മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ കാട്ടുപോത്തിനെ പ്രകോപിപ്പിച്ച ആനയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍  വൈറലായിരിക്കുന്നത്. 

ആഫ്രിക്കയിലെ വനത്തിൽ നിന്നുള്ള ആനയുടെയും കാട്ടുപോത്തിന്‍റെയും വീഡിയോ ആണിത്.  ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് രസകരമായ ഈ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.

പുൽമേടുകളിൽ ഭക്ഷണം തേടിയിറങ്ങിയ കാട്ടാനക്കൂട്ടവും കാട്ടുപോത്തിന്‍റെ കൂട്ടവും ആണ് വീഡിയോയില്‍ കാണുന്നത്. പുല്ല് തിന്നുകൊണ്ടിരുന്ന ഒരു കാട്ടുപോത്തിന്‍റെ സമീപത്തേക്ക് കാട്ടാനയെത്തുകയായിരുന്നു. അയവിറക്കിക്കൊണ്ട് നിന്ന കാട്ടുപോത്തിന്‍റെ അടുത്തെത്തിയ ആന മുൻകാലുകൊണ്ട് കാട്ടുപോത്തിനൊരു  തട്ടുകൊടുക്കുകയായിരുന്നു. 

യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആന ഇങ്ങനെ പെരുമാറിയത്. എന്നാല്‍ കാട്ടുപോത്ത് വിട്ടുകൊടുക്കുമോ? തട്ടിയിട്ട് പോയ ആനയെ പിന്നാലെ പോയി കാട്ടുപോത്തും കുത്തി. കുത്ത് കിട്ടിയതും ആന പേടിച്ച് ഓടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

വീഡിയോ ട്വിറ്ററില്‍ വൈറലാവുകയും ചെയ്തു. നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. വെറുതേ ഒരു രസത്തിന് കാട്ടുപോത്തിനെ തട്ടിയ ആനയ്ക്ക് കിട്ടിയ കുത്ത് ഇത്തിരി കടുത്തു എന്നാണ് ആളുകളുടെ കമന്‍റ്. 
 

 

Also Read: പുള്ളിപ്പുലിയുടെയും മുള്ളൻ പന്നിയുടെയും പോരാട്ടം; വൈറലായി വീഡിയോ...