ഇത് ഇന്ത്യയാണ്, അമേരിക്കയൊന്നുമല്ല എന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ പിന്നെ അമേരിക്കയിലെ അവസ്ഥയെന്താ? 

ഒരുസമയത്ത് സമൂഹത്തിന്‍റെ ശാപവാക്കുകളെ ഭയന്ന് തിരശീലയ്ക്കകത്തു നിന്നിരുന്നവരാണ് സ്വവര്‍ഗാനുരാഗികള്‍. എന്നാല്‍ ഇന്ന് കാലം മാറി. അവരും മനുഷ്യരാണ്, അവര്‍ക്കും ജീവിക്കാനുളള അവകാശമുണ്ട് എന്നവര്‍ പൊതുസമൂഹത്ത് വന്നുവിളിച്ചുപറയാന്‍ തുടങ്ങി.

ഇന്ത്യയിലാണെങ്കില്‍ സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കുന്ന സെക്ഷൻ 377 സുപ്രീം കോടതി റദ്ദാക്കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്തു. എന്നാല്‍ ഇവരോടുളള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഇത് ഇന്ത്യയാണ് , അമേരിക്കയൊന്നുമല്ല എന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ പിന്നെ അമേരിക്കയിലെ അവസ്ഥയെന്താ? 

സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള 'വിവാഹ' ബന്ധത്തെ അംഗീകരിക്കുന്നതില്ല അവിടെ യാഥാസ്ഥിതികര്‍ എന്നാണ് ഈ വാര്‍ത്തയിലൂടെ മനസ്സിലാകുന്നത്. നടുറോഡില്‍ വരെ പരസ്പരം ചുംബിക്കുന്ന ദമ്പതികളെ അമേരിക്കയില്‍ കാണാന്‍ കഴിയും. അത്തരം ചിത്രങ്ങളും വീഡിയോകളും എപ്പോഴും കയ്യടി നേടാറുണ്ട്. എന്നാല്‍ ദമ്പതികള്‍ ഗേയോ ലെസ്ബിയനോ ആയാലോ?

ദമ്പതികളായ യുവതികൾ ഉൾപ്പെടുന്ന പരസ്യം വിവാദമായതിനെതുടർന്ന് പിൻവലിക്കേണ്ടിവന്നിരിക്കുകയാണ് അമേരിക്കയിലെ പ്രശസ്ത ചാനലിന്. 'ദ് ഹാൾമാർക്' ചാനലാണ് യാഥാസ്ഥിതിക കുടുംബങ്ങളിൽനിന്നുള്ള എതിർപ്പിനെ തുടർന്ന് പരസ്യം പിൻവലിച്ചത്. വിവാഹാഘോഷങ്ങൾ പ്ലാൻ ചെയ്യുന്ന വെബ്സൈറ്റാണ് പരസ്യമായിരുന്നു അത്. രണ്ടു യുവതികൾ വിവാഹാനന്തരം ചുംബിക്കുന്ന രംഗമായിരുന്നു പരസ്യത്തിന്‍റെ ഉള്ളടക്കം.

ഹാൾമാർക് ചാനലിൽ പരസ്യം സംപ്രേക്ഷണം ചെയ്തപ്പോൾ തന്നെ പ്രതിഷേധവും ഉയർന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രതിഷേധമാളി കത്തിയത്. തുടര്‍ന്ന് ജനങ്ങൾക്കിടയിൽ എന്തെങ്കിലും തരത്തിലുള്ള വിഭജനം സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു ചാനല്‍ പരസ്യം പിന്‍വലിച്ചത്. റേറ്റിങ് കുറയുമെന്ന ഭീതിയും പരസ്യം പിൻവലിക്കാൻ അധികൃതരെ പ്രേരിപ്പിച്ചതായാണ് സൂചന.