Asianet News MalayalamAsianet News Malayalam

മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ ബോഡി ഷെയ്മിംഗ് നേരിടുന്നവർക്ക് ഡോക്ടറുടെ കുറിപ്പ്

നീ എന്താ ഒന്നും കഴിക്കാറില്ലേ...ഒരു കാറ്റടിച്ചാൽ പറന്ന് പോവുമല്ലോ... നല്ല മെലിഞ്ഞിരിക്കുന്നവരെ കണ്ടാൽ പലരും ആദ്യം ചോദിക്കുന്ന ചോദ്യം ഇതാകും. 

Dr.Nelson.Joseph face book post about body shaming
Author
Trivandrum, First Published Feb 16, 2020, 5:42 PM IST

നീ എന്താ ഒന്നും കഴിക്കാറില്ലേ...ഒരു കാറ്റടിച്ചാൽ പറന്ന് പോവുമല്ലോ... നല്ല മെലിഞ്ഞിരിക്കുന്നവരെ കണ്ടാൽ പലരും ആദ്യം ചോദിക്കുന്ന ചോദ്യം ഇതാകും. ഇത്തരത്തില്‍ പല തരത്തിലുള്ള ബോഡി ഷെയിമിംഗിന് വിധേയമാകാറുണ്ട്.  തനിക്ക് നേരെയുണ്ടായ ബോഡി ഷെയിമിംഗിനെ കുറിച്ച് ഡോ. നെല്‍സണ്‍ ജോസഫ്‌ തുറന്നെഴുതിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവച്ചത്. 

ഫേസ്ബുക്ക് പോസ്റ്റ് താഴേ ചേർക്കുന്നു....

ഏതാഡെ ഈ മൂഞ്ചിയ അവതാരകൻ.. അവന്റെ ആണും പെണ്ണും കെട്ട രൂപത്തിന് ചേർന്ന പൈങ്കിളി നാദവും "

ഇന്നലെ എന്നെക്കുറിച്ച് ഒരാൾ എഴുതിയ കമൻ്റ് ആണ് :)

ഒരു കാര്യം കൂടി വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. ആ പറഞ്ഞയാളോട് ഒരു ദേഷ്യവുമില്ല. നന്ദിയേ ഉള്ളൂ.

എന്നെപ്പോലെ ആലോചിച്ചുകൊണ്ടിരുന്ന ഒരുപാട് പേരെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം കാരണം ഒരു അവസരമുണ്ടായി.

കുറച്ചു നാൾ മുൻപായിരുന്നെങ്കിൽ ഇതോടെ പണി നിറുത്തിയേനെ. ഇപ്പൊ ആദ്യം ആലോചിച്ചത് " ആണും " " പെണ്ണും " മാത്രമേ ലോകത്തുള്ളൂ എന്ന് ചിന്തിക്കുന്നോരൊക്കെ ഇപ്പൊഴും ഉണ്ടല്ലോ എന്നാണ്.

ഞാൻ ഫേസ്ബുക്കിൽ ജോയിൻ ചെയ്തത് 2010 ലോ മറ്റോ ആണ്. ആദ്യമിട്ട പ്രൊഫൈൽ പിക് 2011ൽ. പിന്നെ കുറച്ചു കാലം പട്ടിക്കുട്ടിയും സിനിമാതാരങ്ങളുമൊക്കെ ആ സ്ഥാനം അലങ്കരിച്ചു. സ്വന്തം മുഖം പ്രൊഫൈൽ പിക്ചറാക്കാൻ ധൈര്യമുണ്ടായത് 3 വർഷം കഴിഞ്ഞാണ്.

ഓർമയുള്ള കാലം തൊട്ട് ഞാൻ ഇങ്ങനൊക്കെത്തന്നെയാണ്. ഇങ്ങനെ എന്ന് പറഞ്ഞാൽ നല്ലതുപോലെ മെലിഞ്ഞിട്ട്. പണ്ട് പൊക്കവും നല്ല കുറവ് തന്നെയായിരുന്നു. അന്ന് സച്ചിൻ തെണ്ടുൽക്കറെ നോക്കി ആശ്വസിക്കുമായിരുന്നെങ്കിലും...

