ബീജീങ്: ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തിയ സാഹചര്യത്തില്‍ ഒരു 'സുപ്രധാന' ആവശ്യവുമായി ചൈനീസ് വൃദ്ധ. 71 കാരി സു പിംഗ്‍പിംഗ് ആണ് തന്‍റെ ഇന്ത്യക്കാരനായ അര്‍ദ്ധസഹോദരനെയും കുടുംബത്തെയും കണ്ടെത്താന്‍ സഹായിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലാണ് സു താമസിക്കുന്നത്. എന്നാല്‍ സുവിന്‍റെ അര്‍ദ്ധസഹോദരന്‍ കിഴക്കേ ഇന്ത്യയിലാണ് ഉള്ളതെന്നും ഇവര്‍ പറയുന്നു. 

ഒരു മഞ്ഞ നിറം പിടിച്ച പേപ്പറിലുള്ള ചിത്രവും പേരും കൊല്‍ക്കത്തയിലെ അവരുടെ പഴയ  വിലാസവും മാത്രമാണ് സുവിന്‍റെ പക്കലുള്ളത്. 1940കളിലാണ് സുവിന്‍റെ പിതാവ് കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നത്. അന്ന് അദ്ദേഹത്തിന് അവിടെ ഒരു ഭാര്യയും അതില്‍ ഒരു മകനും ഉണ്ടായിരുന്നു. 

ചൈനയിലെ ക്യുമിന്‍റാംഗ് എന്ന സേനയില്‍ സൈനികനായിരുന്നു സുവിന്‍റെ പിതാവ് സു ക്യോങ്. 1940 കളില്‍ മ്യാന്‍മാറിലും ഇന്ത്യയിലുമായായിരുന്നു ഇവര്‍ ഉണ്ടായിരുന്നത്. 1942 നും 1946 നും ഇടയില്‍ അദ്ദേഹം കൊല്‍ക്കത്തയിലാണ് താമസിച്ചിരുന്നത്. ചൈനയിലെ ഭരണപാര്‍ട്ടിയായിരുന്ന ക്യുമിന്‍റാംഗിനെ  1949 ല്‍ നിലവിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന പരാജയപ്പെടുത്തി. ഇതോടെ സുവിന്‍റെ പിതാവിന് കൊല്‍ക്കത്തയില്‍ നിന്ന് മടങ്ങേണ്ടി വന്നു. 

നാല് വര്‍ഷത്തെ കൊല്‍ക്കത്ത ജീവിതത്തില്‍ അന്ന് യുവാവായിരുന്ന സുവിന്‍റെ പിതാവിന് ഒരു ഭാര്യയും മകനുമുണ്ടായിരുന്നു. അന്ന് ഇന്ത്യവിട്ടതിനുശേഷം പിന്നീടൊരിക്കലും അയാള്‍ക്ക് തിരിച്ചുവരാനായില്ല. അതോടെ ആ ബന്ധം അറ്റു. അതിനുശേഷം ആ കുടുംബത്തെക്കുറിച്ച് ഇവര്‍ക്ക് ഒരു വിവരവും ലഭിച്ചില്ല. ചൈനയില്‍ തിരിച്ചെത്തിയ സു ക്യോങ് മറ്റൊരു വിവാഹം കഴിച്ചു. തന്‍റെ മുന്‍കാല ജീവിതം രഹസ്യമാക്കി വച്ച സു എന്നാല്‍ 1986 ലെ ഒരു സന്ധ്യയില്‍ എല്ലാ സത്യങ്ങളും തുറന്നു പറഞ്ഞു. 

അന്ന് സന്ധ്യാനേരം പിതാവ് ഞങ്ങളെയെല്ലാം ഒരുമിച്ചുവിളിച്ചു. മേശക്ക് ചുറ്റുമിരിക്കുമ്പോള്‍ അദ്ദേഹം ഞങ്ങള്‍ക്ക് മുന്നിലേക്ക് ഒരു പേപ്പറും പേരും വിലാസവും നീട്ടി. ഇത് അദ്ദേഹത്തിന്‍റെ മകന്‍റെ പേരാണെന്നും കൊല്‍ക്കത്തയിലെ വിലാസമാണെന്നും അദ്ദേഹം പറഞ്ഞു. അതിനപ്പുറം ഒരുവാക്കുപോലും അദ്ദേഹം ആ ജീവിതത്തെക്കുറിച്ച് പറഞ്ഞിട്ടില്ല, മകന്‍റെ അമ്മയുടെ പേരുപോലും. 

രണ്ട് വര്‍ഷം മുമ്പ് സു ക്യോങ് മരിച്ചു. മകന്‍റെ പേര് പൂര്‍ണമായും ചൈനീസ് അല്ല, എന്നാല്‍ അത് ഒരു ഇന്ത്യന്‍ പേരാണ്. ആദ്യം പേരും പിന്നീട് കുടുംബപ്പേരും ചേരുന്നത്. അത് ചിലപ്പോള്‍ അയാളുടെ അമ്മയുടെ പേരുമാകാമെന്നും സെന്‍ജിയാങിലെ ഗവണ്‍മെന്‍റ് അധികൃതര്‍ വ്യക്തമാക്കി. 

എന്‍റെ ഭര്‍ത്താവ് നേരത്തേ മരിച്ചു. പിന്നെ മൂന്ന് മക്കളെ വളര്‍ത്താനുള്ള കഷ്ടപ്പാടിലായിരുന്നു. ഇപ്പോള്‍ അവരെല്ലാം നല്ല നിലയിലായി. ഞാന്‍ ജോലിയില്‍ നിന്ന് വിരമിച്ചു. ഇനി എനിക്കെന്‍റെ സഹോദരനെ കണ്ടെത്തണം. ഉറപ്പായും അദ്ദേഹം തന്‍റെ എഴുപതുകളിലായിരിക്കും ഇപ്പോള്‍ '' - സൂ പറഞ്ഞു.