ഇനി മുതല്‍ കാട്ടുമൃഗങ്ങളുടെ ഇറച്ചി കഴിക്കേണ്ടെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ തീരുമാനം. ചില ജീവികളെ വന്യജീവി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി വില്‍പനയില്‍ നിന്നൊഴിവാക്കാനാണ് നീക്കം. ഇതിനു വേണ്ടിയുളള നിയമം ഏതാനും മാസങ്ങള്‍ക്കകം തയാറാകുമെന്നാണ് അറിയുന്നത്. 

മയിലിനെ തിന്നാല്‍ സുന്ദരിയാകും, കരടിയെ തിന്നാല്‍ അതിന്റെ കരുത്ത് കഴിക്കുന്നവര്‍ക്ക് ലഭിക്കുമെന്ന വിശ്വാസവും പണ്ട് മുതൽക്കെ ചെെനക്കാരുടെ ഇടയിൽ നിൽക്കുന്നു. ചൈനീസ് വിപണിയിൽ ചെറിയൊരു മയിലിന് 10,000ത്തിലേറെ രൂപ കൊടുക്കണം. അതിഥികളെ കാട്ടുമൃഗങ്ങളുടെ ഇറച്ചികൊണ്ടുള്ള വിഭവങ്ങള്‍ നല്‍കി സ്വീകരിക്കുന്നതാണ് രാജകീയ രീതിയെന്ന് കരുതുന്നവരും ഏറെയാണ്. 

ചൈനയില്‍ ഈനാംപേച്ചിയെപ്പോലുള്ള ജീവികളുടെ ശല്‍ക്കങ്ങള്‍ മികച്ചൊരു മരുന്നാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്.വംശനാശ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍, ചില ജീവികളെ പിടികൂടുന്നതും വില്‍ക്കുന്നതും ചൈന അടുത്തിടെ വിലക്കിയിരുന്നു. ചൈനയിലെ മാംസമാര്‍ക്കറ്റുകളിൽ പലതരം ജീവികളാണുള്ളത്. ഓരോന്നിന്റെയും ശരീരത്തില്‍ ഓരോ തരം വൈറസുകളാണ്. ഇവ കൂടിച്ചേര്‍ന്നാല്‍ ചിലപ്പോള്‍ അതിമാരക വൈറസുകള്‍ രൂപപ്പെടാം.

കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനു ശേഷം 20,000ത്തോളം ഫാമുകള്‍ ചൈന അടച്ചുപൂട്ടുകയോ നിരീക്ഷണത്തിലാക്കുകയോ ചെയ്തിട്ടുണ്ട്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ 80% പേരും വന്യജീവികളെ കഴിക്കുന്നവരാണെന്നാണ് റിപ്പോർട്ടുകൾ.

കൊറോണാവൈറസ് പൊട്ടിപ്പുറപ്പെട്ടു എന്ന് കരുതുന്ന വുഹാനിലെ ഹുവാനൻ സീഫുഡ് മാർക്കറ്റിൽ സാധാരണ മത്സ്യമാംസാദികൾക്ക് പുറമെ അനധികൃതമായി ജീവനോടെ അറുത്ത് വിറ്റുകൊണ്ടിരുന്നത് പാമ്പിനെയും, പെരുച്ചാഴിയെയും, മുതലയേയും, മുള്ളൻപന്നിയെയും, നീര്നായയെയും, ചെന്നായ്ക്കുഞ്ഞുങ്ങളെയും ഒക്കെ ആയിരുന്നു എന്ന് റിപ്പോർട്ടുകൾ. വൈറസ് ബാധയെത്തുടർന്ന് അധികൃതർ ഈ മാർക്കറ്റ് അടച്ചു പൂട്ടിയിരുന്നു.