ആസ്സാമിലും ഭൂട്ടാന്റെ ചില വനപ്രദേശങ്ങളിലും കണ്ടുവരുന്ന, വംശനാശഭീഷണി നേരിടുന്നൊരു തരം കുരങ്ങുകളാണ് ഗീസ് ഗോൾഡൻ ലാൻഗുറുകൾ. 'ഗോൾഡൻ' ലാൻഗുറുകൾ എന്നും അവയ്ക്ക് പേരുണ്ട്. ഈ ജീവിവർഗ്ഗത്തിൽ വളരെ വിചിത്രമായ ഒരു സ്വഭാവ വിശേഷം കാണുന്നതായി പഠനങ്ങൾ പറയുന്നു. അതാണ്, നിർബന്ധിത ഗർഭഛിദ്രം. 

കാട്ടിലേക്കുള്ള മനുഷ്യന്റെ, വൈദ്യുതീകരണം പോലുള്ള ഇടപെടലുകളുടെ ഇരയായും, പെൺ ലാൻഗുറുകൾക്ക് ചിലപ്പോഴൊക്കെ അവിചാരിതമായ ഗർഭഛിദ്രം ഉണ്ടാകാറുണ്ട്. കഴിഞ്ഞ ജൂൺ അഞ്ചാം തീയതി, അസമിലെ ഗുവാഹതിക്ക് 225 കിലോമീറ്റർ അകലെയുള്ള കൊക്രാജാറിൽ ഒരു ത്രീ ഫേസ് പവർ ലൈനിൽ തട്ടി ഷോക്കേറ്റ് താഴെ വീണു ഒരു പെൺ ലാൻഗുർ. അവിടെ വെച്ചുതന്നെ അത് ഒരു ചാപിള്ളയ്ക്ക് ജന്മം നൽകുകയും, പ്രസവാനന്തരം മരിച്ചു പോകുകയും ഉണ്ടായി. 

 

 

വെവ്വേറെ കൂട്ടങ്ങളായിട്ടാണ്  സാധാരണ സ്വന്തം ആവാസ കേന്ദ്രങ്ങളായ വനങ്ങളിൽ ഗോൾഡൻ ലാൻഗുറുകൾ കഴിഞ്ഞുകൂടുക. അന്തഃപ്രജനനം അഥവാ ഇൻബ്രീഡിങ് ഒഴിവാക്കാനാണ് ഇങ്ങനെ വെവ്വേറെ കൂട്ടങ്ങളായി താമസിക്കുന്നത്. ഇങ്ങനെ താമസിക്കുന്ന സംഘങ്ങളിലേക്ക് പുതിയൊരു പുരുഷ ലാൻഗുർ കൈകടന്നുവരികയും ആ സംഘത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്യുമ്പോഴാണ് ഈ  നിർബന്ധിത ഗർഭഛിദ്രം നടക്കുന്ന സാഹചര്യമുണ്ടാവുന്നത്. ഇങ്ങനെ കടന്നുവരുന്ന പുരുഷ ലാൻഗുർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഒരു ഇണയെ കിട്ടാഞ്ഞുള്ള വേവിൽ അലഞ്ഞു തിരിഞ്ഞാവും കൂട്ടത്തിൽ എത്തിപ്പെട്ടിട്ടുണ്ടാവുക. ആ സമയത്ത് അവിടത്തെ ഏറ്റവും ആകർഷകത്വമുള്ള സ്ത്രീ ലാൻഗുറിനെ അത് ഇണചേരാനുള്ള താത്പര്യം അറിയിക്കും. എന്നാൽ, സ്ത്രീ ലാൻഗുറുകൾക്ക് ഒരു നിഷ്കർഷയുണ്ട്. ഒരിക്കൽ ഗർഭം ധരിച്ചുകഴിഞ്ഞാൽ പിന്നെ അവ അടുത്ത രണ്ടു വർഷത്തേക്ക് ഗർഭം ഒഴിവാക്കും. ലാൻഗുറുകൾക്ക് ഫാമിലി പ്ലാനിംഗ്‌ സംവിധാനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ കുടുംബാസൂത്രണം നടത്താൻ ഒരേയൊരു വഴി ലൈംഗിക ബന്ധം ഒഴിവാക്കുക മാത്രമാകും. 

പുറത്തുനിന്നുള്ള പുരുഷ ലാൻഗുർ വന്ന് ഇണചേരാനുള്ള താത്പര്യം പ്രകടിപ്പിക്കുമ്പോൾ ഈ ആകർഷകത്വം അധികമുള്ള സ്ത്രീ ലാൻഗുർ ഗർഭിണിയാണ് അല്ലെങ്കിൽ അതിന് മുലകുടിക്കുന്ന ഒരു കുഞ്ഞുണ്ടെങ്കിൽ അത് ഇണചേരാൻ വിസമ്മതിക്കും. ആ പിഞ്ചു കുഞ്ഞ് അല്ലെങ്കിൽ ഗർഭസ്ഥ ശിശു പുരുഷ ലാൻഗുറിനെ സംബന്ധിച്ചിടത്തോളം പിന്നെ തന്റെ ഇണയ്ക്കും തനിക്കും ഇടയിലുള്ള ഒരു തടസ്സം മാത്രമാകും. അത് ഏതുവിധേനയും തട്ടിമാറ്റി തന്റെ ഭോഗേച്ഛ ശമിപ്പിക്കാനേ പുരുഷ ലാൻഗുർ ശ്രമിക്കൂ. ഈ സാഹചര്യത്തിലാണ് 'ശിശുഹത്യ' അല്ലെങ്കിൽ 'നിർബന്ധിത ഗർഭഛിദ്രം' എന്നൊക്കെയുള്ള കടുത്ത നടപടികൾ ഉണ്ടാകുന്നത്.

അമ്മയുടെ മുലയിൽ നിന്ന് വലിച്ചെടുത്ത് കുഞ്ഞിനെ നിർദയം എറിഞ്ഞോ അല്ലെങ്കിൽ നിലത്തടിച്ചോ ഒക്കെ കൊന്നുകളയും ആ പുരുഷ ലാൻഗുർ. ഗർഭവതിയാണ് സ്ത്രീ ലാൻഗുർ എന്നുണ്ടെങ്കിൽ വയറ്റിൽ കിടക്കുന്ന ഗർഭം അലസിപ്പോകും വരെ പുരുഷ ലാൻഗുർ തന്റെ ഇണയുടെ വയറ്റിൽ ഇടിക്കുകയും ചവിട്ടുകയും ഒക്കെ ചെയ്യും. ഗുവാഹത്തിയിലെ പ്രൈമേറ്റ് റിസർച്ച് സെന്ററിലാണ് 'ഗോൾഡൻ' ലാൻഗുറുകളുടെ ജീവിത ശൈലികളെയും, അവരുടെ ഈ അതി വിചിത്രമായ പെരുമാറ്റ രീതികളെയും ഒക്കെപ്പറ്റിയുള്ള പഠനങ്ങൾ നടക്കുന്നത്.