ദില്ലി: ദില്ലി മെട്രോയ്ക്കുള്ളില്‍ യാത്രചെയ്ത ദമ്പതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോണ്‍സൈറ്റില്‍. മെട്രോക്കുള്ളിലെ സിസിടിവി ക്യാമറയില്‍ കുടുങ്ങിയ ദൃശ്യങ്ങളാണ് പോണ്‍സൈറ്റിലെത്തിയിരിക്കുന്നത്. ജൂലൈ 18ന് ഉച്ചയ്ക്ക് 2.22 ന് പകര്‍ത്തിയ ദമ്പതികള്‍ അടുത്തിടപഴകുന്ന സിസിടിവി ദൃശ്യങ്ങളാണ് പോണ്‍സൈറ്റില്‍ എത്തിയിരിക്കുന്നത്. 

ഒരു ലക്ഷത്തോളം പേരാണ് ഇതുവരെ ഈ ദൃശ്യങ്ങള്‍ കണ്ടത്. സംഭവം നടന്നതായി സ്ഥിരീകരിച്ച ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) അജ്ഞാതരായ ദമ്പതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. 

പൊതു നിരത്തില്‍ അശ്ലീലം പ്രവര്‍ത്തിച്ചതിന് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൈവശമുള്ള എല്ലാ വിവരങ്ങളും പൊലീസിന് കൈമാറിയെന്നും അന്വേഷണത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഡിഎംആര്‍സി അധികൃതര്‍ പറഞ്ഞു. 

മെട്രോയില്‍ ഇത്തരം പ്രവര്‍ത്തികള്‍ പാടില്ലെന്ന് യാത്രക്കാരോട് നിര്‍ദ്ദേശിച്ചിട്ടുളളതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സുരക്ഷാ റൂമില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്തിയ ആള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ഡിഎംആര്‍സി അറിയിച്ചു. അതേസമയം യാത്രക്കാരുടെ സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സിസിടിവി ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ ആളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്.