ലണ്ടന്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഠിനാധ്വാനം ചെയ്യുന്നത് ആരോഗ്യപ്രവര്‍ത്തകരാണ്. ഒരേസമയം തുടര്‍ച്ചയായ ജോലി, ആരോഗ്യ സുരക്ഷ എല്ലാം അവരെ സമ്മര്‍ദ്ദത്തിലാക്കുന്നുമുണ്ട്. ഇതിനിടെ ലണ്ടനിലെ ഒരു ആശുപത്രിയില്‍ വച്ച് ഡോക്ടറും നഴ്സും വിവാഹിതരായി. ഇരുവരും ജോലി ചെയ്യുന്ന ആശുപത്രിയില്‍ വച്ചുതന്നെയായിരുന്നു വിവാഹം. 

ഇരുവരുടെയും 'ബിഗ് ഡേ'യുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ജാന്‍ ടിപ്പിംഗും അന്നാലന്‍ നവരത്നവുമാണ് വലിയ രീതിയില്‍ വിവാഹം നടത്താനുള്ള പദ്ധതികളെല്ലാം മാറ്റിവച്ച് ഇത്തരമൊരു ചെറിയ ചടങ്ങിലേക്ക് ഒതുങ്ങാന്‍ തീരുമാനിച്ചത്. 

നോര്‍ത്തേണ്‍ ഐര്‍ലന്‍റില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും രക്ഷിതാക്കള്‍ക്ക് ലണ്ടനിലെത്താന്‍ കഴിയാത്തതിനാലാണ് അത്രയും ലളിതമായി, ജോലി ചെയ്യുന്ന ആശുപത്രിയില്‍ വച്ചുതന്നെ വിവാഹം നടത്തിയത്.

'ഞങ്ങളുടെ ബന്ധുക്കള്‍ ഞങ്ങളെ സ്ക്രീനില്‍ കാണുകയാണ് ഉണ്ടായതെങ്കില്‍ കൂടി എല്ലാവരും ആരോഗ്യത്തോടെ ഇരിക്കെ ഞങ്ങള്‍ക്ക് ഈ ആഘോഷം നടത്തണമായിരുന്നു' ടിപ്പിംഗ് പറഞ്ഞു. 

ഏപ്രില്‍ 24നാണ് വിവാഹം നടന്നത്. എന്നാല്‍ രണ്ട് ദിവസം മുമ്പാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചത്. ഇതോടെ ഇരുവരെയും സോഷ്യല്‍മീഡിയ ഏറ്റെടുത്തു. ജോലി ചെയ്യുന്ന സ്ഥലത്തുവച്ചുതന്നെ വിവാഹിതരാകുന്നത് 'സര്‍ റിയല്‍' ആണെന്നായിരുന്നു വിവാഹച്ചടങ്ങിനോടുള്ള ടിപ്പിംഗിന്‍റെ പ്രതികരണം. 

മാര്‍ച്ച് 23 മുതല്‍ കടുത്ത ലോക്ക്ഡൗണിലാണ് യുകെ. രാജ്യത്ത് 2.6 ലക്ഷം കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 56 ലക്ഷം കടന്നു.