Asianet News MalayalamAsianet News Malayalam

കുട്ടികളില്‍ ഓട്ടിസം ബാധിക്കുന്നതിന് സ്വയംഭോഗവും, ബ്ലൂ ഫിലിം ഒന്നും അല്ല കാരണം; വൈദികനെ തിരുത്തി ഡോക്ടര്‍

ഓട്ടിസമുണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍ ജനിതകപരമാണെന്നും ജനറ്റിക് മ്യൂട്ടേഷനാണ് ഇതിലൊരു കാരണമെന്നും ഡോ. ജിനേഷ് വ്യക്തമാക്കി. ഏറ്റവും മികച്ച തെറാപ്പി സൗകര്യങ്ങൾ ലഭ്യമാക്കിക്കൊണ്ട് കുട്ടികളെ സ്വയംപര്യാപ്തരാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

dr jinesh ps writes autism has genetic reasons fr dominic valanmanals preaching against parents
Author
Thiruvananthapuram, First Published Jun 9, 2019, 8:08 PM IST

കൊച്ചി: ഓട്ടിസമുള്ള കുട്ടികള്‍ ജനിക്കാനുള്ള കാരണം സ്വയംഭോഗം ചെയ്യുന്നതും ബ്ലൂഫിലിം കാണുന്നതുമാണെന്നുമുള്ള വൈദികന്‍റെ പരാമര്‍ശത്തിനെതിരെ ഡോ. ജിനേഷ് പി എസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. ഓട്ടിസ്റ്റിക്കായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമൂഹം പിന്തുണ കൊടുക്കുകയാണ് വേണ്ടതെന്നും ഓട്ടിസത്തെപ്പറ്റി തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് മിഥ്യയായ പാപബോധം സൃഷ്ടിക്കുന്നത് മനുഷ്യവിരുദ്ധതയാണെന്നും ഡോ. ജിനേഷ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഓട്ടിസമുണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍ ജനിതകപരമാണെന്നും ജനറ്റിക് മ്യൂട്ടേഷനാണ് ഇതിലൊരു കാരണമെന്നും ഡോ. ജിനേഷ് വ്യക്തമാക്കി. ഏറ്റവും മികച്ച തെറാപ്പി സൗകര്യങ്ങൾ ലഭ്യമാക്കിക്കൊണ്ട് കുട്ടികളെ സ്വയംപര്യാപ്തരാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം മനുഷ്യത്വ വിരുദ്ധ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരിക തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഓട്ടിസമുള്ള കുട്ടികള്‍ക്കെതിരെ വിദ്വേഷപ്രചരണം നടത്തിയ വൈദികനെ അയര്‍ലൻഡിൽ പ്രവേശിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് യുകെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഓൺലൈൻ ക്യാംപയിൻ നടത്തിയിരുന്നു. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം 

ഓട്ടിസം ഉണ്ടാകാനുള്ള കാരണങ്ങളെ കുറിച്ച് ഡൊമിനിക് വളമനാൽ പറഞ്ഞത് കേട്ടിരുന്നോ ?

സ്വയംഭോഗം ചെയ്തിരുന്നവർ, മദ്യപിച്ചിരുന്നവർ, പുകവലിച്ചിരുന്നവർ, സ്വവർഗരതി, ബ്ലൂഫിലിം കണ്ടിട്ടുള്ളവർ... ഇങ്ങനെയൊക്കെ ചെയ്തിട്ടുള്ളവർക്ക് ഉണ്ടാകുന്ന കുട്ടികൾക്ക് ഓട്ടിസം വരും എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഓട്ടിസം ഉള്ള കുട്ടികളുടെ മാതാപിതാക്കളെ മൃഗങ്ങൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ആ കുരുന്നുകൾ മൃഗങ്ങളെപ്പോലെയാണ്, കാരണം മൃഗങ്ങൾക്ക് സംസാരശേഷി ഇല്ലല്ലോ എന്നാണിയാൾ വിശേഷിപ്പിച്ചത്. 

നമ്മുടെ നാട്ടിലെ കാര്യങ്ങളെ കുറിച്ച് ഒന്നുമല്ല ഇത്തരം വിശേഷം. അയർലൻഡ് സന്ദർശനത്തെ കുറിച്ചാണ് അദ്ദേഹം പ്രസംഗിച്ചത്. ഓട്ടിസമുള്ള ഒരു കുട്ടിയുടെ അസുഖം അദ്ദേഹം പ്രാർത്ഥനയിലൂടെ മാറ്റി എന്നും പ്രസംഗത്തിൽ പറയുന്നുണ്ട്. 

