നന്നായിട്ട് ഒന്ന് ഉറങ്ങിയിട്ട് എത്ര ദിവസമായി എന്ന്  പലരും പറയാറുണ്ട്. ഉറക്കമില്ലായ്‌മ ഇന്ന് പലരെയും ബാധിക്കുന്നൊരു പ്രശ്നമാണ്. എന്നാല്‍ ഉറക്കം മനുഷ്യന് അനുവാര്യമാണെന്ന് എല്ലാവര്‍ക്കും ധാരണയുമുണ്ട്. 

ലോകത്ത് ഉറക്കമില്ലാത്തവരുടെ ഗണത്തില്‍ ഇന്ത്യയുടെ സ്ഥാനം രണ്ടാമതാണെന്ന കണക്കാണ് അടുത്തിടെ പുറത്തുവന്നത്.  ഫിറ്റ്ബിറ്റ് എന്ന കമ്പനിയാണ് 18 രാജ്യങ്ങളിലായി ഈ പഠനം നടത്തിയത്. ഉറക്കമില്ലായ്മ പല  ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അറിയാമെങ്കിലും രാത്രി മുഴുവന്‍ ഫോണില്‍ നോക്കിയിരുന്ന് ഉറക്കം നഷ്ടപ്പെടുന്നവരാണ് ഇന്ന് പലരും. മാനസിക പ്രശ്നങ്ങള്‍ മൂലവും ചില രോഗങ്ങളുമായി ബന്ധപ്പെട്ടും ഉറക്കം നഷ്ടപ്പെടാം. 

ആരോഗ്യവാനായ ഒരു യുവാവ് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങണം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ശരിയായ രീതിയില്‍ ഉറക്കം ലഭിച്ചാല്‍ അത് നിങ്ങള്‍ക്ക് ആരോഗ്യകരമായ ഒരു സാമൂഹിക ജീവിതം ലഭിക്കാന്‍ സഹായിക്കും എന്നാണ് പുതിയൊരു പഠനം പറയുന്നത്. നല്ല രീതിയില്‍ ഉറക്കം ലഭിച്ചാല്‍ ബന്ധങ്ങള്‍ നിലനിര്‍ത്താനും കഴിയുമെന്നും പഠനം സൂചിപ്പിക്കുന്നു. നെച്ചര്‍ കമ്മ്യൂണിക്ഷേഷന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

നന്നായി ഉറങ്ങിയാല്‍ നിങ്ങളിലെ ആക്രമണസ്വഭാവം തടയാന്‍ സാധിക്കുമെന്നും യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തില്‍ പറയുന്നു.