മുംബൈ: മുന്‍ കാമുകന്‍ രണ്‍ബീര്‍ കപൂറുമായുള്ള ബന്ധം തകര്‍ന്നതിന് ശേഷം വിഷാദരോഗത്തിന്‍റെ പിടിയിലകപ്പെട്ട ബോളിവുഡ് നടി ദീപിക പദുക്കോണ്‍ പലപ്പോഴും തന്‍റെ പ്രയാസങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ രോഗം തന്‍റെ ജീവിതത്തെ എത്രത്തോളം ബാധിച്ചുവെന്ന് തുറന്നുപറയുകയാണ് താരമിപ്പോള്‍. വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം വിശദമാക്കിയത്.

'എന്‍റെ അനുഭവത്തിന്‍റെ കാഠിന്യം വ്യക്തമാക്കാന്‍ ഏറ്റവും ഉചിതമായ വാക്ക് പോരാട്ടം എന്ന് തന്നെയാണ്. ഓരോ നിമിഷവും എനിക്ക് ജീവിതത്തോടുള്ള പോരാട്ടമാണ്. എല്ലാ സമയവും ഞാന്‍ തളര്‍ന്നുപോകുകയാണ്'- ദീപിക പറഞ്ഞു. ആളുകള്‍ക്ക് പലപ്പോഴും വിഷാദത്തെ കുറിച്ച് തെറ്റിദ്ധാരണയാണുള്ളത്. അടുത്തിടെ ഒരു നടന്‍ തനിക്ക് അത്യാഢംബരം ഇല്ലെന്നും അതുകൊണ്ട് തന്നെ  വിഷാദമില്ലെന്നും പറഞ്ഞെന്നും വിഷാദമൊരു ചോയ്സ് അല്ലെന്നും ദീപിക കൂട്ടിച്ചേര്‍ത്തു. 

തന്‍റെ അവസ്ഥയെക്കുറിച്ചും പലപ്പോഴും അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ചും തുറന്നുപറയുന്നതിലൂടെ ആശ്വാസം ലഭിക്കാറുണ്ടെന്നും മനസ്സിന്‍റെ ഭാരം കുറയുമെന്നും ദീപിക പറഞ്ഞു. വിഷാദരോഗമെന്ന അവസ്ഥ ചികിത്സ ആവശ്യമായ സാഹചര്യമാണെന്നും സ്വയം നിയന്ത്രിക്കാനാകില്ലെന്നും ദീപിക നേരത്തെ തന്നെ പറഞ്ഞിരുന്നു. 

രണ്‍വീര്‍ സിങുമായുള്ള വിവാഹത്തിന് മുമ്പ് ഏഴുവര്‍ഷത്തോളം ദീപികയും രണ്‍ബാര്‍ കപൂറും പ്രണയത്തിലായിരുന്നു. ദീപികയുടെ വിഷാദരോഗത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ രണ്‍ബീര്‍ കപൂറിനോട് ചോദിച്ചപ്പോള്‍ വിഷാദരോഗം മാറാന്‍ സ്വയം ശ്രമിക്കണമെന്നായിരുന്നു നടന്‍റെ മറുപടി.