ലോകം മുഴുവൻ കൊവിഡ് ഭീതിയിലേക്ക് കാലെടുത്തുവെക്കുമ്പോൾ, കൊറോണ വൈറസിനെപ്പേടിച്ച് ജനം പുറത്തിറങ്ങാതെ വീടുകൾക്കുള്ളിൽ ലോക്ക് ടൗണിൽ കഴിഞ്ഞപ്പോൾ, അതിൽ  വലിയൊരു അവസരം കണ്ടെത്തിയവരാണ് ബ്രിട്ടനിലെ ദമ്പതികളായ ആൻഡ്രൂവും റെയ്ച്ചലും. മാർച്ചിൽ, കൊവിഡ് മഹാമാരി ലോകത്ത് വ്യാപിച്ചു തുടങ്ങിയ സമയത്ത് അവർ സ്ഥാപിച്ച ക്ലിയർ വാട്ടർ ഹൈജീൻ എന്ന കമ്പനി ഇന്ന് കൊവിഡിന്റെ തേരോട്ടം നൽകിയ അനുകൂല സാഹചര്യത്തിൽ കോടിക്കണക്കിനു ഡോളറിന്റെ വരുമാനമുള്ള ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. 

ഈ രംഗത്തേക്ക് കടന്നുവരും മുമ്പ്, കഴിഞ്ഞ പതിനഞ്ചു വർഷത്തോളമായി ഈ ദമ്പതികൾ ബജറ്റ് വില്ലകൾ ഡെവലപ്പ് ചെയ്തു നൽകുന്ന ബിസിനസിൽ ആയിരുന്നു. എന്നാൽ, കഴിഞ്ഞ മാർച്ചിൽ അവരുടെ സുഹൃത്ത്, ഡീസൈഡ് ഡിസ്റ്റിലറി എന്ന സ്ഥാപനത്തിന്റെ ഉടമ, താൻ തന്റെ ജിൻ ഉത്പാദിപ്പിക്കുന്ന ബിസിനസ് നിർത്തി, പകരം സാനിറ്റൈസർ ഉത്പാദിപ്പിക്കാൻ പോവുകയാണ്, കൂടെ കൂടുന്നോ എന്ന് ചോദിച്ചപ്പോൾ അവർ സമ്മതം മൂളി. അങ്ങനെയായിരുന്നു ക്ലിയർ വാട്ടർ ഹൈജീൻ പ്രോഡക്ട്സ് എന്ന സ്ഥാപനത്തിന്റെ ഉദയം. ഉന്നത നിലവാരമുള്ള പബ്ലിക് ഹൈജീൻ ഉത്പന്നങ്ങളാണ് ഈ കമ്പനിയുടെ യുഎസ്‌പി. 

പൊതുജനത്തിന് താങ്ങാവുന്ന വിലയിൽ മികച്ച ഉത്പന്നങ്ങൾ നൽകാൻ കഴിഞ്ഞതാണ് തങ്ങളുടെ വിജയമെന്ന് ഇവർ പറയുന്നു. കൊവിഡ് വ്യാപനം തുടങ്ങിയ കാലത്ത് ബ്രിട്ടനിൽ അഞ്ഞൂറ് മില്ലിയുടെ സാനിറ്റൈസർ ചില കമ്പനികൾ £30 ലും അധികം വിലക്കാണ് വിറ്റിരുന്നത്. നമ്മുടെ നാട്ടിലെ ഏകദേശം 2800 രൂപയ്ക്ക്. അങ്ങനെ യുകെയിൽ കൊവിഡ് പടർന്നുപിടിക്കുന്നതിനിടെയും പല കമ്പനികളും സാനിറ്റൈസർ വിറ്റ് കൊള്ള ലാഭം ഉണ്ടാക്കുന്നത് കണ്ടപ്പോൾ ഉണ്ടായ ആത്മരോഷം കൂടിയാണ് ഈ വിപണിയിലേക്ക് കാലെടുത്തുവെക്കാൻ ദമ്പതികളെ പ്രേരിപ്പിച്ചത്. 'പൂർണമായും ബ്രിട്ടീഷ്' എന്ന അവരുടെ അവകാശവാദം ചൈനീസ് ഉത്പന്നങ്ങൾ കുമിഞ്ഞുകൂടിയ യുകെ മാർക്കറ്റിൽ ക്ലിയർ വാട്ടർ ബ്രാൻഡിന് വലിയ ഡിമാന്റുണ്ടാക്കി. ഹോട്ടലുകൾ, റീറ്റെയ്ൽ സ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയിൽ നിന്ന് വലിയ ഓർഡറുകൾ കിട്ടി. 

ഇപ്പോൾ ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ മുതൽ ഇൻഫ്രാ റെഡ് തെർമോ മീറ്റർ, എൽസിഡി ഡിസ്പ്ലേ, ഓട്ടോമാറ്റിക് ഡിസ്പെൻസർ എന്നിവ അടങ്ങിയ സ്മാർട്ട് കോവിഡ് സ്റ്റാൻഡ് വരെ വിപണിയിൽ എത്തിക്കുന്നുണ്ട് ഈ ദമ്പതികളുടെ കമ്പനി.