Asianet News MalayalamAsianet News Malayalam

ആത്മഹത്യാപ്രവണതയുണ്ടോ? സ്വയം പരിശോധിക്കാം; മറികടക്കാന്‍ ചില പൊടിക്കൈകളും...

ആത്മഹത്യാപ്രവണതയുള്ളവര്‍ സ്വയമോ അല്ലെങ്കില്‍ മറ്റുള്ളവരാലോ പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നവര്‍ തന്നെയാണ്. ഒന്നുകില്‍ ഈ ശ്രദ്ധയും കരുതലും സ്വയം നല്‍കാം. അല്ലെങ്കില്‍ അയാളുടെ പ്രിയപ്പെട്ടവര്‍ക്ക് അത് നല്‍കാം. സ്വയം ശ്രദ്ധയോടെ മുന്നോട്ടുപോകുന്നത് തന്നെയാണ് ഏറ്റവും ഉത്തമമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇതിനായി, ഓരോരുത്തര്‍ക്കും സ്വന്തം മാനസികനിലയെ ഒന്ന് പരീക്ഷിക്കാം

different ways to overcome suicidal tendencies
Author
Trivandrum, First Published Sep 10, 2019, 4:32 PM IST

എനിക്ക് ജീവിതം മടുത്തു, ഇനി മരിച്ചാല്‍ മതിയെന്ന് പറയുന്ന എത്ര സുഹൃത്തുക്കളെ നിങ്ങള്‍ കണ്ടിട്ടുണ്ട്? അല്ലെങ്കില്‍ നിങ്ങള്‍ തന്നെ ഇത്തരം വാക്കുകള്‍ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? ഒരിക്കലെങ്കിലും ഇങ്ങനെയെല്ലാം പറാത്തവര്‍ കുറവായിരിക്കും. എന്നാല്‍ എപ്പോഴും ഇതുതന്നെ ആവര്‍ത്തിക്കുന്നവരാണെങ്കിലോ? 

അത്തരക്കാരെ ഒന്ന് ശ്രദ്ധിക്കണമെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും മരിക്കാന്‍ വേണ്ടിയല്ല, ജീവിതമവസാനിപ്പിക്കുന്നത്, മറിച്ച് അസഹനീയമായ ഒരുവസ്ഥയെ അതിജീവിക്കാനാകാത്തതിനാലാണ് മരണം തെരഞ്ഞെടുക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതായത്, ജീവന്റെ അവസാന പിടച്ചിലുകളില്‍ അവര്‍ക്ക് വേണ്ടായിരുന്നുവെന്ന് തോന്നിയേക്കാമെന്ന്. 

കടുത്ത സാമ്പത്തിക പ്രയാസമോ, സാമൂഹികവും വൈകാരികവുമായ വിഷയമോ (പ്രണയനൈരാശ്യം , കുടുംബപ്രശ്‌നങ്ങള്‍), വിഷാദമോ അങ്ങനെയെന്തുമാകാം ഒരാളെ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുന്നത്. അത് എന്തുതന്നെയാണെങ്കിലും തന്നെക്കൊണ്ട് പരിഹരിക്കാവുന്നതല്ല എന്ന തോന്നലാണ് ഇനി മുന്നോട്ടുപോകേണ്ടെന്ന തീരുമാനത്തിലേക്ക് അയാളെയെത്തിക്കുന്നത്. 

different ways to overcome suicidal tendencies

അത്തരത്തില്‍ ഏത് തരം പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും നിരന്തരം മരണത്തെക്കുറിച്ച് പറയുന്ന ഒരാള്‍ക്ക് അടിസ്ഥാനപരമായി ആത്മഹത്യാപ്രവണതയുണ്ടെന്ന് വേണം മനസിലാക്കാന്‍. മനസിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന ഏതെങ്കിലുമൊരു നിമിഷത്തില്‍ ആ വ്യക്തി മരണത്തെ തെരഞ്ഞെടുക്കാനുള്ള സാധ്യതകളും കൂടുതലാണെന്ന് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു. 

ആത്മഹത്യാപ്രവണതയെ തിരിച്ചറിയാം...

ആത്മഹത്യാപ്രവണതയുള്ളവര്‍ സ്വയമോ അല്ലെങ്കില്‍ മറ്റുള്ളവരാലോ പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നവര്‍ തന്നെയാണ്. ഒന്നുകില്‍ ഈ ശ്രദ്ധയും കരുതലും സ്വയം നല്‍കാം. അല്ലെങ്കില്‍ അയാളുടെ പ്രിയപ്പെട്ടവര്‍ക്ക് അത് നല്‍കാം. സ്വയം ശ്രദ്ധയോടെ മുന്നോട്ടുപോകുന്നത് തന്നെയാണ് ഏറ്റവും ഉത്തമമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇതിനായി, ഓരോരുത്തര്‍ക്കും സ്വന്തം മാനസികനിലയെ ഒന്ന് പരീക്ഷിക്കാം. താഴെപ്പറയുന്ന ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോയെന്ന് പരിശോധിക്കൂ...

