടെ നിന്നും എങ്ങനെയാണ് പൂച്ച രക്ഷപ്പെട്ടത് എന്നത് ദുരൂഹമാണ്. നേരത്തേ ജയിലിന് പുറത്തുനിന്ന് മതിലിന് മുകളിലൂടെ ലഹരി പദാര്‍ത്ഥങ്ങളും, സിം കാര്‍ഡുകളും മൊബൈല്‍ ഫോണുമെല്ലാം അടങ്ങിയ ചെറു പൊതികള്‍ എറിഞ്ഞിരുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.  

അതുപോലെ ലഹരിക്കടത്ത് കേസുകളും ശ്രീലങ്കയില്‍ അധികമായി റിപ്പോര്‍ട്ട് ചെയ്തുവരുന്നുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച കൊളംബോയില്‍ ലഹരിക്കടത്തിന് ഉപയോഗിച്ച ഒരു പരുന്തിനെ പൊലിസ് പിടികൂടിയിരുന്നു.

Also Read:- ആദ്യമായി ഐസ്‌ക്രീം നുണയുന്ന പൂച്ച; വീഡിയോയുടെ പേരില്‍ തമ്മിലടി...