ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു ഓഡിയോ ക്ലിപ്പാണ്. ഒരു സ്‌കൂളിൽ നിന്നും, (ക്ലിപ്പിൽ സ്‌കൂളിന്റെ പേര് പരാമർശിക്കുന്നില്ല), "അൽ സാബിത്തിന്റെ പേരന്റ് അല്ലേ " എന്നും ചോദിച്ചാണ് ഒരു ടീച്ചറുടെ കോൾ അച്ഛന്റെ ഫോണിലേക്ക് വരുന്നത്. 

സ്‌കൂളിൽ നിന്നുള്ള വിളിയാണ് എന്ന് കേട്ടപ്പോൾ, എന്തിനാണ് എന്നോർത്തിട്ടാവും അച്ഛന്റെ സ്വരത്തിൽ ഒരു പരിഭ്രമം കടന്നുവരുന്നുണ്ട്. " എന്താണ്..? എന്തുപറ്റി..?" എന്നദ്ദേഹം ചോദിക്കുന്നു. " ക്ലാസിൽ രണ്ടുപേർ തമ്മിൽ അടി കൂടി എന്ന് പറയുന്നു.." എന്ന് ടീച്ചർ കാര്യം അവതരിപ്പിക്കുന്നു. 

ക്ഷമയോടെ അദ്ദേഹം വിവരങ്ങൾ ആരായുന്നുണ്ട്.  " എന്താണ് ആർക്കാണ്.. എന്ത് പരിക്കുണ്ട്.."  എന്നൊക്കെ അൽ സാബിത്തിന്റെ അച്ഛൻ വളരെ സംയമനത്തോടെ ആ ടീച്ചറോട് ചോദിക്കുന്നത് കേൾക്കാം. 

ടീച്ചർ പരിക്കിന്റെ വിശദാംശങ്ങളിലേക്ക് കടക്കുമ്പോഴാണ് സംഘർഷം ചെറുതായി ഒന്നയഞ്ഞ് സംഗതിയ്ക്ക് നേരിയൊരു തമാശയുടെ ഛായ കൈവരുന്നത്. " ചുണ്ടിൽ കൈ തട്ടി, പല്ല് ചെറുതായൊന്നു കൊണ്ട്, ചെറുതായി ഒന്നു മുറിഞ്ഞിട്ടുണ്ട്, അൽ സാബിത്തിന്.." എന്ന് ടീച്ചർ പറയുന്നു. പിന്നാലെ, " കവിളിൽ ഒരു മാന്തിയ പാടും ഉണ്ട്.. മുമ്പുള്ളതാണോ ഇപ്പോൾ കിട്ടിയതാണോ എന്നറിയില്ല.. " എന്നും ടീച്ചർ പറഞ്ഞു.

തുടർന്ന് അൽ സാബിത്തിന്റെ അച്ഛൻ ടീച്ചറോട് പറയുന്ന മറുപടിയാണ് എപ്പിക്.. ! " ഞങ്ങളുടെ കൊച്ചനെ ജീവനോടെങ്ങാനും കിട്ടുമോ, ഈപ്പറഞ്ഞ ഇടിയെല്ലാം കൊണ്ടിട്ട്.." 

" ഞങ്ങളീ ഫീസെല്ലാം കൊടുത്തിട്ട് അങ്ങോട്ട് പഠിക്കാനയച്ചിട്ട്, അവിടെ ഇങ്ങനെ ഇടി മേടിപ്പാണെങ്കിൽ..  ഒന്നാമത് അവനിപ്പോൾ പത്തിൽ പൂജ്യം മാർക്കാ മേടിക്കുന്നേ എന്നാ കേൾക്കുന്നത്.. " അദ്ദേഹം തുടർന്നു. 

അപ്പോൾ ടീച്ചർ, " അൽ സാബിത്തേ.. നീ പത്തിൽ പൂജ്യമാന്നോടാ മേടിക്കുന്നെ..? " എന്ന് കുട്ടിയോട് തിരക്കുന്നു.. " ഇപ്പോൾ മാർക്കൊക്കെ ഉണ്ടെന്നാ അവൻ പറയുന്നേ " എന്ന് അച്ഛനെ സമാധാനിപ്പിക്കുന്നു. 
" അത് രണ്ടിടത്ത് ട്യൂഷന് വിടുന്നതുകൊണ്ടാണ്.." എന്ന് അച്ഛന്റെ കൗണ്ടർ " ഇപ്പോ.. എന്നതാ വേണ്ടേ..? ഞാൻ വല്ല ആംബുലൻസും കൊണ്ട് വരണോ..? " എന്ന് അടുത്ത ചോദ്യം..

അതുകേട്ട് ടീച്ചർക്ക് ചിരി അടക്കാൻ കഴിയുന്നില്ല. " അതൊന്നും വേണ്ട.. ഞാൻ നോക്കിയിട്ട് പരിക്കൊന്നും കണ്ടില്ല.." എന്ന് അവർ. 

" സാരമില്ല ടീച്ചറെ.. ഞാൻ നാളെ അങ്ങോട്ടുവരാം. പിള്ളേരെ രണ്ടിനേം നല്ല പോലെ ക്വസ്റ്റ്യൻ ചെയ്ത് ഒന്നു വിരട്ടി വിട്ടിരുന്നാൽ മതി.. പിള്ളേരല്ലേ.. അടിയും ഇടിയുമൊക്കെ നടന്നെന്നിരിക്കും.. " എന്ന് ടീച്ചറെ സമാധാനിപ്പിക്കുന്ന അച്ഛൻ. 

സ്‌കൂളുകളിൽ കുട്ടികൾ തമ്മിൽ ചിലപ്പോൾ പ്രായത്തിന്റേതായ ചോരത്തിളപ്പുകളിൽ ഉന്തോ, തള്ളോ ചിലപ്പോൾ അടിപിടികളോ ഒക്കെ നടന്നെന്നിരിക്കും അതിന്റെ പേരിൽ അവരെ രണ്ടു വഴക്കു പറയാനും, സ്നേഹത്തോടെ ഉപദേശിക്കാനും, അച്ഛനമ്മമാരോട് വളരെ സ്വാഭാവികമായി, ഒന്നും പെരുപ്പിച്ചു കാണിക്കാതെ, അവരുടെ മക്കളെ ക്രിമിനലുകളായി ചിത്രീകരിക്കാതെ വിഷയം അവതരിപ്പിക്കാനും നമ്മുടെ നാട്ടിലെ എല്ലാ ടീച്ചർമാർക്കും ആയിരുന്നെങ്കിൽ..! 

സ്വന്തം മകൻ സ്‌കൂളിൽ തല്ലുണ്ടാക്കി, പരിക്കുപറ്റി സിക്ക് റൂമിൽ ഇരിക്കുന്നു എന്ന വിവരം അറിയിച്ചുകൊണ്ട് സ്‌കൂളിൽ നിന്നും വരുന്ന കോളിനെ അൽസാബിത്തിന്റെ അച്ഛനെപ്പോലെ ഒരു തരി നർമ്മബോധത്തോടെ നേരിടാൻ നമ്മുടെ നാട്ടിലെ എല്ലാ രക്ഷിതാക്കൾക്കും സാധിച്ചിരുന്നെങ്കിൽ..! എങ്കിൽ എത്ര സുന്ദരമായിരുന്നേനെ ഈ ലോകം..!