Asianet News MalayalamAsianet News Malayalam

'ഈ ഓർമ്മകൾ എല്ലാ കൂലിപ്പണിക്കാർക്കും അവരുടെ സ്വപ്‌നങ്ങൾ കാണുന്ന മക്കൾക്കും വേണ്ടി'

''നാലാം ക്ലാസ് വരെ മാത്രം പഠിച്ച ബാപ്പ , പള്ളുരുത്തി കൊവേന്തയിലെ നിർമല ലൈബ്രറിയിലെ ആദ്യ അംഗങ്ങളിൽ ഒരാളായിരുന്നു. ബാപ്പ ലൈബ്രറിയിൽ കൊണ്ടുപോയാണ് ഞാൻ പുസ്തകങ്ങൾ വായിച്ചു തുടങ്ങുന്നത്. കാക്കനാടനും, മുകുന്ദനും മുട്ടത്തുവർക്കിയും   എഴുതിയതെല്ലാം പത്താം ക്ലാസ് കഴിയുന്നതിനു മുൻപ് തന്നെ ഞാൻ വായിച്ചു തീർക്കാനുള്ള കാരണം ഈ ലൈബ്രറിയായിരുന്നു..''

facebook note in which son remember father who worked as labourer
Author
Trivandrum, First Published Jun 5, 2022, 11:09 PM IST

ഏത് തൊഴിലിനും അതിന്‍റേതായ മഹത്വവും പ്രാധാന്യവുമുണ്ടെന്ന് പലയാവര്‍ത്തി പറയുമ്പോഴും ചില ജോലികളെ നാം അലിഖിതമായി 'താഴെത്തട്ടില്‍' ഉള്‍പ്പെടുത്താറുണ്ട്. നന്നായി പഠിച്ചില്ലെങ്കില്‍ മീന്‍കച്ചവടത്തിനോ കൂലിപ്പണിക്കോ ( Labour Job) പോകേണ്ടിവരുമെന്ന് കുട്ടികളോട് പറയുന്നവരും ഇത്തരം ജോലികളെല്ലാം അന്തസിന് നിരക്കാത്തതാണെന്ന് വാദിക്കുന്നവരും ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. 

എന്നാല്‍ ജോലി ഏതായാലും മനുഷ്യന്‍ എന്ന നിലയ്ക്കുള്ള വ്യക്തിവികാസവും ജീവിതാനുഭവങ്ങളില്‍ ( Life Experiences ) നിന്ന് ആര്‍ജ്ജിച്ചെടുക്കുന്ന പരിജ്ഞാനവുമാണ് വലിയ സമ്പത്തെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്. തന്‍റെ തന്നെ ഓര്‍മ്മകളിലൂടെ ( Life Experiences ) ഹൃദ്യമായാണ് നസീര്‍ ഇക്കാര്യം നമ്മുടെ ശ്രദ്ധയില്‍ പെടുത്തുന്നത്. 

കൂലിപ്പണിക്കാരനായ ( Labour Job) പിതാവിനെ കുറിച്ചാണ് നസീറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. പിതാവിന്‍റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് അദ്ദേഹത്തെ കുറിച്ചുള്ള തിളക്കമുറ്റ ഓര്‍മ്മകള്‍ നസീര്‍ പങ്കുവയ്ക്കുന്നത്. 

നസീറിന്‍റെ എഴുത്ത്...

എന്റെ ബാപ്പ ഒരു ചുമട്ടുതൊഴിലാളിയായിരുന്നു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിൽ ഉള്ള ഗോഡൗണുകളിലേക്ക്  ആന്ധ്രയിൽ നിന്നു വരുന്ന അരിയും പഞ്ചാബിൽ നിന്ന് വരുന്ന ഗോതമ്പും ഗുഡ്സ് ട്രെയിനുകളിൽ നിന്ന് തലച്ചുമടായി ചാക്കുകൾ അട്ടിയിടുന്ന ജോലിയായിരുന്നു ബാപ്പ ചെയ്തുകൊണ്ടിരുന്നത്. 