എം.ബി.ബി.എസ് കാലത്തായിരുന്നെങ്കിൽപ്പോലും ഒരു സ്കൂൾ ബാഗുമിട്ട് ബസ്സിൽ കയറിയാൽ എസ്.ടി കിട്ടും.ഏതാണ്ട്‌ ആ കാലം തൊട്ട്‌ ഇന്ന് വരെ മുടങ്ങാതെ കേൾക്കുന്ന കുറച്ച്‌ ചോദ്യങ്ങളുണ്ട്‌.

" ഒരു കാറ്റടിച്ചാൽ പറന്ന് പോവുമല്ലോ. "
" ഡോക്ടറാണെന്ന് കണ്ടാൽ പറയില്ലല്ലോ "
" ഒന്നും കഴിക്കാറില്ലേ? "
" വീട്ടിലെല്ലാരും ഇങ്ങനെ തന്നെയാണോ? "

മെഡിക്കൽ കോളജിൽ വന്നപ്പൊ വല്ല ഇമ്യൂണോഡെഫിഷ്യൻസിയും ഉണ്ടോയെന്ന് പരിശോധിച്ച് നോക്കാനുള്ള ഉപദേശം വരെ കിട്ടിയിട്ടുണ്ട്.

കുടക്കമ്പിയും പെൻസിലും തൊട്ട് തരാതരത്തിൽ ഇരട്ടപ്പേരുകൾ കിട്ടിയിട്ടുണ്ട്. പണ്ടത്തെ മോർട്ടീൻ്റെ പരസ്യത്തിലെ പാട്ട് ആര് മറന്നാലും ഞാൻ മറക്കൂല്ല. " കൊതുകാണു ഞാൻ...ലൂയി എന്ന് പേർ " എന്ന് തുടങ്ങുന്നത്..

ശബ്ദത്തിൻ്റെ കഥയും അതുപോലെയാണ്.

സ്കൂളിൽ സംഘഗാനം പഠിപ്പിക്കാൻ വന്ന ടീച്ചർ ശബ്ദത്തിൻ്റെ പ്രശ്നം പറഞ്ഞതിൻ്റെ പിറകെ സ്റ്റേജിൽ കയറിയുള്ള പാട്ട് നിന്നു. പിന്നെ മെഡിക്കൽ കോളജിൽ ഡി ഡേയ്ക്കാണ് സ്റ്റേജിൽ ഒന്ന് കയറുന്നത്.

ശബ്ദത്തിനു ഗാംഭീര്യമില്ലാത്തതും മീശ വളരാത്തതുമൊക്കെ അന്നത്തെ ട്രെൻഡ് വച്ച് " ചാന്തുപൊട്ട് " എന്നുള്ള വിളിയും കേൾപ്പിച്ചിട്ടുണ്ട്.

ഇതൊക്കെ ആദ്യം ചെറിയ നീരസമേ ഉണ്ടാക്കിയുള്ളൂ എങ്കിലും പിന്നെപ്പിന്നെ അപകർഷതാ ബോധമായി വളരാൻ തുടങ്ങി. സ്റ്റേജിൽ കയറുന്നത്, ഫോട്ടോയുടെ മുന്നിൽ നിൽക്കുന്നത് ഒക്കെ ഒഴിവാക്കാൻ തുടങ്ങി. പാസ്പോർട്ട് സൈസ് ഫോട്ടോയോ ഗ്രൂപ്പ് ഫോട്ടോയോ അല്ലാത്ത സ്വന്തം ഫോട്ടോകൾ അന്ന് അപൂർവമായിരുന്നു.

