മുംബൈ: എൺപത്തിയെട്ടു വർഷങ്ങൾക്കുശേഷമാണ് മുംബൈയിൽ കുതിര (മൗണ്ടഡ്) പൊലീസ് സേനവിഭാ​ഗത്തെ നിയമിക്കുന്നത്. ട്രാഫിക് പൊലീസ് വിഭാ​ഗത്തിലും ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമായാണ് ​ന​ഗരത്തിൽ കുതിര പൊലീസിനെ നിയമിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് സജീവമായിരുന്നു കുതിര പൊലീസിനെ വളരെ പ്രൗഢിയോടുകൂടി തന്നെയാണ് വർഷങ്ങൾക്കിപ്പുറവും പൊലീസ് വകുപ്പ് അവതരിപ്പിച്ചിരിക്കുന്നത്. അതിൽ എടുത്തുപറയേണ്ടത് അവരുടെ വസ്ത്രധാരത്തെക്കറിച്ചാണ്. പ്രശസ്ത ബോളിവുഡ് ഡിസൈനറായ മനീഷ് മൽഹോത്രയാണ് കുതിര പൊലീസിന്റെ യൂണിഫോം ഡിസൈൻ ചെയ്തിരിക്കുന്നത്.

ഇറക്കം കുറഞ്ഞ ഷർവാണിയും തൂവെള്ള നിറത്തിലുമുള്ള പാന്റ്സുമാണ് കുതിര പൊലീസിനായി മനീഷ് മൽഹോത്ര ഡിസൈൻ ചെയ്തിരിക്കുന്ന വസ്ത്രം. കഴുത്തിലും കയ്യിലും നെഞ്ചിലും ത്രെഡ് വർക്കുള്ള ഷർവാണിക്കൊപ്പം ഹൈവി ഡിസൈനിലുള്ള തൊപ്പിയും കൊടുത്തിട്ടുണ്ട്. രാജകീയ ലുക്ക് തോന്നിക്കുന്നതിനായി ഇരുത്തോളുകളിലുമായി ഡിസൈൻ ചെയ്ത ബാഡ്ജും ഒരുക്കിയിട്ടുണ്ട്. പരമ്പരാ​ഗത മറാത്ത യോദ്ധാവിന്റെ തൊപ്പിയെ ഓർമ്മപ്പെടുത്തുന്നതാണ് കുതിര പൊലീസിന്റെ തൊപ്പി. സ്വർണ്ണ നിറമുള്ള നൂലൂകൾ ഉപയോ​ഗിച്ചാണ് തൊപ്പി തയ്യാറാക്കിയിരിക്കുന്നത്. നേവി ബ്ലൂ നിറമുള്ള ഷർവാണി ധരിക്കുമ്പോൾ അരയ്ക്ക് ചുറ്റുന്നതിനായി ചുവന്ന സിൽക്ക് നാടയും ഒരുക്കിയിട്ടുണ്ട്.

പ്രൗഢിയുടെ കാര്യത്തിൽ കുതിരയും ഒട്ടുംപിന്നിലല്ല. ചുവന്ന ബെൽബറ്റ് കൊണ്ടാണ് കുതിരയെ അലങ്കരിച്ചിരിക്കുന്നത്. കുതിരയുടെ മൂക്കിന് മുകളിലായാണ് റിബൺ കൊട്ടിവച്ചിരിക്കുന്നത്. കുതിരപ്പുറത്ത് ഇരിക്കുന്നതിനായി നീല നിറത്തിലുള്ള ഡിസൈനർ തുണിയും വിരിച്ചിട്ടുണ്ട്. മൊത്തത്തിൽ രാജകീയ പ്രൗഢിയോടുകൂടിയാണ് കുതിരയും കുതിര പൊലീസും ന​ഗരത്തിൽ ഇറങ്ങുക എന്ന് മനീഷ് മൽഹോത്ര പറഞ്ഞു.

എന്നാൽ, മനീഷിന്റെ ഡിസൈനിനെതിരെ ഭിന്നാഭിപ്രായമാണ് ട്വീറ്ററിൽ‌ ഉയരുന്നത്. വസ്ത്രത്തിന്റെ ഡിസൈൻ നന്നായിട്ടുണ്ടെന്ന് ചിലർ പറയുമ്പോൾ മറ്റുചിലർ രൂക്ഷവിമർശനങ്ങളാണ് ഉന്നയിക്കുന്നത്. മുംബൈയിലെ ഈ ചൂടിനിടയിൽ ഇത്തരം വസ്ത്രങ്ങൾ ധരിച്ച് എങ്ങിനെ പൊലീസുകാർ ജോലി ചെയ്യുമെന്നാണ് ഭൂരിഭാ​ഗം പേരും ചോദിക്കുന്നത്. ഇത് 'കുറച്ച് ഓവറായി' പോയില്ലേയെന്ന് ചോദിക്കുന്നവരും ഉണ്ട്. കോളോണിയൽ ഭരണക്കാലത്തെ ഹാ​ഗോവറിൽ നിന്ന് മനീഷ് മൽഹോത്ര ഇതുവരെ വിട്ടുവന്നില്ലെന്നും ആളുകൾ വിമർശിക്കുന്നുണ്ട്.

അതേസമയം, കുതിര പൊലീസിനായി വസ്ത്രം ഡിസൈൻ ചെയ്ത മനീഷ് മൽഹോത്രയെ പൊലീസ് യൂണിറ്റ് അഭിനന്ദിച്ചു. മുംബൈ പൊലീസിന്റെ വാർഷിക ഷോ ആയ ഉമാംഗ് 2020യിലായിരുന്നു പൊലീസ് യൂണിറ്റ് അദ്ദേഹത്തെ അനുമോദിച്ചത്. രാജ്യത്തെ ഏറ്റവും വലിയ പൊലീസ് വകുപ്പുകളായ മുംബൈ പൊലീസിനായി ഏതെങ്കിലും വിധത്തിൽ സംഭാവന ചെയ്യാൻ കഴിഞ്ഞതിൽ കൃതഞ്ജത അറിയിക്കുന്നതായി മനീഷ് മൽഹോത്ര പറഞ്ഞു. താൻ ഡിസൈൻ ചെയ്ത യൂണിഫോമിൽ പൊലീസുകാരെ കാണാൻ കഴിയുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.