1. എന്ത് പ്രശ്‌നങ്ങളുണ്ടാകുമ്പോഴും അതിനുള്ള പരിഹാരം തിരക്കുന്നതിന് പകരം മരണത്തെക്കുറിച്ച് ഓര്‍ക്കുന്നത്.

2. ആത്മഹത്യയെക്കുറിച്ച് നിരന്തരം സംസാരിക്കുന്നത്.

3. ചെറുതോ വലുതോ ആയ ആത്മഹത്യാശ്രമങ്ങള്‍ മുമ്പ് നടത്തിയിട്ടുള്ളവര്‍.

4. വിഷാദം, ഉത്കണ്ഠ എന്നിങ്ങനെയുള്ള മാനസികപ്രശ്‌നങ്ങളുണ്ടാകുന്നത്. 

5. ജീവിതത്തില്‍ ഒന്നിനോടും ഇഷ്ടമോ ആകര്‍ഷണമോ തോന്നാതിരിക്കുന്നത്.

6. സുഹൃത്തുക്കളില്‍ നിന്നും പ്രിയപ്പെട്ടവരില്‍ നിന്നുമെല്ലാം അകന്ന് ഒറ്റയ്ക്കാകുന്നത്. 

7. ഉറക്കം ഭക്ഷണം എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ വിഷയങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നത്. 

8. എങ്ങനെ മരിക്കണമെന്ന് പ്ലാന്‍ ചെയ്യുന്നത്. ഗൂഗിളിലും മറ്റും ഇതിനെക്കുറിച്ച് അന്വേഷിക്കുന്നത്. 

9. അസാധാരണമാം വിധം പെട്ടെന്ന് ദേഷ്യം വരിക, കരയുക, പൊട്ടിത്തെറിക്കുക, മൗനമായി ഇരിക്കുക തുടങ്ങിയ 'എക്‌സ്ട്രീം മൂഡ് വേരിയേഷന്‍'. 

10. ലഹരി ഉപയോഗിക്കുന്ന ആളാണെങ്കില്‍ പോലും അതിന് അടിമയായി മാറുന്നത്. 


അതുപോലെ എന്തെങ്കിലും ഗൗരവമുള്ള അസുഖങ്ങളോ, പെടുന്നനെയുണ്ടാകുന്ന കടുത്ത സാമ്പത്തിക പ്രയാസങ്ങളോ, അപ്രതീക്ഷിതമായി പ്രിയപ്പെട്ടവര്‍ മരണത്തിലൂടെയോ അല്ലാതെ നഷ്ടപ്പെട്ടവരോ, നിയമപരമായ ഏതെങ്കിലും പ്രശ്‌നങ്ങളില്‍പ്പെട്ടവരോ ഒക്കെയും ആത്മഹത്യാപ്രവണത കാണിക്കാന്‍ സാധ്യതകളേറെയാണ്. 

ആശങ്ക വേണ്ടേവേണ്ട...

മുകളില്‍പ്പറഞ്ഞ ലക്ഷണങ്ങളുള്ള എല്ലാവരിലും ഏറിയും കുറഞ്ഞും ആത്മഹത്യാപ്രവണതയുണ്ട് എന്ന് വേണം മനസിലാക്കാന്‍. എന്നാല്‍ ഒട്ടും ആശങ്കപ്പെടേണ്ടതില്ല. കാരണം നമ്മളില്‍ ഈ പ്രവണതയുണ്ടെങ്കില്‍പ്പോലും മരിച്ചുകളയാനുള്ള തീരുമാനത്തില്‍ പ്രായോഗികമായി എത്തുന്നവര്‍ ഇതില്‍ വളരെ കുറച്ച് ശതമാനം പേര്‍ മാത്രമാണ്. എങ്കിലും സ്വയം ഇക്കാര്യം തിരിച്ചറിയുന്നത് അതിനെ പരിഹരിച്ച് മുന്നോട്ടുപോകാന്‍ നമ്മളെ ഏറെ  സഹായിക്കുമെന്നോര്‍ക്കുക.

മോശം ചിന്തകള്‍ മനസിലേക്ക് കയറിവരുമ്പോള്‍ത്തന്നെ സ്വയം ഒരാര്‍ജ്ജവത്തില്‍ അതിനെ പുറന്തള്ളാന്‍ പരിശീലിക്കുക, എങ്ങോട്ടെങ്കിലും നടക്കാന്‍ പോകാം, അല്ലെങ്കില്‍ യാത്ര ചെയ്യാം, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുകയോ ഇഷ്ടപ്പെട്ട സിനിമ കാണുകയോ ചെയ്യാം. അങ്ങനെ ഏതുരീതിയിലും ഈ തോന്നലിനെ മറികടക്കാം. മനസിന് പിന്നെയും വിഷമം ഉണ്ടാക്കുന്ന പാട്ടുകള്‍, സിനിമകള്‍, ഓര്‍മ്മകള്‍ എന്നിവയിലേക്ക് തീര്‍ച്ചയായും കടക്കരുത്. ഇത് സ്വയം നിര്‍ബന്ധപൂര്‍വ്വം ഉണ്ടാക്കിയെടുക്കേണ്ട ശീലമാണെന്ന് ഓര്‍ക്കുക. 

