തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറയുന്നത്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ തലമുടി കൊഴിച്ചില്‍ ഇക്കാലത്ത് പലരുടെയും പ്രശ്‌നമാണ്. ദിവസേന 50-100 മുടി കൊഴിയുന്നത് സാധാരണമാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ വസ്‌ത്രത്തിലും തലയണയിലുമൊക്കെ കുറച്ച് മുടി കാണപ്പെടുന്നത് അത്ര കാര്യമാക്കേണ്ട വിഷയമല്ല. എന്നാല്‍ അമിതമായ മുടി കൊഴിച്ചില്‍ നിസാരമാക്കരുത്. മുടികൊഴിച്ചിലിന് കാരണമാകുന്ന ചില ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

 പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മുടികൊഴിച്ചിലിനും കാരണമാകും. അതിനാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. 

രണ്ട്...

ഡയറ്റില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ മുടി കൊഴിച്ചിലുണ്ടാക്കാറുണ്ട്. കലോറികള്‍ കുറച്ചുകൊണ്ടുള്ള ഡയറ്റ് സ്വീകരിക്കുന്നത് മുടി കൊഴിയാന്‍ കാരണമാകും. ചില വിറ്റാമിനുകളുടെ കുറവും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. 

മൂന്ന്...

ചൂടുവെള്ളത്തിൽ കുളിക്കുന്നത് മുടി കൊഴിച്ചിൽ കൂടാനുള്ള സാധ്യത കൂടുതലാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ചൂടുവെള്ളത്തിൽ കുളിച്ചാൽ മുടി പൊട്ടി പോകാനുള്ള സാധ്യതയും കൂടുതലാണ്. 

നാല്...

ഹെയർ ഡ്രയർ ഉപയോ​ഗിക്കുന്നവരുടെ ശീലം ഇന്ന് കൂടിയിട്ടുണ്ട്. കുളിച്ച് കഴിഞ്ഞ് തലമുടി പെട്ടെന്ന് ഉണങ്ങാൻ മിക്കവരും ഉപയോ​ഗിക്കുന്നത് ഹെയർ ഡ്രയറാണ്. ഹെയർ ഡ്രയർ ഉപയോ​ഗിക്കുന്നതിലൂടെ മുടികൊഴിച്ചിലുണ്ടാകാനും മുടി പൊട്ടാനും സാധ്യത കൂടുതലാണ്. 

അഞ്ച്...

മുടി മുറുക്കി കെട്ടുന്നത് മുടികൊഴിച്ചിലുണ്ടാക്കാം എന്നാം പറയപ്പെടുന്നു. അത് കൂടാതെ, മുടി വളരെ പെട്ടെന്ന് പൊട്ടാനും നരയ്ക്കാനും സാധ്യത കൂടുതലാണ്. 

ആറ്...

 ചില മരുന്നുകളും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകളില്‍ മുടി കൊഴിച്ചില്‍ ഉണ്ടാകാറുണ്ട്. ഇത്തരം ഗുളികകള്‍ ഉണ്ടാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് മുടി കൊഴിച്ചിലുണ്ടാകാന്‍ കാരണമാകുന്നത്.