വേനൽക്കാലങ്ങളിലെ വസ്ത്രധാരണം മുതിർന്നവരേക്കാൾ ശ്രദ്ധിക്കേണ്ടത് കുട്ടികളിലാണ്. കാരണം കുട്ടികളുടെ ചർമ്മം മുതിർന്നവരേക്കാൾ ലോലമാണ്. അവർക്ക് വേനൽ ചൂടിനെ പ്രതിരോധിക്കാൻ പ്രയാസമാകുംതോറും ചർമ്മ രോഗങ്ങളും കൂടും. കോട്ടൺ വസ്ത്രങ്ങളാണ് വേനലിൽ ധരിക്കാൻ കൂടുതൽ നല്ലത്.

കോട്ടൺ വസ്ത്രങ്ങൾ വിയർപ്പ് വലിച്ചെടുക്കുന്നതുവഴി ചർമ്മത്തിന് തടസ്സങ്ങളില്ലാതെ ശ്വസിക്കാം. മറ്റ് വസ്ത്രങ്ങളിൽ വിയർപ്പ് തങ്ങി നിൽക്കും അതുവഴി ചൊറിച്ചിൽ അനുഭവപ്പെടാം. കടുത്ത നിറങ്ങൾ ചൂടിനെ ആഗിരണം ചെയ്യുന്നതിനാൽ ഇളം നിറങ്ങളാണ് വേനലിൽ അഭികാമ്യം. വേനൽക്കാലത്ത് കുട്ടികൾക്ക് വസ്ത്രം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചിലത്...

ഒന്ന്...

കുട്ടികളുടെ ചര്‍മ്മം ലോലമായതിനാൽ നിലവാരം കുറഞ്ഞ വസ്ത്രങ്ങള്‍ അലർജി പോലുള്ള അസുഖങ്ങളുണ്ടാക്കും. കോട്ടണ്‍ വസ്ത്രങ്ങളായാലും സിന്തറ്റിക് വസ്ത്രങ്ങൾ ആണെങ്കിലും വസ്ത്രങ്ങൾ മികച്ച നിലവാരത്തിലുള്ളവയാണെന്ന് ഉറപ്പാക്കണം.

രണ്ട്...

പിറന്നാളിനും മറ്റും കുട്ടികളെ ധരിപ്പിക്കുന്ന വസ്ത്രങ്ങളിലെ മുത്തുകളും സീക്വൻസുകളും ദേഹത്ത് പോറലുകളും മുറിവുകളും ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഇത് പിന്നീട് അണുബാധയ്ക്ക് കാരണമായേക്കാം. അതിനാൽ തന്നെ കഴിവതും അത്തരത്തിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കാം.

മൂന്ന്...

കുട്ടികളുടെ പ്രായത്തിനിണങ്ങിയതും നിറത്തിന് യോജിക്കുന്നതുമായ ഡിസൈനുകള്‍ വേണം തെരഞ്ഞെടുക്കാൻ.  വസ്ത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ കുട്ടികളുടെ ഇഷ്ടങ്ങൾക്കും പരിഗണന നല്‍കണം.