ഫോട്ടോയ്ക്ക് മുന്നിൽ നിൽക്കൽ മാത്രമായിരുന്നില്ല പ്രശ്നം. എന്തോ കാര്യമായ പ്രശ്നം എനിക്കുണ്ടെന്ന് തോന്നാൻ തുടങ്ങി. മീശ മുളയ്ക്കാൻ താമസിച്ചതും ശബ്ദവുമൊക്കെ ആ തോന്നലിൻ്റെ ആക്കം കൂട്ടിയതേയുള്ളൂ.

ഡോക്ടറാവാൻ പഠിക്കുന്ന, മനുഷ്യ ശരീരത്തെപ്പറ്റി പഠിക്കുന്ന എനിക്ക് അങ്ങനെ ഒരു പ്രശ്നമുണ്ടായെങ്കിൽ അതൊന്നുമില്ലാത്ത സാധാരണ ആൾക്കാരുടെ അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. ആ പ്രശ്നം എന്താണെന്ന് അവസാനം പറയാം.

ഇന്ന് ആ ചോദ്യങ്ങൾക്കൊക്കെ ഉത്തരമുണ്ട്‌. എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചാൽ എനിക്ക്‌ ഒരു കുഴപ്പവുമില്ല എന്നാണുത്തരം. ആശുപത്രിയിൽ സാധാരണക്കാർ എക്സ്പോസ്ഡ് ആവുന്നതിൻ്റെ പല മടങ്ങ് രോഗാണുക്കളോട് എക്സ്പോസ്ഡ് ആവാനിടയുണ്ട്.

പി.ജി.ചെയ്തിരുന്ന സമയത്ത് ഒരു വർഷം ഇരുപത്‌ ലീവുള്ളതിൽ ഏഴും എട്ടും എണ്ണം വച്ച്‌ ലാപ്സായിപ്പോയിട്ടുണ്ട്‌ ലീവെടുക്കാത്തതിനാൽ. മറ്റ്‌ എല്ലാ മെഡിക്കൽ ഓഫീസർമാരുമെടുത്തതുപോലെ നൈറ്റ്‌ ഡ്യൂട്ടി ഞാനുമെടുത്തിരുന്നു. അതിനുമപ്പുറത്തേക്ക്‌ ഉറക്കമിളച്ച്‌ എഴുതാറുണ്ട്‌.

ഒരു നേരം ഒന്നും കഴിച്ചില്ലെങ്കിലും വീണുപോവില്ലെന്നുള്ള ഉറപ്പുണ്ട്‌. കിലോമീറ്ററുകൾ ഒരു കിതപ്പുമില്ലാതെ നടക്കും. പത്ത് നിലയാണെങ്കിലും പുഷ്പം പോലെ നടന്ന് കയറും..

ഡോക്ടറുടെ ലുക്ക് ആണ് പ്രശ്നമെങ്കിൽ ഞാൻ എം.ബി.ബി.എസ്സും ഡി.എൻ.ബിയും പാസായാണ് ഡോക്ടറായത്. അപ്പൊ ആ ക്വാളിഫിക്കേഷൻ കണ്ട് ചികിൽസ തേടിയാൽ മതി.

ശബ്ദത്തിൻ്റെ പ്രശ്നം ലിസ്ബി വന്നപ്പൊ തീർന്നു. എന്ത് കണ്ടിട്ടാടീ നീ എന്നെ പ്രേമിച്ചതെന്ന് ചോദിച്ചപ്പൊ ഒരു കാരണം പറഞ്ഞത് ശബ്ദമായിരുന്നു. ഇപ്പൊഴും ഞാൻ വീട്ടിലേക്ക് ചെന്ന് കയറുമ്പൊ ഈ ശബ്ദം കേട്ടാൽ ഓടി വരുന്ന ഒരുത്തനുണ്ട്..

അവർക്കില്ലാത്ത പ്രശ്നം എനിക്കെന്തിനാ?

