നമ്മൾ ജീവിതത്തിൽ ഏറെ സ്നേഹിക്കുന്ന ആരെയെങ്കിലും മരണം അപഹരിച്ചാൽ  അത് പകരുന്ന വൈകാരികാഘാതത്തെ മറികടക്കുക പ്രയാസമാകും.  തന്റെ പപ്പയുടെ അവിചാരിതമായ വിയോഗത്തെ മറികടക്കാൻ ചാസ്റ്റിറ്റി പാറ്റേഴ്സൺ എന്ന യുവതി സ്വീകരിച്ച ഉപായവും, അത് അവളെ കൊണ്ടെത്തിച്ച അപ്രതീക്ഷിതമായ വഴിത്തിരിവുകളുമാണ് ഇനിയുള്ള കഥയ്ക്ക് ആധാരം. 

ചാസ്റ്റിറ്റിയുടെ പപ്പ മരിച്ചുപോയിട്ട് വർഷം  നാലു കഴിഞ്ഞിരുന്നു. 2015-ൽ അവൾക്ക് 19  വയസ്സുള്ളപ്പോഴാണ് അവിചാരിതമായി പപ്പ  മരണപ്പെടുന്നത്. വൈകാരികമായി ഏറെ അടുപ്പമുണ്ടായിരുന്നു അവർക്കിടയിൽ. അതുകൊണ്ടുതന്നെ, പപ്പ മരിച്ചുപോയിരിക്കുന്നു എന്ന യാഥാർഥ്യം ഉള്ളിലേക്കെടുക്കാൻ അവൾക്ക് സമ്മതമുണ്ടായിരുന്നില്ല. ഫോണിന്റെ കോണ്ടാക്ട്സ് ലിസ്റ്റിൽ സേവ് ചെയ്തിരുന്ന  പപ്പയുടെ നമ്പർ മാത്രമായിരുന്നു ഇനി ആകെ പപ്പയുടേതായി അവശേഷിച്ചിരുന്ന ഒരേയൊരു ഭൗതികസാന്നിധ്യം. ജീവിതത്തിൽ നിന്ന് പൊടുന്നനെ അപ്രത്യക്ഷമായ പപ്പയെന്ന ആത്മമിത്രത്തെ ആ ഫോൺ നമ്പറിലൂടെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി അവൾ. ആ നമ്പറിന്റെ അങ്ങേത്തലക്കൽ പപ്പയുണ്ട് എന്നവൾ സങ്കൽപ്പിച്ചു. അദൃശ്യനായിരിക്കുന്ന തന്റെ പപ്പക്ക് അവൾ ദിവസേന എസ്എംഎസ് അയക്കാൻ തുടങ്ങി. ഏകപക്ഷീയമായ ആ സംവേദനം അവൾ നാലുവർഷത്തോളമായി തുടരുന്നു. എന്നാൽ, അപ്രതീക്ഷിതമായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് അവൾക്ക് ആ നമ്പറിൽ നിന്ന് ഒരു മറുപടി സന്ദേശം കിട്ടി. തന്റെ പപ്പയ്ക്ക് അവസാനമായി അയച്ച സന്ദേശവും, അതിനു മറുപടിയായി ആ നമ്പറിൽ നിന്ന് വന്ന മറുപടിയും ചേർത്തുവെച്ചുകൊണ്ട് ചാസ്റ്റിറ്റി ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു. ഏറെ വൈകാരികമായിരുന്നു ആ എഴുത്തുകൾ...

 

