ടെക്സാസ്: വിവാഹം ദിവസം വേണ്ടപ്പെട്ടവരെ ആരെയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ നിങ്ങളെന്താണ് ചെയ്യുക? ഒന്നുകിൽ വിവാഹം മാറ്റിവയ്ക്കും അല്ലെങ്കിൽ അവരുടെ അസാന്നിധ്യത്തിൽ വിവാഹച്ചടങ്ങുകൾ നടത്തും. എന്നാൽ, ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായാണ് ആലിയയും മൈക്കിൾ തോംപ്സണും ചിന്തിച്ചത്.

അസുഖത്തെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അച്ഛനെ സന്തോഷിപ്പിക്കാൻ, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഇഷ്ടപ്പെട്ട പെണ്ണിന്റെ വിരലിൽ മോതിരമണിയിക്കാൻ വധുവിനെയും കൂട്ടി മകനെത്തിയത് അച്ഛനെ ചികിത്സിപ്പിക്കുന്ന ആശുപത്രിയിലാണ്. സ്നേഹനിധിയായ അച്ഛനെ സാക്ഷിനിർത്തി വിവാഹം കഴിക്കാനാണ് ആലിയയും മൈക്കിളും ടെക്സാസിലെ ബെയ്ലർ സ്കോട്ട് ആൻഡ് വൈറ്റ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ എത്തിയത്.

പള്ളിയിൽ വച്ചുള്ള വിവാഹത്തിന് അച്ഛന് പങ്കെടുക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് മൈക്കിൾ അധികൃതരുടെ അനുവാദത്തോടെ ആശുപത്രിയിൽവച്ച് വിവാഹം നടത്തിയത്. അച്ഛൻ അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയിലായതിനാൽ അദ്ദേഹത്തെ കാണുന്നതിന് ആശുപത്രിയിലെ നഴ്സുമാർ നൽകിയ ​ഗ്ലൗസ്സും വസ്ത്രവുമായിരുന്നു ആലിയയും മൈക്കിളും ധരിച്ചിരുന്നത്.

അച്ഛന്റെ സാന്നിധ്യത്തിൽ വിവാഹമോതിരം കൈമാറിയ ആലിയയ്ക്കും മൈക്കിളിനും ആശുപത്രി ജീവനക്കാരും ​ഗംഭീര സ്വീകരണമായിരുന്നു ഒരുക്കിയത്. വളരെ ചെറിയ രീതിയിൽ വിവാഹച്ചടങ്ങുകൾ നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ആശുപത്രി ജീവനക്കാർ വിവാഹം വളരെ ആഘോഷത്തോടെ നടത്തിയതായി മൈക്കിൾ പറഞ്ഞു.

ഈ വർഷം മാർച്ചിൽ വിവാഹം കഴിക്കാനായിരുന്നു ദമ്പതികൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ, വിവാഹം നിശ്ചയിച്ചതിന് പിന്നാലെ കുടുംബത്തിലെ വേണ്ടപ്പെട്ട രണ്ടുപേർ തങ്ങളെ വിട്ടുപോയി. അങ്ങനെ മാർച്ചിൽ നടത്താനിരുന്ന വിവാഹം റദ്ദാക്കി. കുടുംബത്തിലെ രണ്ടു മരണമായിരുന്നു അച്ഛനെ രോ​ഗിയാക്കിയത്. എവിടെ നിന്ന് വിവാഹം കഴിച്ചുവെന്നതിനപ്പുറം അവിടെ അച്ഛനുണ്ടായിരുന്നു എന്നതാണ് പ്രധാനമെന്നും ആലിയ പറഞ്ഞു. അച്ഛന്റെ മുഖത്ത് ചിരിയുണ്ടായിരുന്നു. അദ്ദേഹം വളരെയധികം സന്തോഷവാനായിരുന്നുവെന്നും ആലിയ കൂട്ടിച്ചേർത്തു.