ഏപ്രിൽ മെയ് മാസങ്ങളിൽ ഇരുമ്പ് കൊണ്ട് നിർമിച്ച ഈ ഗുഡ് ട്രെയിനുകളുടെ അകത്ത് ഒന്നോ രണ്ടോ മിനിറ്റ്  മാത്രമേ നിൽക്കാൻ സാധിക്കൂ, അത്രയ്ക്ക് ചൂടായിരിക്കും. അമ്പതു കിലോയ്ക്ക് മുകളിൽ  ഭാരം വരുന്ന ഈ  ചാക്കുകൾ  തലയിൽ ചുമന്ന്, ട്രെയിനിനും ഗോഡൗണിനും ഇടയ്ക്ക് താൽകാലികമായി  വച്ചിരിക്കുന്ന മരപ്പലകയിലൂടെ നടന്നു വന്ന് , ഒന്ന് രണ്ടു നിലകൾ വരെ പൊക്കമുള്ള ചാക്കുകളുടെ  അട്ടികളായി ഇടുക എന്നത് യന്ത്രങ്ങളുടെ സഹായമില്ലാതെ ഇന്ന് ചെയ്യുന്ന കാര്യം ആലോചിക്കാനേ വയ്യ. 

ഒരു ചാക്കിന് ഏതാണ്ട് അറുപതു പൈസയോ മറ്റോ ആണ് അന്ന് കിട്ടിയിരുന്നത്. ഈ ജോലി എട്ടു മണിക്കൂർ ചെയ്യുന്നത് തന്നെ വലിയ പ്രയാസമാണ്, പക്ഷെ ബാപ്പ ചില ചില ദിവസങ്ങളിൽ രണ്ട് ടേൺ ജോലി എടുക്കുമായിരുന്നു, അതായത് പതിനാറു മണിക്കൂർ തുടർച്ചയായ ജോലി.

ഫുഡ് കോർപറേഷനു ഏറ്റവും പ്രധാനപ്പെട്ട ആളുകളായിരുന്നു ഈ തൊഴിലാളികളെങ്കിലും ഓരോ വർഷവും പുതുക്കുന്ന കരാറിന്റെ അടിസ്ഥാനത്തിൽ നിയമിച്ചത് കൊണ്ട്, ഇരുപത്തിയഞ്ചു വർഷം ജോലി ചെയ്‌തു കഴിഞ്ഞു പിരിഞ്ഞു പോവുമ്പൊഴും പെൻഷൻ പോലുള്ള ഒരു ആനുകൂല്യങ്ങളും ഇവർക്ക്  ലഭിച്ചിരുന്നില്ല. വേറെ ചില വഴിക്ക്  കിട്ടേണ്ടിയിരുന്ന അഞ്ഞൂറ് രൂപ പെൻഷൻ,  ചില നൂലാമാലകളിൽ കഴിഞ്ഞു  കിട്ടേണ്ട സമയമായപ്പോഴേക്കും ബാപ്പ മരിച്ചുപോവുകയും ചെയ്തു. 

സ്ഥിരമായ ഒരു ജോലി ആയിരുന്നില്ല ഇത്. കൂലി കൂട്ടി കിട്ടാൻ വേണ്ടിയും , ഇതുപോലുള്ള തൊഴിലാളികളെ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ സ്ഥിരമായി നിയമിക്കണം എന്നുള്ള ആവശ്യം ഉന്നയിച്ചും, പിരിയുമ്പോൾ  പെൻഷൻ വേണം എന്നുമുള്ള ആവശ്യം ഉന്നയിച്ചും മറ്റും മാസങ്ങളോളം നീണ്ട സമരങ്ങളിൽ  ഇവിടെ ജോലി ചെയുന്ന  സമയത്ത് ബാപ്പ പങ്കെടുത്തിട്ടുണ്ട്. ജോലിയും മാസശമ്പളവും പെൻഷനും ഉറപ്പായ  സർക്കാർ ജീവനക്കാർ സമരം ചെയ്യുന്നത് പോലെയല്ല എപ്പോൾ വേണമെകിലും പിരിച്ചുവിടപ്പെടാവുന്ന കൂലിപ്പണിക്കാർ സമരം ചെയ്യുന്നത്. 

