ലണ്ടനിലെ അറിയപ്പെടുന്ന ഫാഷൻ ഫോട്ടോഗ്രാഫറാണ് ഡീൻ ഫ്രീമാൻ. റഷ്യക്കാരിയായ ഭാര്യ ഓൾഗ ഫ്രീമാനും, ഓട്ടിസം ബാധിതനായ പത്തുവയസ്സുള്ള മകൻ ഡൈലാൻ ഫ്രീമാനും ഒത്ത് വെസ്റ്റ് ലണ്ടനിലെ വീട്ടിലായിരുന്നു ആ കുടുംബം കഴിഞ്ഞിരുന്നത്. ഓഗസ്റ്റ് 16 -നാണ് ഡൈലാൻ ഫ്രീമാനെ സ്വന്തം വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

കുഞ്ഞിനെ കൊന്നുകളഞ്ഞത് താൻ തന്നെയാണ് എന്ന വിവരം പൊലീസിനോട് സമ്മതിച്ചത് സ്വയമേവ കീഴടങ്ങാനെത്തിയ അമ്മ ഓൾഗ തന്നെയായിരുന്നു. കടുത്ത വിഷാദരോഗത്തിന് അടിമയായ അവർ കഴിഞ്ഞ കുറെ ദിവസങ്ങളായി അതിനുള്ള മരുന്നുകൾ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. തിരക്കേറിയ ഫോട്ടോഗ്രാഫർ ആയ ഭർത്താവ് ഡീൻ പാലപ്പഴും യാത്രകളിൽ ആയിരുന്നതിനാൽ, ഓട്ടിസം ബാധിച്ച തന്റെ മകനെ പോറ്റേണ്ട ഉത്തരവാദിത്തം നിറവേറ്റിയിരുന്നത് ഓൾഗ ഒറ്റയ്ക്കായിരുന്നു. മകനെ ഉറക്കഗുളികകൾ കൊടുത്ത് മയക്കിക്കിടത്തി, അവന്റെ വായിൽ ഒരു സ്പോഞ്ച് കയറ്റി, തന്റെ ബ്രാ കൊണ്ട് അവന്റെ വാ മൂടിക്കെട്ടിയ ശേഷമാണ് ഓൾഗ തന്റെ സ്നേഹിതയെ വിളിച്ച് താൻ അങ്ങനെ ചെയ്തിട്ടുണ്ട് എന്നറിയിച്ചത്. ഫോൺ വെച്ച ശേഷം സ്നേഹിത ഓൾഗയുടെ വീട്ടിൽ ഓടിയെത്തിയപ്പോഴേക്കും മകൻ മരിച്ചിട്ടുണ്ടായിരുന്നു. 

അതിനു ശേഷം പൊലീസിനെ വിളിച്ചുവരുത്തുകയും, അവർ അമ്മയെ കൊലക്കുറ്റത്തിന് അറസ്റ്റു ചെയ്യുകയുമാണ് ഉണ്ടായത്. ഓട്ടിസത്തിന് പുറമെ കോഹൻ സിൻഡ്രവും അലട്ടിയിരുന്ന ഡൈലന് ഭാഗികമായി കാഴ്ചത്തകരാറും, സംസാരശേഷിക്കുറവും, ചലനശേഷിക്കുറവും ഉണ്ടായിരുന്നു. ശ്വാസനാളത്തിൽ സ്പോഞ്ച് കുടുങ്ങിയ കാരണം ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചത് എന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു. മരണസമയത്ത് കുട്ടിയുടെ അച്ഛൻ തൊഴിൽ സംബന്ധമായ യാത്രകളുടെ ഭാഗമായിസ്‌പെയിനിൽ ആയിരുന്നു. തന്റെ കുഞ്ഞ് ഏറെ മിടുക്കനായിരുന്നു എന്നും, അവന് തന്റെയൊപ്പം യാത്ര ചെയ്യാനും, നീന്താനും, ആർട്ട് ഗാലറികൾ സന്ദർശിക്കാനുമൊക്കെ വലിയ ഇഷ്ടമായിരുന്നു എന്നും അച്ഛൻ പറഞ്ഞു.