പണ്ട് ഒട്ടും ലുക്കില്ലായിരുന്നു എന്ന് പറയുമ്പൊ ചിലപ്പൊ ഒരു തമാശയ്ക്ക് തിരിച്ച് ചോദിക്കാറുണ്ട് " ഓ ഇപ്പൊ ഭയങ്കര ലുക്കാണല്ലോ " എന്ന്. ഇപ്പൊഴും അന്നത്തെ കാലത്തുനിന്ന് വലിയ വ്യത്യാസമില്ല. മാറ്റമുണ്ടായത് ആ ആറ്റിറ്റ്യൂഡിനാണ്.

ഇപ്പൊ ഒന്നുകിൽ അവഗണിക്കാനോ അല്ലെങ്കിൽ തക്കതായ മറുപടി നൽകാനോ ഉള്ള മനസ്‌ ആർജിച്ചെടുത്തു. സ്റ്റേജിൽ കയറാനും കാമറയ്ക്കു മുന്നിൽ നിൽക്കാനുമുള്ള മടി മാറി.

എന്നെ ഞാനായിട്ടുതന്നെ ഇഷ്ടപ്പെടുന്നവരുള്ളപ്പൊ അത്ര ബുദ്ധിമുട്ടി വേറാരും ഇഷ്ടപ്പെടണമെന്നില്ല എന്ന തോന്നലും അതിനൊരു കാരണമായിട്ടുണ്ട്‌.

പക്ഷേ ആ ചോദ്യങ്ങളുണ്ടാക്കിയത് ചെറിയ പ്രശ്നമായിരുന്നില്ല എന്ന് തിരിച്ചറിഞ്ഞ ഒരു മൊമൻ്റുണ്ട്. രു ദിവസം ഇ.എൻ.ടി പോസ്റ്റിങ്ങിനിടയിലാണു ലിസ്ബിയുടെ മെസേജ്‌ വന്നത്‌. സന്തോഷവർത്തമാനമാണ്. ഡാനു വരുന്നുണ്ടെന്ന് ഞങ്ങൾ ആദ്യമായി തിരിച്ചറിഞ്ഞ നിമിഷം.

എല്ലാവർക്കും സന്തോഷം തോന്നേണ്ട സമയത്ത്‌ എനിക്ക്‌ ആശ്വാസമാണുണ്ടായത്‌. എനിക്കുണ്ടെന്ന് മറ്റുള്ളവർ ചിലപ്പൊഴെങ്കിലും സംശയം പ്രകടിപ്പിച്ചിരുന്ന അവസാനത്തെ കുഴപ്പവും ഇനിയില്ല എന്ന ആശ്വാസം. . . .

ദി ഗ്രേറ്റസ്റ്റ് ഷോ എന്ന സിനിമയിൽ ഒരു പാട്ടുണ്ട്..യൂട്യൂബിൽ " this is me " എന്ന് സേർച്ച് ചെയ്താൽ കാണാൻ കഴിയും. ഒരുപാട് ഇൻസ്പയർ ചെയ്തിട്ടുണ്ട് വ്യക്തിപരമായിട്ട്. അതിലെ ഒരു വരിയാണിത്.

I am brave, I am bruised
I am who I'm meant to be, this is me

ഞാൻ ഇങ്ങനെയാണ്.

ഇത് ഞാൻ സെലക്റ്റ് ചെയ്തെടുത്ത രൂപവും ശബ്ദവുമൊന്നുമല്ല. എന്നെപ്പോലെയുളളവരുടേത് കൂടിയാണ് ഈ ലോകം. അത് ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും..

I will not hide anymore

" This is me "

(PS: ഇത് എനിക്കുവേണ്ടി എഴുതിയതല്ല.
ഇങ്ങനെയൊക്കെ വിചാരിച്ച് ഒതുങ്ങിപ്പോവുന്ന ആയിരക്കണക്കിനാൾക്കാരുണ്ട്..അവർക്കുവേണ്ടിയാണ്).

Follow Us:
Download App:
  • android
  • ios