നേപ്പാളിലെ ചില സമുദായങ്ങളിൽ ഇപ്പോഴും ആ സമ്പ്രദായം നിലനിൽക്കുന്നു. 'ചൗപാഡി' എന്നാണ് സമ്പ്രദായത്തിന്റെ പേര്. ആർത്തവ വിലക്കിന്റെ ഒരു രൂപമാണ് ഇത്. ആർത്തവ സമയത്ത് സ്ത്രീകളെയും പെൺകുട്ടികളെയും സാധാരണ കുടുംബ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുന്നു. കാരണം അവരെ "അശുദ്ധം" എന്ന് കണക്കാക്കുന്നു. പ്രധാനമായും നേപ്പാളിന്റെ പടിഞ്ഞാറൻ ഭാഗത്താണ് ഈ ആചാരം ഇപ്പോഴും നിലനിൽക്കുന്നത്.

ചൗപാഡി സമയത്ത്, സ്ത്രീകളെ വീട്ടിൽ നിന്ന് വിലക്കുകയും ഒരു കന്നുകാലി ഷെഡിൽ അല്ലെങ്കിൽ ആർത്തവ കുടിലിലോ ആണ് താമസിപ്പിക്കുക. ആർത്തവ സമയത്ത്, സ്ത്രീകളെയും പെൺകുട്ടികളെയും ദൈനംദിന ജീവിത പരിപാടികളിൽ പങ്കെടുക്കാനും ‌സമ്മതിക്കില്ല. ആർത്തവവിരാമം സ്ത്രീകളെ താൽക്കാലികമായി അശുദ്ധരാക്കുന്നു എന്ന അന്ധവിശ്വാസത്തിൽ നിന്നാണ് ചൗപാഡി സമ്പ്രദായം ആരംഭിക്കുന്നത്.

ആർത്തവമുള്ള ഒരു സ്ത്രീ മരത്തിൽ സ്പർശിച്ചാൽ അത് ഒരിക്കലും ഫലം കായ്ക്കില്ലെന്ന് കരുതപ്പെടുന്നു, അവൾ പാൽ കഴിച്ചാൽ പശു ഇനി പാൽ നൽകില്ല, അവൾ ഒരു പുസ്തകം വായിച്ചാൽ വിദ്യാഭ്യാസ ദേവതയായ സരസ്വതി കോപിക്കും, അവൾ ഒരു പുരുഷനെ സ്പർശിച്ചാൽ അയാൾക്ക് അസുഖമുണ്ടാകും.

പ്രാഥമികമായി പടിഞ്ഞാറൻ നേപ്പാളിൽ ഗ്രാമപ്രദേശങ്ങളിൽ ഈ രീതി നിലനിൽക്കുന്നു. ദാദെൽദുര, ബൈതടി, ഡർച്ചുല എന്നിവിടങ്ങളിൽ 'ച്യൂ' അല്ലെങ്കിൽ 'ബഹിർഹുനു', അച്ചാമിലെ 'ചൗപാഡി', ബജാങ് ജില്ലയിലെ 'ചൗകുല്ല' അല്ലെങ്കിൽ 'ചൗക്കുഡി' എന്നും ഇതിനെ വിളിക്കുന്നു. 

കഴിഞ്ഞാഴ്ച്ചയാണ് പടിഞ്ഞാറൻ അച്ചാം ജില്ലയിൽ പർബതി ബുഡ റാവത്ത് എന്ന പെൺകുട്ടി പുക നിറച്ച കുടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭര്‍ത്താവിന്റെ സഹോദരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ജനക് ബഹാദൂർ ഷാഹി പറഞ്ഞു.‌

 'ചൗപാഡി' എന്ന സമ്പ്രദായത്തിനെതിരെ ആക്ടിവിസ്റ്റ് രാധ പൗ‍ഡൽ രം​ഗത്തെത്തിയിരുന്നു. ഇത്തരം സമ്പ്രദായങ്ങൾ മാറ്റേണ്ട സമയമായെന്നും ഈ സമ്പ്രദായം ഇനിയും തുടർന്നാൽ നിരവധി സ്ത്രീകളുടെ ജീവന് തന്നെ ആപത്താണെന്നും രാധ പൗഡൽ പറയുന്നു. പുക ശ്വസിച്ച് ഇതിന് മുമ്പ് രണ്ട് സ്ത്രീകൾ ആർത്തവ കുടിലിൽ മരിച്ചിരുന്നു. നിരവധി മരണങ്ങൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നും രാധ പൗ‍ഡൽ പറഞ്ഞു.