പപ്പയ്ക്കയച്ച അവസാനത്തെ മെസേജിൽ ചാസ്റ്റിറ്റി  ഇങ്ങനെ എഴുതി, " പ്രിയപ്പെട്ട പപ്പാ, നാളത്തെ ദിവസം എനിക്ക് വീണ്ടും പ്രയാസമുള്ളതാകുമെന്നാണ് തോന്നുന്നത്. പപ്പ പോയിട്ട് നാളേക്ക് നാലു കൊല്ലമാകും. പക്ഷേ, ഒറ്റ ദിവസം പോലും ഞാൻ പപ്പയെ ഓർക്കാതിരുന്നിട്ടില്ല.  അതിനു ശേഷം ഈ നാലുകൊല്ലം കൊണ്ട് എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചുവെന്നോ..! പപ്പയോട് ഞാൻ എന്നും വന്നു പറയുന്നതുകൊണ്ട് അറിയാമല്ലോ ഒക്കെ..! ഞാൻ കാൻസറിനെ തോല്പിച്ചതും, പപ്പ പോയതില്പിന്നെ ആശുപത്രിയിൽ കിടക്കേണ്ടി വന്നിട്ടില്ലാത്തതും ഒക്കെ ഞാൻ അപ്പപ്പോൾ തന്നെ പറഞ്ഞിരുന്നല്ലോ. പപ്പയ്ക്ക് പോകും മുമ്പ് വാക്കുതന്നെ പോലെ ഞാൻ എന്റെ മരുന്നും ഡയറ്റും ഒക്കെ നല്ല പോലെ ശ്രദ്ധിക്കുന്നുണ്ട്. 

എന്റെ ഡിഗ്രി ഞാൻ ഓണേഴ്‌സോടെ പാസായിട്ടുണ്ട്  പപ്പാ.! ഇനി ഞാൻ നന്നായി പഠിക്കുന്നില്ലെന്നു പരാതി പറയാൻ വരരുത്. കോളേജിൽ വെച്ച് ഞാനൊരു പയ്യനെ പ്രണയിച്ചു. അവനാണെങ്കിൽ എന്റെ ഹൃദയം തച്ചുതകർക്കുകയും ചെയ്തു.  പപ്പയില്ലാതിരുന്നത് അവന്റെ ഭാഗ്യം. ഉണ്ടായിരുന്നേൽ  പപ്പയുടെ തല്ലുകൊണ്ട് ചത്തേനെ അവൻ. പക്ഷേ, അതുകൊണ്ടൊന്നും ഞാൻ തോറ്റിട്ടില്ല കേട്ടോ..! അതിൽ  നിന്നൊക്കെ പപ്പയുടെ മോൾ ഉയിർത്തെഴുന്നേറ്റു വന്നുകഴിഞ്ഞു. ഇപ്പോൾ ഞാൻ കുറേക്കൂടി പക്വതയുള്ള ഒരു പെണ്ണായിട്ടുണ്ട്. കൂടെയുണ്ടായിരുന്ന എല്ലാ കൂട്ടുകാരികളും എന്റെ കൈ വിട്ടു പൊയ്ക്കളഞ്ഞു പപ്പാ..! ആകെ ഒറ്റയ്ക്കായിപ്പോയി അപ്പോൾ. 

ആ നശിച്ച സമയത്തിൽ നിന്ന് എന്ന കരകയറ്റാൻ ദൈവം ഒരാളെ പറഞ്ഞയച്ചു. അവൻ എന്റെ കൈപിടിച്ച് കൂടെ നടന്നു. ഇന്ന് അവനാണ് എന്റെ ജീവൻ. അവന്റെ കൂടെയാണ് ഞാനിപ്പോൾ ജീവിക്കുന്നത്. ഇത്രയും കാലം കുഞ്ഞുങ്ങളേ വേണ്ട എന്നായിരുന്നു. ഇപ്പോൾ അതേപ്പറ്റിയും ആലോചിക്കുന്നുണ്ട്. മമ്മയ്ക്ക് ഞാനിപ്പോഴും ചെവിതല കൊടുക്കുന്നില്ല. അങ്ങനെ നോക്കിയില്ലേൽ മമ്മ പിടിവിട്ടു പോകുമെന്ന് ഞാൻ പറയാതെ തന്നെ പപ്പയ്ക്കറിയാലോ. 

