മുഖചര്‍മ്മം എപ്പോഴും വൃത്തിയിലും ഭംഗിയിലും കൊണ്ടുനടക്കണമെങ്കില്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ട്. അതിലൊന്നാണ് സ്‌ക്രബിംഗ്. മുഖത്തെ നശിച്ചുകിടക്കുന്ന കോശങ്ങളെയെല്ലാം ഇളക്കിക്കളയാനും അതുവഴി മുഖം വൃത്തിയാക്കാനും തിളക്കമുള്ളതാക്കാനുമെല്ലാം സ്‌ക്രബ് വളരെയധികം ഉപകാരപ്രദമാണ്. 

കടയില്‍ നിന്ന് സ്‌ക്രബ്ബര്‍ വാങ്ങി ഉപയോഗിക്കുന്നവരെക്കാള്‍ ഇന്ന് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന 'നാച്വറല്‍ സ്‌ക്രബ്' ഉപയോഗിക്കുന്നവരുടെ എണ്ണമാണ് കൂടുതല്‍. നമ്മള്‍ സ്വയം തയ്യാറാക്കുമ്പോള്‍ അതിന് കൂടുതല്‍ വിശ്വാസ്യതയാണ്, ചര്‍മ്മത്തിന് അപകടമുണ്ടാക്കുന്ന ഒന്നും ഇതിലില്ലെന്ന അറിവ് കൂടുതല്‍ ആത്മവിശ്വാസവും ഉണ്ടാക്കും. 

അത്തരത്തില്‍ വീട്ടിലുണ്ടാക്കി, ഉപയോഗിക്കാവുന്ന ഒരു സ്‌ക്രബാണ് ഇനി പരിചയപ്പെടുത്തുന്നത്. കാപ്പിയാണ് ഇതിന്റെ പ്രധാന ചേരുവ. പലരും ആദ്യമായി കേള്‍ക്കുകയായിരിക്കാം ഇത്. എന്നാല്‍ കേട്ടോളൂ, കാപ്പിക്ക് മുഖത്തെ നശിച്ച കോശങ്ങളെ ഇളക്കിക്കളയാനും മുഖം മിനുക്കാനുമുള്ള കഴിവുണ്ട്. കാപ്പിക്കൊപ്പം വീട്ടില്‍ തന്നെ ലഭ്യമായ രണ്ട് ചേരുവകള്‍ കൂടി ചേര്‍ത്ത് സ്‌ക്രബ് ഉണ്ടാക്കാം. ഇതെങ്ങനെയെന്ന് നോക്കാം...

സ്‌ക്രബ് തയ്യാറാക്കുന്നതിങ്ങനെ...

വളരെ ലളിതമായി തയ്യാറാക്കുന്ന ഒരു സ്‌ക്രബ് ആണിത്. ആകെ വേണ്ടത് അല്‍പം കാപ്പിപ്പൊടിയും വെളിച്ചെണ്ണയും ചെറുനാരങ്ങാനീരുമാണ്. ഇവ മൂന്നും നന്നായി ചേര്‍ത്തിളക്കണം. (ചെറുനാങ്ങാനീര് അര ടേബിള്‍ സ്പൂണ്‍ മതി). പേസ്റ്റ് പരുവത്തിലാണ് യോജിപ്പിച്ചെടുക്കേണ്ടത്. 

ശേഷം മുഖത്ത് സ്‌ക്രബ് ചെയ്യാം. വെളിച്ചെണ്ണ ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാനാണ് ഉപകരിക്കുന്നത്. ആവശ്യമെങ്കില്‍ സ്‌ക്രബിന് ശേഷവും വെളിച്ചെണ്ണ കൊണ്ട് അല്‍പം നേരം മസാജ് ചെയ്യാവുന്നതാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയോ ചെയ്യാവുന്നതാണിത്.