ഒരു മാസം ജോലി മുടങ്ങിയപ്പോൾ തന്നെ ഞങ്ങളുടെ വീട്ടിലെ താളം തെറ്റി. എറണാകുളം മാർക്കെറ്റിൽ നിന്ന് ഒന്നോ രണ്ടോ ചാക്ക്   നാരങ്ങ വാങ്ങി, ചേർത്തല വരെയുള്ള നാല്പത് കിലോമീറ്റർ  ദൂരം  സൈക്കിൾ ചവിട്ടി, പെട്ടിക്കടകളിൽ കടത്തിന് നാരങ്ങ വിറ്റായിരുന്നു ബാപ്പ അപ്പോൾ ഞങ്ങളുടെ  കുടുംബം നടത്തിയിരുന്നത്. ഈ സമരം ഏതാണ്ട് ആറുമാസത്തോളം നീണ്ടു എന്നാണോർമ.

സമരത്തോട് അനുബന്ധിച്ച് തൊഴിലാളികളുമായി നടന്ന ഒരു ചർച്ചയിൽ  പിന്നീട് കേന്ദ്രമന്ദ്രിയായിരുന്ന കൃഷ്ണകുമാർ ചുമട്ടുപണി വലിയ ബുദ്ധിമുട്ടുള്ള ജോലിയല്ല എന്നൊരു കമന്റ് പാസ്സാക്കിയപ്പോൾ, "എന്നാൽ സാർ ട്രെയിനിൽ  നിന്ന് ഒരു ചാക്ക് തലയിൽ എടുത്ത് അട്ടിയിട്ട് കാണിക്ക്" എന്ന് പുള്ളിയോട് പറഞ്ഞ കാര്യം ബാപ്പ വീട്ടിൽ പറഞ്ഞത് എനിക്കോർമയുണ്ട്. 

നാലാം ക്ലാസ് വരെ മാത്രം പഠിച്ച ബാപ്പ , പള്ളുരുത്തി കൊവേന്തയിലെ നിർമല ലൈബ്രറിയിലെ ആദ്യ അംഗങ്ങളിൽ ഒരാളായിരുന്നു. ബാപ്പ ലൈബ്രറിയിൽ കൊണ്ടുപോയാണ് ഞാൻ പുസ്തകങ്ങൾ വായിച്ചു തുടങ്ങുന്നത്. കാക്കനാടനും, മുകുന്ദനും മുട്ടത്തുവർക്കിയും   എഴുതിയതെല്ലാം പത്താം ക്ലാസ് കഴിയുന്നതിനു മുൻപ് തന്നെ ഞാൻ വായിച്ചു തീർക്കാനുള്ള കാരണം ഈ ലൈബ്രറിയായിരുന്നു. അന്നുള്ള തലമുറയുടെ മറ്റൊരു പ്രത്യേകതയായി ഞാൻ കണ്ടിരുന്നത് പത്രം വായിച്ചോ, കവലകളിൽ നടക്കുന്ന പ്രസംഗങ്ങൾ വഴിയോ എല്ലാം കിട്ടുന്ന അസാധാരണമായ ലോകവീക്ഷണങ്ങൾ ആയിരുന്നു. 