പപ്പക്ക് എന്നെ ഏറ്റവും ആവശ്യമുണ്ടായിരുന്ന സമയത്തൊന്നും കൂടെ നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. അതിന്റെ സങ്കടം മരിച്ചാലും മാറില്ല. വിവാഹം കഴിക്കാനുള്ള ധൈര്യം വരുന്നില്ല പപ്പാ..! "ഒക്കെ ശരിയാവും നെ ധൈര്യമായിട്ട് പോ മോളെ.." എന്ന് പറഞ്ഞ് എന്റെ കൂടെ നിൽക്കാൻ പപ്പയില്ലല്ലോ. അതാണ് ധൈര്യക്കുറവ്.  കെട്ടിയില്ലെങ്കിലെന്താ... ഒന്നിനും ഒരു കുറവുമില്ല എനിക്ക്. ഇപ്പോൾ വന്നുകണ്ടാൽ പാപ്പയ്ക്കും മോളെപ്പറ്റി അഭിമാനം തോന്നും. ഇപ്പോഴും അതേ പഴയ താന്തോന്നി, തർക്കുത്തരക്കാരി കുട്ടി തന്നെ ഞാൻ. അതൊന്നും മാറ്റാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല..! 

ഞാൻ വെയിറ്റൊന്നും കൂടിയിട്ടില്ല. ഹെഡ് വെയിറ്റ് ഏറിയിട്ടുണ്ടെന്ന് ചിലർ പറഞ്ഞേക്കും ചിലപ്പോൾ. പപ്പയോട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമുണ്ട്.. ഇന്നും മിസ് ചെയ്യുന്നുമുണ്ട്...! " 

ഈ എസ്എംഎസ് അയച്ചുവിട്ടപ്പോൾ കഴിഞ്ഞ നാലു വർഷക്കാലത്തെപ്പോലെ, മറുപടിയൊന്നും പ്രതീക്ഷിച്ചിരുന്നില്ല ചാസ്റ്റിറ്റി. എന്നാലും അയച്ചു കഴിഞ്ഞപ്പോൾ ഒരു സമാധാനം. അതേ, ആ സമാധാനത്തിന് വേണ്ടിയായിരുന്നു ഇത്രയും കാലം അവൾ അച്ഛന്റെ നമ്പറിലേക്ക് മെസ്സേജ് അയച്ചുകൊണ്ടിരുന്നത്. എന്നാൽ, മകളെ ഞെട്ടിച്ചുകൊണ്ട് ഈ മെസ്സേജിന് അച്ഛന്റെ ഫോൺ നമ്പറിൽ നിന്ന് മറുപടി വന്നു. 

മറുപടിയിൽ ഇങ്ങനെ കുറിച്ചിരുന്നു, " പൊന്നുമോളെ, ഞാൻ നിന്റെ അച്ഛനൊന്നും അല്ല. പക്ഷേ, നീ അയച്ചുവിട്ടിരുന്ന മെസ്സേജുകൾ ഒന്നുപോലും വിടാതെ എനിക്ക് കിട്ടിക്കൊണ്ടിരുന്നു കഴിഞ്ഞ നാലുവർഷമായി. രാത്രിയും രാവിലെയും നീ അയച്ചിരുന്ന മെസ്സേജുകൾ വരാൻ വേണ്ടി ഞാൻ കാത്തിരിക്കുമായിരുന്നു. എന്റെ പേര് ബ്രാഡ് എന്നാണ്. എന്റെ മോൾ ഒരു കാറപകടത്തിൽ മരിച്ചിട്ട് ഒരു വർഷം തികയുന്ന നേരത്താണ് നിന്റെ ആദ്യത്തെ മെസ്സേജ് ഞാൻ കാണുന്നത്. മോളില്ലാതെ എന്തിന് ജീവിക്കണം എന്നുപോലും ചിന്തിച്ചുകൊണ്ടിരുന്ന ഒരു പാവം അച്ഛനെ ഒരർത്ഥത്തിൽ നിന്റെ ആ സന്ദേശങ്ങൾ രക്ഷിച്ചത് ഒരു ആത്മഹത്യയിൽ നിന്നായിരുന്നു മോളെ. നിന്റെ മെസേജ് വരുമ്പോഴൊക്കെ എനിക്ക് ദൈവത്തിന്റെ സന്ദേശം കിട്ടുന്നപോലെയാണ് തോന്നാറ്. മോൾക്ക്, ജീവിതത്തിൽ ഏറ്റവും സ്നേഹിച്ചിരുന്ന അച്ഛനെ നഷ്ടപ്പെട്ടു  എന്നെനിക്കറിയാം. വേണ്ടപ്പെട്ടവർ പറയാതെ പോവുമ്പോഴുള്ള സങ്കടം എന്നെക്കാൾ നന്നായി ആർക്കാണ് അറിയുക..!  

