എന്തുകൊണ്ടാണ് പുരുഷന്മാര്‍ സ്ത്രീകളുടെയത്രയും കരയാത്തത്? പുരുഷന്മാര്‍ക്ക് അത്രയും മനക്കട്ടിയുണ്ട്, അവര്‍ സ്ത്രീകളെപ്പോലെ അത്ര 'സില്ലി'യല്ല എന്നൊക്കെയുള്ള സ്ഥിരം മറുപടികള്‍ അവിടെ നില്‍ക്കട്ടെ. ഇതിന് പിന്നില്‍ രണ്ട് കാരണങ്ങളാണ് പ്രധാനമായും ഉള്ളതെന്നാണ് സൈക്കോളജിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ പറയുന്നത്

സ്ത്രീകളെപ്പറ്റി പൊതുവേ എല്ലാവരും പറയുന്ന പരാതികളില്‍ പ്രധാനപ്പെട്ട ഒരു പരാതിയാണ് പെട്ടെന്ന് കരയുന്നു എന്നത്. സത്യത്തില്‍ കരയുന്നത് ശരീരത്തിനും മനസിനും വളരെയധികം ഗുണം ചെയ്യുമെന്നാണ് പല പഠനങ്ങളും അഭിപ്രായപ്പെടുന്നത്. 

എന്നിട്ടും സ്ത്രീകള്‍ കരയുന്നതിനെ നമ്മള്‍ ഇത്രമാത്രം പ്രശ്‌നവത്കരിക്കുന്നത് എന്തുകൊണ്ടാണ്? പുരുഷന്മാര്‍ സ്ത്രീകളെപ്പോലെ കരയുന്നില്ല- എന്നത് ഇതിനൊരു കാരണമാകുന്നുണ്ടായിരിക്കുമോ?

ഒരുപക്ഷേ അതും ഒരു കാരണമായിരിക്കാം, അല്ലേ? അപ്പോള്‍ ഉടന്‍ തന്നെ അടുത്ത ചോദ്യം ഉയര്‍ന്നേക്കാം. എന്തുകൊണ്ടാണ് പുരുഷന്മാര്‍ സ്ത്രീകളുടെയത്രയും കരയാത്തത്? 

പുരുഷന്മാര്‍ക്ക് അത്രയും മനക്കട്ടിയുണ്ട്, അവര്‍ സ്ത്രീകളെപ്പോലെ അത്ര 'സില്ലി'യല്ല എന്നൊക്കെയുള്ള സ്ഥിരം മറുപടികള്‍ അവിടെ നില്‍ക്കട്ടെ. ഇതിന് പിന്നില്‍ രണ്ട് കാരണങ്ങളാണ് പ്രധാനമായും ഉള്ളതെന്നാണ് സൈക്കോളജിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ പറയുന്നത്. ആ കാരണങ്ങളിലേക്ക് വരാം. അതിന് മുമ്പ് ഹോളണ്ടില്‍ നിന്നുള്ള ഒരു പ്രമുഖ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ പ്രൊഫ.എ ഡി വിന്‍ഗറോട്‌സ് നടത്തിയ ഒരു പഠനത്തിന്റെ നിരീക്ഷണങ്ങളിലേക്ക് പോകാം.

സ്ത്രീകളുടേയും പുരുഷന്മാരുടേയും കരച്ചിലിന്റെ തോതിലുള്ള വലിയ അന്തരം തുറന്നുകാട്ടുന്നതായിരുന്നു പ്രൊഫസറുടെ പഠനം. അതായത്, വര്‍ഷത്തില്‍ 30 മുതല്‍ 60ലധികം തവണ വരെ സ്ത്രീകള്‍ കരയുന്നുണ്ടെന്നും അതേ സ്ഥാനത്ത് പുരുഷന്‍ അഞ്ചോ ആറോ തവണ മുതല്‍ ഇരുപതില്‍ താഴെ തവണ മാത്രമേ കരയുന്നുള്ളൂവെന്നുമായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. 

ഇനി, ആദ്യം സൂചിപ്പിച്ച പോലെ പുരുഷന്മാര്‍ കരയാതിരിക്കുന്നതിന് പിന്നിലെ രണ്ട് പ്രധാനകാരണങ്ങളിലേക്ക് വരാം. ഇതേ വിഷയത്തില്‍ ഗവേണം നടത്തിയ സൈക്കോളജിസ്റ്റ് ജോര്‍ജ്ജിയ റേ ആണ് ഇക്കാരണങ്ങള്‍ വിശദീകരിക്കുന്നത്. 

പുരുഷന്റെ ജൈവികമായ പ്രകൃതവും പിന്നെ അവന്റെ ചുറ്റുപാടുകളുമാണത്രേ അവനെ, കരയുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. അതായത്, പുരുഷന്‍ എന്ന ശാരീരികാവസ്ഥയും അതിനൊരു കാരണമാകുന്നുണ്ടെന്ന്. 

'പുരുഷന്മാരില്‍ പ്രോലാക്ടിന്‍ എന്ന ഹോര്‍മോണിന്റെ അളവ് സ്ത്രീകളിലുള്ളതിനേക്കാള്‍ കുറവാണ്. ഇത് പുരുഷന്റെ വൈകാരികാവസ്ഥകളെ സ്ത്രീകളുടേതില്‍ നിന്ന് വിഭിന്നമാക്കുന്നുണ്ട്. അതുപോലെ, പുരുഷന്‍ വളരുന്ന സാഹചര്യം, അവനെ സ്വതന്ത്രമായ വികാരപ്രകടനങ്ങളില്‍ നിന്ന് വിലക്കുന്നുണ്ട്. പൗരുഷം എന്ന സങ്കല്‍പത്തില്‍ പരസ്യമായ ദുഖപ്രകടനങ്ങളോ കരച്ചിലോ ഉള്‍പ്പെടുന്നില്ല. അത്തരം പ്രശ്‌നങ്ങളെയെല്ലാം ഉള്ളിലൊതുക്കി നില്‍ക്കാന്‍ അവന്റെ ചുറ്റുപാടുകള്‍ അവനെ നിര്‍ബന്ധിക്കുകയാണ്...'- ജോര്‍ജിയ പറയുന്നു. 

മനുഷ്യന്റെ ശാരീരികവും മാനസികവുമായ അവസ്ഥയുടെ ആരോഗ്യമുള്ള പ്രതിഫലനമാണ് കണ്ണീരെന്നാണ് വിദഗ്ധര്‍ വാദിക്കുന്നത്. ഇത് സ്വയം വിലക്കുന്നതോടെ ഒരാള്‍ ചെറിയ തോതിലെങ്കിലും ആത്മസംഘര്‍ഷത്തിലാകാനുള്ള സാധ്യതയുണ്ടാകുന്നു. അതിനാല്‍ പുരുഷന്മാര്‍ അത്തരത്തിലുള്ള വൈകാരിക പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്നും ഇതൊട്ടും നല്ലതല്ലെന്നും കൂടി ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.