എന്റെ അനിയന് നജീബ് എന്ന് പേരിടുമ്പോൾ ഈജിപ്തിൽ നജീബ് എന്നൊരു പ്രസിഡന്റ് ഉണ്ടെന്നും അദേഹത്തിന്റെ കൂട്ടാളിയായി ഗമാൽ അബ്ദുൽ നാസർ എന്ന വേറൊരു വ്യക്തി ഉണ്ടെന്നും, മുതൽ സൂയസ് കനാലിന്റെ ദേശീയവത്കരണം വരെ ബാപ്പ വീട്ടിൽ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. എന്ത് വിഷയം ചോദിച്ചാലും പുറത്തു വരുന്ന ഈ ലോക ചരിത്ര വീക്ഷണം ബാപ്പയിൽ മാത്രമല്ല, കുറഞ്ഞ വിദ്യഭ്യാസം മാത്രമുണ്ടായിരുന്നിട്ടും, ലോകത്ത് നടക്കുന്ന കാര്യങ്ങള് കണ്ണും കാതും തുറന്നു വീക്ഷിച്ചിരുന്ന, അതേകുറിച്ച് ചിന്തിച്ച്, സ്വന്തമായി അഭിപ്രായം ഉണ്ടാക്കിയിരുന്ന, അന്നത്തെ കുറെ ആളുകൾക്ക് ഉണ്ടായിരുന്നതായി ഞാൻ കണ്ടിട്ടുണ്ട്. ഒരു പക്ഷെ പൊളിറ്റിക്‌സിൽ എംഎ എടുത്ത ഒരാളെക്കാൾ  കൂടിയ വിവരവും ചിന്തകളും അതുവഴി സ്വാംശീകരിച്ച് അഭിപ്രായങ്ങളും ഇത്തരക്കാരിൽ ഞാൻ കണ്ടിട്ടുണ്.  

"പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്"  എന്നൊക്കെ ഇപ്പോൾ നമുക്ക് കളിയാക്കാമെങ്കിലും പോളണ്ടിൽ യഥാർത്ഥത്തിൽ  എന്ത് സംഭവിച്ചു എന്നും, രണ്ടാം ലോകമഹായുദ്ധത്തെ കുറിച്ചുമെല്ലാം   നല്ല ബോധ്യമുള്ള ആളുകൾ ഉണ്ടായിരുന്ന ഒരു സമയമായിരുന്നു അത്.
ഒരു പക്ഷെ ഈ ചുമട്ടുപണി സ്ഥിരവരുമാനം ആവില്ല എന്ന ബോധ്യമുണ്ടായിരുന്നത് കൊണ്ടാവണം, വീട്ടിലെ അത്യാവശ്യ ചിലവിനു ഒഴികെ അനാവശ്യമായി ഒരു ചിലവും ബാപ്പയ്ക്ക് ഉണ്ടായിരുന്നില്ല. 

എനിക്ക് രണ്ടു വയസുള്ളപ്പോൾ തന്നെ പള്ളുരുത്തിയിൽ അഞ്ച് സെന്റ് സ്ഥലം ബാപ്പ വാങ്ങിയിരുന്നു. മരിക്കുമ്പോൾ ഇരുപത് സെന്റോളം സ്ഥലം സ്വന്തമായി ഉണ്ടായിരുന്നു. സുഖമില്ലാതെ ആശുപത്രിയിൽ കിടന്നാൽ ആരുടേയും പണം ഉപയോഗിക്കരുത് എന്ന വാശിയിൽ ബാങ്കിലും കുറച്ച് പണം സേവ് ചെയ്തു വച്ചിരുന്നു. 