ഓട്ടിസം ഉണ്ടാവാൻ ഉള്ള പ്രധാന കാരണങ്ങൾ ജനിതകപരം ആണ്. ജനറ്റിക് മ്യൂട്ടേഷൻ ഒരു കാരണമാണ്. ഇതിനെക്കുറിച്ചൊക്കെ സയൻസ് പഠിച്ചുകൊണ്ടിരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രം കൂടുതൽ അറിവുകൾ കരഗതമായിരിക്കിക്കൊണ്ടിരിക്കുന്നു. പുതിയ പഠനങ്ങളും ഗവേഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നു. 

റഫ്രിജറേറ്റർ മദർ എന്ന ഒരു ആശയം ഉണ്ടായിരുന്നു. മാതാവിന് ഊഷ്മളത ഇല്ലാത്തതിനാലാണ് കുട്ടിക്ക് ഓട്ടിസം വരുന്നത് എന്നായിരുന്നു ഈ കൺസെപ്റ്റ്. 1950-60 കളിൽ ആയിരുന്നു. തത്വം പൂർണ്ണമായും തെറ്റാണ് എന്ന് കണ്ടെത്തിയിരുന്നു. 

ഓട്ടിസം ഒരു പ്രത്യേക അവസ്ഥയാണ്. സമൂഹം എന്ന നിലയിൽ കുട്ടിക്കും കുടുംബത്തിനും പിന്തുണ കൊടുക്കേണ്ട അവസ്ഥ. അത് മനുഷ്യത്വപരമായ കടമയാണ്. ഏറ്റവും മികച്ച തെറാപ്പി സൗകര്യങ്ങൾ ലഭ്യമാക്കിക്കൊണ്ട് കുട്ടികളെ സ്വയംപര്യാപ്തരാക്കുകയാണ് വേണ്ടത്. അവിടെയാണ് ആത്മീയ വ്യാപാരികൾ മിഥ്യയായ പാപബോധം സൃഷ്ടിച്ചുകൊണ്ട് കുട്ടികളുടെ മാതാപിതാക്കളെ മാനസികമായി പീഡിപ്പിക്കുന്നത്. മനുഷ്യത്വ വിരുദ്ധതയാണ് ഇവർ കാണിച്ചുകൂട്ടുന്നത്. 

മുൻപൊരിക്കൽ വളരെയധികം കം കൊട്ടിഘോഷിക്കപ്പെട്ടിരുന്ന രജത് കുമാർ ഇതുപോലെ മനുഷ്യത്വവിരുദ്ധമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയിരുന്നു. അന്ന് അദ്ദേഹത്തിന് എതിരെ ശക്തമായ പൊതുജനാഭിപ്രായം രൂപീകരിക്കപ്പെട്ടിരുന്നു. 

ഡൊമിനിക് വളമനാൽ അയർലണ്ടിൽ വീണ്ടുമെത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് പലരും. ഇങ്ങനെ സംസാരിച്ച ഒരാളെ ഇനി അയർലണ്ടിൽ അനുവദിക്കരുത് എന്ന് ഒരു ആർച്ച് ബിഷപ്പ് തന്നെ ആവശ്യപ്പെട്ടതായി വായിച്ചിരുന്നു. ഇത്തരം മനുഷ്യത്വ വിരുദ്ധ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരിക തന്നെ വേണം.

ഓട്ടിസമുള്ള ഒരു കുട്ടിയുടെ മാതാപിതാക്കളുടെ അവസ്ഥ നമുക്കറിയാം. അത്രയേറെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിലൂടെയാണ് അവർ കടന്നു പോകുന്നത്. അവരുടെ കുഴപ്പം മൂലമാണ് കുട്ടിക്ക് ഇങ്ങനെ സംഭവിച്ചത് എന്ന് കുറ്റപ്പെടുത്തലുകൾ പരസ്യമായും രഹസ്യമായും ഉണ്ടാവാറുണ്ട്. അവർ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകളിലേക്ക് തീ കോരിയിടുകയാണിവർ. അങ്ങനെയുള്ള കുറ്റപ്പെടുത്തലുകൾക്ക് കൂടുതൽ ശക്തി പകരുകയാണ് ഡൊമിനിക് വളമനാലിനെ പോലെയുള്ളവർ. ഇത്തരം മനുഷ്യത്വ വിരുദ്ധത പ്രചരിപ്പിക്കുന്നവർ മാപ്പ് പറയേണ്ടതുണ്ട്. സമൂഹത്തോടാണ് മാപ്പ് പറയേണ്ടത്, ഏറ്റവും കുറഞ്ഞത് ആ മാതാപിതാക്കളോടെങ്കിലും. 

പക്ഷേ മതത്തിൻറെ വളക്കൂറുള്ള മണ്ണിലെ ആത്മീയ വ്യാപാരി ആയതിനാൽ എതിർപ്പുകൾ തുലോം കുറവാണ്. അത് പാടില്ല. മനുഷ്യത്വ വിരുദ്ധതയുടെ അപ്പസ്തോലന്മാരെ തിരുത്തുക തന്നെ വേണം.

Follow Us:
Download App:
  • android
  • ios