കഴിഞ്ഞ നാലുവർഷമായി എനിക്കയച്ചുകൊണ്ടിരുന്ന സന്ദേശങ്ങളിലൂടെ മോളുടെ ജീവിതത്തിലെ ഓരോ ദിവസത്തിന്റെയും വിശേഷങ്ങളിൽ ഞാനും പങ്കാളിയാണ്. മറ്റാരേക്കാളും നന്നായി ഇന്ന് മോളെപ്പറ്റി എനിക്കറിയാം. നിന്റെ മെസ്സേജുകൾ കിട്ടിത്തുടങ്ങി കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ, നിനക്ക് മറുപടി എഴുതിയാലോ എന്ന് ഞാൻ കരുതിയതാണ്. പക്ഷേ, അന്നൊക്കെ നീ ആകെ സങ്കടത്തിലായിരുന്നു. നിന്റെ ഹൃദയം ഒരിക്കൽ കൂടി മുറിപ്പെടുത്താൻ എനിക്കന്നു ധൈര്യമുണ്ടായില്ല. നീ ഒരു ചുണക്കുട്ടിയാണ്. എന്റെ മോൾ ജീവനോടുണ്ടായിരുന്നെങ്കിൽ, ഇന്നൊരു പക്ഷേ, നിന്നെപ്പോലെ മിടുക്കിയായിരുന്നെന്നെ അവളും. 

നിന്റെ മെസ്സേജുകൾ മുടങ്ങാതെ വന്നപ്പോഴാണ് ഞാൻ ദൈവത്തിൽ പോലും വീണ്ടും വിശ്വാസമർപ്പിച്ചു തുടങ്ങിയത്. എന്റെ മോളെ ദൈവം നേരത്തെ കൊണ്ടുപോയത് നിന്നെപ്പോലൊരാളെ എനിക്ക് പകരം തന്നിട്ടാണ് എന്ന് ഞാൻ കരുതി. ഇന്നത്തെ ഈ ദിവസം ഞാൻ ഏറെക്കാലമായി പ്രതീക്ഷിച്ചിരിക്കുന്ന ഒന്നാണ്.  നിന്റെ പരിശ്രമങ്ങൾ നീ തുടരണം. ഈ തുറന്നുപറച്ചിൽ നിന്നെ എങ്ങനെ സ്വാധീനിക്കും, നിന്നിൽ എന്ത് മാറ്റമുണ്ടാക്കും എന്നൊന്നും എനിക്കറിയില്ല. ഇത് നിനക്ക് കൂടുതൽ ഊർജം പകരുമെങ്കിൽ എനിക്ക് സന്തോഷം തോന്നും..! 


NB.  തല്ക്കാലം കുട്ടികൾ വേണ്ട ഒരു പട്ടിയെ ദത്തെടുത്ത് വളർത്താം എന്ന് കരുതിയ കാര്യം പറഞ്ഞല്ലോ. നിന്റെ അച്ഛനും അതറിഞ്ഞാൽ ഏറെ സന്തോഷിച്ചിരുന്നേനെ.  മോള് നന്നായിരിക്കൂ. എഴുത്ത് മുടക്കില്ല എന്ന് കരുതുന്നു. നാളെയും ഞാൻ മെസ്സേജിന് കാത്തിരിക്കും. 

ബൈ..!  " 

ചാസ്റ്റിറ്റി ഫേസ് ബുക്കിൽ പങ്കുവെച്ച ഈ സംഭാഷണം ഇന്നുവരെ ഒന്നര ലക്ഷത്തിലധികം ലൈക്കുകളും, മൂന്നു ലക്ഷത്തോളം ഷെയറുകളും നേടിയിട്ടുണ്ട്. പോസ്റ്റ് വൈറലായ ശേഷം നിരവധിപേർ പിന്തുണയറിയിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ ബന്ധപ്പെട്ടു എന്നും എല്ലാവരും തന്നോട് കാണിക്കുന്ന സ്നേഹത്തിന് നന്ദി പറയുന്നു എന്നും ചാസ്റ്റിറ്റി പറഞ്ഞു.