തുച്ഛവരുമാനമുള്ള കൂലിപ്പണിക്കാർ പലപ്പോഴും കുട്ടികൾ പതിനെട്ടു വയസാകുമ്പോൾ അവരും എന്തെങ്കിലും ജോലി എടുത്ത് വീട്ടിലേക്ക് ഒരു വരുമാനം കൊണ്ടുവരാൻ കഴിയുമോ എന്നാണ് നോക്കുക. കുട്ടികളെ പഠിപ്പിക്കുന്നത് ദിവസവേതനക്കാർക്ക് രണ്ടു തരത്തിൽ പ്രശ്നമാണ് , ഒന്നാമതായി ഈ കുട്ടി ജോലി ചെയ്യാത്ത കൊണ്ടുള്ള വരുമാന നഷ്ടം അതിന്റെ കൂടെ കുട്ടിയെ പഠിപ്പിക്കാൻ വേണ്ടി മുടക്കുന്ന തുക കണ്ടെത്താനുള്ള ബുദ്ധിമുട്ട്. പക്ഷെ ഞങ്ങളുടെ കാര്യത്തിൽ പട്ടിണി അറിയാതെ വളർത്തി എന്ന് മാത്രമല്ല, മറിച്ച് പഠിക്കാൻ വേണ്ടി പൈസ ചോദിച്ചാൽ മറുചോദ്യമില്ലാതെ പൈസ എടുത്തു തരുമായിരുന്നു. അത്,  പ്രീഡിഗ്രി ഒന്നാം വർഷത്തിൽ കൊച്ചിൻ കോളേജിൽ കമ്പ്യൂട്ടർ കോഴ്സ് പഠിക്കാൻ തന്ന അഞ്ഞൂറ് രൂപ മുതൽ എംസിഎ പഠിക്കാൻ വേണ്ടി തന്ന പൈസയും , ബാങ്കിൽ നിന്ന് ലോൺ എടുക്കാനായി ജാമ്യം നിന്നതും എല്ലാം ഉൾപ്പെടുന്നു.  

നമ്മളിൽ പലരും അമ്മമാരോടാണ് കൂടുതൽ സംസാരിക്കുന്നത്. ഞാനും അങ്ങിനെ തന്നെയായിരുന്നു. ബാപ്പ പശ്ചാത്തലത്തിൽ ഒരു നിശബ്ദ കഥാപാത്രമായി നിൽക്കുമ്പോഴും ഞാൻ കൂടുതൽ ഇടപഴകിയിരുന്നത് ഉമ്മയോട് ആയിരുന്നു. ബിഎസ്‌സി അവസാന വർഷം എന്റെ കയ്യിലിരിപ്പ് കൊണ്ട്  പരീക്ഷ എഴുതാതെ വീട്ടിൽ വന്നു വിഷമിച്ചിരുന്നപ്പോൾ അത് കുഴപ്പമില്ല, അടുത്ത വർഷം എഴുതി എടുത്താൽ മതിയെന്നു പറഞ്ഞു ആശ്വസിപ്പിച്ചതും, ഗോമതിയെ വീട്ടിൽ വിളിച്ചുകൊണ്ടുവന്നപ്പോൾ, രെജിസ്ട്രാറിനു കൈക്കൂലി കൊടുത്ത് ഞങ്ങളുടെ കല്യാണം ശരിയാക്കി തന്നതും ഒക്കെ മാത്രമാണ് ഞങ്ങൾ തമ്മിൽ കുറച്ചെങ്കിലും ബാപ്പ / മകൻ എന്ന നിലയിൽ നടന്ന സംഭാഷണങ്ങൾ. 

പുറത്തു നിന്ന് വരുന്നവരോട് ബാപ്പ വളരെയധികം സംസാരിച്ചു കണ്ടിട്ടുണ്ട്, പക്ഷെ  വീട്ടിൽ അച്ചന്മാരും മക്കളും അധികം സംസാരം നടക്കുന്ന ഒരു കാലഘട്ടം ആയിരുന്നില്ല ഞാൻ വളർന്നു വന്ന കാലഘട്ടം.   അമേരിക്കയിൽ നിന്ന് നാട്ടിൽ വരുന്ന ദിവസം ഫ്രിഡ്ജ് നിറയെ എനിക്ക് ഇഷ്ടപെട്ട ഞണ്ടും മീനുകളും നിറയ്‌ക്കുന്നത് വഴിയൊക്കെയാണ് ബാപ്പ നിശബ്ദമായി ഞങ്ങളോടുള്ള സ്നേഹം പ്രകടിപ്പിച്ചിരുന്നത്. 

