വസ്ത്രങ്ങൾ ധരിക്കുമ്പോൾ ശരീരം സുന്ദരമായി തോന്നിയാലും, ഫോട്ടോ എടുക്കുമ്പോഴോ കണ്ണാടിയിൽ നോക്കുമ്പോഴോ കവിളിലെ അമിത തടിയും 'ഡബിൾ ചിന്നും' പലപ്പോഴും ഒരു വില്ലനായി എത്താറുണ്ട്. മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില ലളിതമായ മാർഗ്ഗങ്ങൾ ഇതാ:

ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യുന്ന പലരും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് മുഖത്തെ കൊഴുപ്പ് അഥവാ 'ഫേസ് ഫാറ്റ്'. കവിളുകൾ അമിതമായി വീർത്തിരിക്കുന്നതും താടിക്ക് താഴെ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയും പലരിലും ആത്മവിശ്വാസം കുറയ്ക്കാറുണ്ട്. ജനിതക കാരണങ്ങൾ കൊണ്ടോ മോശം ഭക്ഷണരീതി കൊണ്ടോ ഇത് സംഭവിക്കാം. ശസ്ത്രക്രിയകളില്ലാതെ തന്നെ സ്വാഭാവികമായ രീതിയിൽ മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില ലളിതമായ മാർഗ്ഗങ്ങൾ ഇതാ:

1. മുഖത്തിനുള്ള വ്യായാമങ്ങൾ

മുഖത്തെ പേശികളെ ദൃഢമാക്കാനും കൊഴുപ്പ് കുറയ്ക്കാനും ഫേഷ്യൽ വ്യായാമങ്ങൾ സഹായിക്കും.

  • ഫിഷ് ഫേസ്: കവിളുകൾ ഉള്ളിലേക്ക് വലിച്ചുപിടിച്ച് മീനിന്റെ വായ പോലെയാക്കുക. 10 സെക്കൻഡ് ഇങ്ങനെ പിടിച്ച ശേഷം വിടുക.
  • ചിൻ ലിഫ്റ്റ്: തല മുകളിലേക്ക് ഉയർത്തി നോക്കിയ ശേഷം ചുണ്ടുകൾ മുത്തം നൽകുന്നതുപോലെ വായ വിടർത്തുക. ഇത് താടിയെല്ലിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
  • സ്കൈ കിസ്സ് : ഇത് ഡബിൾ ചിൻ അഥവാ താടിക്ക് താഴെയുള്ള കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും മികച്ചതാണ്. നേരെ നിൽക്കുകയോ ഇരിക്കുകയോ ചെയ്ത ശേഷം തല പരമാവധി മുകളിലേക്ക് ഉയർത്തുക. സീലിംഗിലേക്ക് നോക്കി ഉമ്മ നൽകുന്നത് പോലെ ചുണ്ടുകൾ വിടർത്തുക. 10 സെക്കൻഡ് ഇങ്ങനെ നിന്ന ശേഷം പഴയ നിലയിലേക്ക് വരിക. ഇത് 10 തവണ ആവർത്തിക്കുക.
  • ടംഗ് സർക്കിൾ: താടിയെല്ലിന്റെ ആകൃതി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. വായ അടച്ചുപിടിച്ച ശേഷം നാവ് വായയ്ക്കുള്ളിൽ പല്ലിന് പുറത്തായി വൃത്താകൃതിയിൽ കറക്കുക. ക്ലോക്ക്‌വൈസ് ദിശയിലും ആന്റി-ക്ലോക്ക്‌വൈസ് ദിശയിലും 15 തവണ വീതം ഇത് ചെയ്യുക.
  • ഫേസ് മസാജ്: ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് അല്പം വെളിച്ചെണ്ണയോ ഫേഷ്യൽ ഓയിലോ ഉപയോഗിച്ച് താഴെ നിന്ന് മുകളിലേക്ക് മുഖം മസാജ് ചെയ്യുക. ഇത് ലിംഫാറ്റിക് ഡ്രെയിനേജിന് സഹായിക്കുകയും മുഖത്തെ നീര് കുറയ്ക്കുകയും ചെയ്യും.
  • ച്യൂയിംഗം ചവയ്ക്കുന്നത്: ഷുഗർ-ഫ്രീ ച്യൂയിംഗം ചവയ്ക്കുന്നത് താടിയെല്ലിലെ പേശികൾക്ക് തുടർച്ചയായ വ്യായാമം നൽകും. ഇത് കവിൾത്തടങ്ങൾ കുറയ്ക്കാൻ സഹായിക്കും.