different ways to overcome suicidal tendencies

മരണം എന്ന് മനസ് മന്ത്രിക്കുമ്പോള്‍ രണ്ടാമതായി ചെയ്യേണ്ടത് പ്രിയപ്പെട്ടവരെ തേടിപ്പോവുകയെന്നതാണ്. എത്ര ചെറിയവരാണെങ്കിലും നമ്മുടെ മരണം ആര്‍ക്കെങ്കിലും നഷ്ടമുണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത്തരത്തില്‍ മറ്റുള്ളവരെ മനപ്പൂര്‍വ്വം വേദനിപ്പിച്ചുകൊണ്ട് നമ്മള്‍ കടന്നുപോകേണ്ടതുണ്ടോ? അല്ലെങ്കില്‍ത്തന്നെ സ്വയം അത്തരമൊരു നീതിയാണോ നമ്മള്‍ നമുക്ക് നല്‍കേണ്ടത്? അതിനാല്‍ എപ്പോഴും പ്രിയപ്പെട്ടവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി ഉള്ളില്‍ സൂക്ഷിക്കുക. മനസിന്റെ ധൈര്യം ക്ഷയിക്കുന്നുവെന്ന് കണ്ടാല്‍ ഉടന്‍ തന്നെ അവരിലേക്ക് ഓടിക്കയറണം. അവരോട് തുറന്ന് സംസാരിക്കണം. തീര്‍ച്ചയായും മനസ് മാറിയിരിക്കും. 

ഏതെങ്കിലും പ്രശ്‌നത്തിന്റെ ഭാഗമായി ആത്മഹത്യ ചെയ്‌തേക്കാമെന്ന് ചിന്തിക്കുമ്പോള്‍ ആ പ്രശ്‌നത്തില്‍ നിന്ന് നമ്മള്‍ മാറിപ്പോവുകയാണ് ചെയ്യുന്നത്. കഴിവിന്റെ പരമാവധി ആ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുക. കയ്യില്‍ നില്‍ക്കുന്നില്ലെന്ന് കണ്ടാല്‍ കുടുംബത്തെയോ സുഹൃത്തുക്കളെയോ സമൂഹത്തെത്തന്നെയോ സധൈര്യം ആശ്രയിക്കുക. നിങ്ങളുടെ ജീവനില്‍ ഇപ്പറഞ്ഞ എല്ലാവര്‍ക്കും ബാധ്യതയും അവകാശവും ഉണ്ടെന്ന് സങ്കല്‍പിക്കുക. നിങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ അവരിലാര്‍ക്കെങ്കിലും കഴിയാതിരിക്കുമോ? 

നാലാമതായി പറയാനുള്ളത്- അപകടരകരമായ തരത്തില്‍ ചിന്തകള്‍ പോകുമ്പോള്‍ ഫോണില്‍ ബന്ധപ്പെടാന്‍ തക്ക രീതിയില്‍ ഒരു സൈക്കോളജിസ്റ്റിന്റെയെങ്കിലും ഫോണ്‍ നമ്പര്‍ നിങ്ങള്‍ സൂക്ഷിക്കുക. അത്തരത്തില്‍ പ്രൊഫഷണലായ ഒരാളോടെങ്കിലും അടുപ്പം സൂക്ഷിക്കുകയും വേണം. തനിയെ കൈകാര്യം ചെയ്യാനാതാത്ത മനസിനെ കൈകാര്യം ചെയ്യാന്‍ ഇങ്ങനെയുള്ള പ്രൊഫഷണലുകളെ ആശ്രയിക്കുന്നത് തികച്ചും ആരോഗ്യകരമായ പ്രവണതയാണെന്ന് മനസിലാക്കുക. ഇക്കാര്യത്തില്‍ നാണക്കേടോ അഭിമാനപ്രശ്‌നമോ ഒന്നും തോന്നേണ്ടതില്ല.

എപ്പോഴും നല്ല ഭക്ഷണം കഴിക്കാനും, വ്യായാമം ചെയ്യാനും, കഴിയുന്നത് പോലെ ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനും ശ്രമിക്കുക. ഏത് തരം ലഹരിയും ഒരു പരിധി വിട്ടാല്‍ അപകടമാണെന്ന് തന്നെ മനസിലാക്കുക. ശരീരത്തെ നല്ലരീതിയില്‍ നിലനിര്‍ത്തുന്നത് സ്വാഭാവികമായും മനസിന്റെ ആരോഗ്യത്തെയും നല്ലരീതിയില്‍ത്തന്നെ സ്വാധീനിക്കും. ചെറിയ ചെറിയ സന്തോഷങ്ങള്‍ കണ്ടെത്തി, നന്ദിയോടെയും സ്‌നേഹത്തോടെയും സ്വന്തം ജീവനെ ചേര്‍ത്തുനിര്‍ത്താന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ. അതോടൊപ്പം പ്രിയപ്പെട്ടവരുടെ ജീവനെക്കരുതിയും ഒരു കരുതല്‍ നമ്മളിലുണ്ടായിരിക്കട്ടെ.

Follow Us:
Download App:
  • android
  • ios