ടെക്സാസിൽ വളർന്ന ഈവ് വിലി പതിനാറാം വയസിലാണ് താന്‍ ജനിച്ചത് കൃത്രിമബീജ സങ്കലനത്തിലൂടെയാണെന്ന് തിരിച്ചറിഞ്ഞത്. ഇപ്പോൾ 65 വയസുള്ള മാർഗോ വില്യംസ് ആണ് ഈവ് വിലിയുടെ അമ്മ. ഭർത്താവിന് കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിനാലാണ് മോർഗോ വില്യംസ് സഹായം അഭ്യർത്ഥിച്ച് ഡോ. കിം മക്മോറിസിനെ കാണുന്നത്.

കാലിഫോര്‍ണിയയിലെ ബീജബാങ്ക് വഴി ഒരു ദാതാവിനെ കണ്ടെത്തിയതായി വില്യംസിനെ ഡോക്ടര്‍ അറിയിക്കുകയായിരുന്നു. കൃത്രിമബീജ സങ്കലനത്തിലൂടെ ഗർഭിണിയായ വില്യംസ് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഇപ്പോൾ, 32 വയസുള്ള ഇവ് വിലി ഡാലസിൽ വീട്ടമ്മയായി ജീവിച്ചുവരുന്നു. 2017, 2018 വർഷങ്ങളിൽ പതിനായിരക്കണക്കിന് അമേരിക്കക്കാരുടെ ഡി എൻ എ ടെസ്റ്റ് നടത്തി. എന്നാൽ, ഫലം പുറത്ത് വന്നപ്പോൾ ഈവ് ശരിക്കുമൊന്ന് ഞെട്ടി. 

ഈവിന്‍റെ ജീവശാസ്ത്രപരമായ പിതാവ് എന്ന് പറയുന്നത് കാലിഫോർണിയയിലെ ആ ബീജദാതാവ് അല്ല. അമ്മയ്ക്ക് ബീജദാതാവിനെ കണ്ടെത്തി കൊടുത്ത ഡോക്ടർ മക്മോറിസ് ആണ് തന്‍റെ പിതാവെന്ന് ഒരു തേങ്ങലോടെയാണ് ഈവ് അറിഞ്ഞത്. ഡി എന്‍ എ പരിശോധനാഫലത്തെ എതിര്‍ത്ത മക്മോറിസ് ഈവ് വിലിക്ക് എഴുതിയ കത്തില്‍ ബീജ ദാതാവിന്റെ ബീജവുമായി തന്റെ ബീജം കൂട്ടി കലര്‍ത്തിയിരുന്നുവെന്ന് സമ്മതിക്കുകയായിരുന്നു. 

ഈവ് വിലിയുടെ അമ്മയുടെ ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുന്നത് ലക്ഷ്യം വച്ച് മാത്രമായിരുന്നു അത് ചെയ്തതെന്നും മക്മോറിസ് കത്തിൽ പറയുന്നു. ലോസ് ആഞ്ചലസിലെ എഴുത്തുകാരനും പബ്ലിഷറുമായ 65 വയസുള്ള സ്റ്റീവ് സ്‌കോള്‍ ആയിരുന്നു ആ ബീജദാതാവ്. ഈവും പിതാവുമായുള്ള ബന്ധം നല്ല രീതിയില്‍ തുടരുകയാണ്. പിതാവും മകളുമായുള്ള ബന്ധം ആരംഭിച്ചെന്നും തന്റെ വിവാഹത്തിന് ഉത്തരവാദിത്തപ്പെട്ടയാളായി പിതാവായിരുന്നു ഉണ്ടായിരുന്നതെന്നും വിലി പറഞ്ഞു.

ഇത്തരത്തിലുള്ള ബീജ തട്ടിപ്പുകൾ ഇതാദ്യമായല്ല റിപ്പോർട്ട് ചെയ്യുന്നത്. 1970, 1980 കാലഘട്ടത്തിൽ ഇന്ത്യാനപോളിസിലെ വന്ധ്യത സ്പെഷലിസ്റ്റ് ഡോക്ടറായ ഡൊണാൾഡ് ക്ലിനെ മൂന്നു ഡസനോളം സ്ത്രീകൾക്ക് തന്‍റെ ബീജം നൽകിയിട്ടുണ്ട്. ഡി എൻ എ പരിശോധനകളുടെ അടിസ്ഥാനത്തിൽ 61 പേരുടെ ജീവശാസ്ത്രപരമായ പിതാവാണ് ഇയാളെന്ന് കണ്ടെത്തിയിരുന്നു.