2. വെള്ളം ധാരാളം കുടിക്കുക

ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാൻ വെള്ളം കുടിക്കുന്നത് അത്യാവശ്യമാണ്. വെള്ളം കുറയുമ്പോൾ ശരീരം ഉള്ളിലുള്ള ജലാംശത്തെ ശേഖരിച്ചു വെക്കാൻ തുടങ്ങും. ഇത് മുഖം കൂടുതൽ വീർത്തതായി തോന്നിക്കാൻ കാരണമാകും. ഭക്ഷണത്തിന് അരമണിക്കൂർ മുൻപ് വെള്ളം കുടിക്കുന്നത് അമിതാഹാരം ഒഴിവാക്കാനും സഹായിക്കും.

3. ഉപ്പിന്റെയും പഞ്ചസാരയുടെയും ഉപയോഗം കുറയ്ക്കാം

ഭക്ഷണത്തിൽ ഉപ്പ് അമിതമായാൽ ശരീരം കൂടുതൽ വെള്ളം ശേഖരിച്ചു വെക്കും. ഇത് മുഖത്ത് നീര് വരാനും കവിളുകൾ തടിക്കാനും കാരണമാകും. അതുപോലെ തന്നെ സംസ്കരിച്ച പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിൽ മൊത്തത്തിൽ കൊഴുപ്പ് കൂടാൻ ഇടയാക്കും. ജങ്ക് ഫുഡുകൾ പരമാവധി ഒഴിവാക്കുന്നത് മുഖത്തെ മാറ്റം വേഗത്തിലാക്കും.

4. നന്നായി ഉറങ്ങുക

ഉറക്കക്കുറവ് ശരീരത്തിലെ സ്ട്രെസ് ഹോർമോണായ 'കോർട്ടിസോളിന്റെ' അളവ് വർദ്ധിപ്പിക്കുന്നു. ഇത് വിശപ്പ് കൂടാനും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും കാരണമാകും. ദിവസം 7-8 മണിക്കൂർ എങ്കിലും ശാന്തമായ ഉറക്കം ഉറപ്പാക്കുന്നത് മുഖത്തെ അനാവശ്യ തടി കുറയ്ക്കാൻ സഹായിക്കും.

5. മദ്യപാനവും പുകവലിയും ഒഴിവാക്കുക

അമിതമായ മദ്യപാനം മുഖം വീർക്കുന്നതിനും നിർജ്ജലീകരണത്തിനും കാരണമാകും. മദ്യത്തിൽ അടങ്ങിയിരിക്കുന്ന കലോറി മുഖത്തെ കൊഴുപ്പ് വർദ്ധിപ്പിക്കുന്നു. പുകവലി ചർമ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുത്തി മുഖം തൂങ്ങാൻ ഇടയാക്കും.

6. കാർബോഹൈഡ്രേറ്റ് കുറയ്ക്കുക

മൈദ, പാസ്ത, ബിസ്ക്കറ്റ് തുടങ്ങിയ 'റിഫൈൻഡ് കാർബോഹൈഡ്രേറ്റുകൾ' ശരീരഭാരം കൂട്ടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഇവയ്ക്ക് പകരം നാരുകൾ അടങ്ങിയ പച്ചക്കറികളും ധാന്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

മുഖത്തെ കൊഴുപ്പ് മാത്രമായി കുറയ്ക്കുക എന്നത് അല്പം പ്രയാസകരമാണ്. അതുകൊണ്ട് ശരീരഭാരം മൊത്തത്തിൽ കുറയ്ക്കുന്നതിനൊപ്പം ഈ ടിപ്സുകൾ കൂടി പിന്തുടരുന്നത് മികച്ച ഫലം നൽകും. ക്ഷമയോടെയുള്ള കൃത്യമായ ജീവിതശൈലിയിലൂടെ മനോഹരവും ആകൃതിയുള്ളതുമായ മുഖം നിങ്ങൾക്ക് സ്വന്തമാക്കാം.