ചൈന: ലോകം മുഴുവനും ഭീതി വിതച്ചുകൊണ്ടാണ് കൊറോണ വൈറസ് പടർന്നു കൊണ്ടിരിക്കുന്നത്. ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തി അഞ്ഞൂറിലധികമായി. ലോകത്താകെ നാൽപതിനായിരത്തിലധികം ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ഭീതിയെ തുടര്‍ന്ന് മനുഷ്യർക്ക് മാത്രമല്ല വളർത്തുമൃ​ഗങ്ങൾക്കും മാസ്ക് നൽകിയിരിക്കുകയാണ് ചൈനയിലുള്ളവർ. 

എന്നാൽ വളർത്തുമൃ​ഗങ്ങളിലൂടെ രോ​ഗം പകരുമെന്നോ ഇവയ്ക്ക് രോ​ഗബാധ ഉണ്ടാകുമെന്നോ ഉള്ള കാര്യത്തിൽ ഓദ്യോ​ഗികമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ലോകാരോ​ഗ്യ സംഘടന വെളിപ്പെടുത്തിയതായി ദ് സൺ റിപ്പോർട്ട് ചെയ്യുന്നു. എന്തായാലും തങ്ങളുടെ എല്ലാ ഓമനമൃ​ഗങ്ങളെയും മാസ്ക് ധരിപ്പിച്ചിരിക്കുകയാണ് ചൈനയിലെ ജനങ്ങൾ. കണ്ണുമാത്രം പുറത്ത് കാണാവുന്ന രീതിയിൽ മാസ്ക് ധരിച്ച് സഞ്ചരിക്കുന്ന പൂച്ചയുടെയും പട്ടിയുടെയും ചിത്രങ്ങളാണ് ഇപ്പോൾ ചൈനയിലെ സമൂഹമാധ്യമങ്ങളിലുടനീളം വ്യാപകമായി  പ്രചരിക്കുന്നത്. ചില ചിത്രങ്ങൾ ട്വിറ്ററിൽ‌ വൈറലായിട്ടുണ്ട്.

ചൈനയിലെ നാഷണൽ‌ ഹെൽത്ത് കമ്മീഷൻ ലോകാരോ​ഗ്യ സംഘടനയുടെ വെളിപ്പെടുത്തലിനെതിരെ രം​ഗത്ത് വന്നിരിക്കുന്നതായി ദ് സൺ റിപ്പോർട്ട് ചെയ്യുന്നു. വളർത്തുമൃ​ഗങ്ങൾ പുറത്ത് പോയി രോ​ഗബാധയുള്ള ഒരാളുമായി ഇടപഴകിയാൽ അതിനും രോ​ഗം  ബാധിക്കാൻ ഇടയുണ്ട്. കമ്മീഷൻ  വക്താവ് വ്യക്തമാക്കുന്നു. അതുകൊണ്ട് സുരക്ഷാ ക്രമീകരണങ്ങൾ വളർത്തുമൃ​ഗങ്ങൾക്കും നൽകണമെന്നാണ് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.