ചെെനയിൽ ഇറച്ചിക്കായി വളര്‍ത്താവുന്ന മൃഗങ്ങളുടെ പട്ടിക പുറത്തു വിട്ട് ചൈനീസ് സര്‍ക്കാര്‍. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലാണ് മാംസം വളർത്താൻ കഴിയുന്ന കന്നുകാലികളുടെ പുതിയ കരട് പട്ടിക  സർക്കാർ പുറത്തിറക്കിയത്. ചൈനയിലെ കൃഷി മന്ത്രാലയമാണ് പട്ടിക പുറത്ത് വിട്ടത്. .

പന്നികള്‍, പശുക്കള്‍, ആട്, കോഴി എന്നിവയെയും പ്രത്യേകമായി മാനുകള്‍, ഒട്ടകപക്ഷി എന്നിവയെ ഇറച്ചി ആവശ്യത്തിനായി ഉപയോഗിക്കാം എന്നും കരട് പട്ടികയില്‍ പറയുന്നു. കുറുക്കന്‍മാരുടെ വര്‍ഗത്തില്‍ പെട്ട രണ്ടു തരം മൃഗങ്ങളെയും വളര്‍ത്താം. എന്നാല്‍ ഇവയെ ഭക്ഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത്.

മനുഷ്യർക്ക് ഈ വൈറസ് പടർന്നിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ സംശയിക്കുന്ന മൃഗങ്ങളായ വവ്വാലുകൾ, ഈനാംപേച്ചി  എന്നിവയെക്കുറിച്ച് പരാമർശമില്ല. ചൈനയുടെ ഈ നീക്കത്തെ വലിയ മുന്നേറ്റമായാണ് ഹ്യൂമേന്‍ സൊസൈറ്റി ഇന്റര്‍നാഷണലിന്റെ നേതൃത്വത്തിലുള്ള വെന്‍ഡി ഹിഗ്ഗിന്‍സ് ചൂണ്ടിക്കാട്ടുന്നത്. ചൈനയിലെ ഭൂരിഭാഗം പേരും പട്ടിയിറച്ചി കഴിക്കാറില്ല എന്നതാണ് വസ്തുതയെന്ന് വെന്‍ഡി പറയുന്നു.

ഷെന്‍ജെന്‍ നഗരത്തില്‍ ഇതിനകം തന്നെ പട്ടിയിറച്ചിയുടെ ഉപഭോഗം അവസാനിപ്പിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. ചൈന പട്ടികളെയും വന്യമൃഗങ്ങളെയും ഇറച്ചിക്കായി ഉപയോഗിക്കുന്നത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇത്തരം ഇറച്ചികള്‍ വില്‍ക്കുന്ന മാര്‍ക്കറ്റുകള്‍ ലോകത്തിനു തന്നെ ഭീഷണിയാണെന്ന അഭിപ്രായത്തിന് പിന്തുണയേറുന്നുണ്ട്.