ഇപ്പോൾ എന്റെ മകൻ യൂണിവേഴ്സിറ്റിയിൽ നിന്ന് വീട്ടിൽ വരുമ്പോൾ ഞാനും അവനു ഇഷ്ടപെട്ട ഭക്ഷണം വാങ്ങാൻ പോകുമ്പോൾ ഓർക്കുന്നത് ബാപ്പയെ ആണ്. അമ്പത് വയസ് കഴിഞ്ഞ ആണുങ്ങൾ കണ്ണാടി നോക്കുമ്പോൾ തങ്ങളുടെ പിതാക്കന്മാരെയാണ് കാണുന്നത് എന്ന് തോന്നുന്നു. 
ഇത്രയും സ്നേഹവും കരുതലുമുള്ള ബാപ്പ വേറെ രണ്ടു കല്യാണം കഴിച്ചു എന്നതാണ് എനിക്ക് ഒരിക്കലും മനസിലാകാതിരുന്ന ഒരു കാര്യം. ആ ഒരു കാര്യത്തിന് വേണ്ടി മാത്രമാണ് ഞാൻ ബാപ്പയോട് വഴക്കിട്ടിട്ടുള്ളതും ബാപ്പ എന്നെ അടിച്ചിട്ടുള്ളതും. വർഷങ്ങൾക്ക് ഇപ്പുറം പൊളിഗമി  എന്നത് ഒരു  മനുഷ്യന്റെ ജനിതകത്തിന്റെ ഭാഗം  ആണെന്ന തിരിച്ചറിവിൽ മാത്രമാണ് നിലവിലുള്ള വ്യവസ്ഥയുടെ കൂടി ഒരു ഇരയാണ് ബാപ്പയെന്നു എനിക്ക് മനസിലാകുന്നത്. ടൂർണമെന്റ് സ്പീഷീസിനെ കുറിച്ചും, വാസോപ്രെസ്സിൻ  ഹോർമോൺ റിസെപ്റ്ററിൽ ഉണ്ടാകുന്ന മ്യൂട്ടേഷൻ എങ്ങിനെയാണ് ഒരു മനുഷ്യനെ ഉത്തമ കുടുംബസ്ഥനോ മറിച്ചോ  ആക്കുന്നതെന്നും  റോബർട്ട് സാപ്പോൽസ്കിയുടെ ലെക്ചർ കണ്ടതിനു ശേഷം മാത്രമാണ് ബാപ്പയെ അക്കാര്യത്തിൽ എനിക്ക് മനസിലാക്കാൻ സാധിച്ചത്. ഇതിനെ പറ്റി ദീർഘമായി വേറെ ഒരിക്കൽ എഴുതാം.

ഇന്ന് ബാപ്പയുടെ മൂന്നാം ചരമവാർഷികമാണ്. ആ തോളിൽ ചവിട്ടി നിന്നാണ് ഞാൻ ബാപ്പ പറഞ്ഞു കേട്ട ലോകങ്ങൾ  കാണുന്നത്.  
ഈ ഓർമ്മകൾ എല്ലാ കൂലിപ്പണിക്കാർക്കും  അവരുടെ സ്വപ്‌നങ്ങൾ കാണുന്ന മക്കൾക്കും വേണ്ടി സമർപിക്കുന്നു.

facebook note in which son remember father who worked as labourer

Also Read:- അമ്മമാരെ പരിഗണിക്കേണ്ടത് ഇങ്ങനെ; അധ്യാപികയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

Latest Videos
Follow Us:
Download App:
  • android
  • ios